Conflict | പശ്ചിമേഷ്യ പുകയുന്നു; ഇസ്രാഈലിലേക്ക് 50 ഓളം മിസൈലുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല; ലെബനൻ വിടാൻ പൗരന്മാർക്ക് നിർദേശവുമായി അമേരിക്കയും യുകെയും
ടെൽ അവീവ്: (KVARTHA) ഇസ്റാഈൽ - ഹിസ്ബുല്ല സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യ പുകയുന്നു. ഞായറാഴ്ച രാവിലെ ഹിസ്ബുല്ല തെക്കൻ ലെബനനിൽ നിന്ന് ഇസ്രാഈലിലേക്ക് 50 ഓളം മിസൈലുകൾ തൊടുത്തുവിട്ടു. ലെബനനിലെ കെഫാർ കേലയിലും ദേർ സിരിയാനിലും ഇസ്രാഈൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് വടക്കൻ ഇസ്രാഈലിലെ ബെയ്റ്റ് ഹില്ലിൽ മിസൈൽ ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞു.
അതേസമയം ഹിസ്ബുല്ല തൊടുത്തുവിട്ട മിക്ക മിസൈലുകളും തങ്ങളുടെ പ്രശസ്തമായ അയൺ ഡോം തടഞ്ഞതായി ഇസ്രാഈൽ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർ ഫുആദ് ശുക്ർ കൊല്ലപ്പെട്ടിരുന്നു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നിലും ഇസ്‌റാഈൽ ആണെന്നാണ് ഇറാനും ഹമാസും പറയുന്നത്. എന്നാൽ ഇസ്രാഈൽ ഉത്തരവാദിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഹനിയയുടെ കൊലപാതകത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ ഇസ്രാഈലിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതിനിടെ ഇസ്രഈൽ-ഹിസ്ബുല്ല സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാരോട് ലെബനൻ വിടാൻ യുഎസും യുകെയും നിർദേശിച്ചു. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനൻ വിടാനാണ് നിർദേശിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
#Israel #Hezbollah #MiddleEast #Conflict #IronDome #Lebanon