ടെക്സാസിലെ എല്‍ പസോയില്‍ നടന്ന വെടിവയ്പില്‍ മലയാളിയായ വിമുക്ത സൈനികന്‍ കൊല്ലപ്പെട്ടു

 


ടെക്‌സസ്: (www.kvartha.com 31.12.2021) ടെക്സാസിലെ എല്‍ പസോയില്‍ നടന്ന വെടിവയ്പില്‍ മലയാളിയായ വിമുക്ത സൈനികന്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പാലാ സ്വദേശി ഇമ്മാനുവേല്‍ വിന്‍സെന്റ് പകലോമറ്റമാണു (ജെയ്‌സണ്‍) വെടിയേറ്റു മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ജോണ്‍ കണ്ണിന്‍ഗാമിലെ പാര്‍കിങ് ഏരിയയില്‍ ഇമ്മാനുവേല്‍ വിന്‍സെന്റിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം തുടരുന്നതിനാല്‍ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും എല്‍ പാസൊ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. യൂനിവേഴ്‌സിറ്റി ഓഫ് കണക്ടികട്ടില്‍ നിന്നു യുഎസ് എയര്‍ഫോര്‍സിന്റെ ആര്‍ഓടിസി പ്രോഗ്രാമിലേക്ക് ഇമ്മാനുവേല്‍ തിരഞ്ഞെടുക്കപ്പെടുകയും വിദ്യാഭ്യാസത്തിനു ശേഷം മിലിറ്ററിയില്‍ ജോലിക്കു പ്രവേശിക്കുകയുമായിരുന്നു. 2012ല്‍ യുഎസ് മിലിറ്ററിയിലെ കാപ്റ്റന്‍ പദവിയിലിരുന്നാണ് അദ്ദേഹം വിരമിച്ചത്.

യുഎസ് മിലിറ്ററിക്ക് ഒപ്പം രണ്ടു തവണ ഇറാഖിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലാ സ്വദേശി മാണി പകോലോമറ്റത്തിന്റെയും എലിസബത്ത് പകലോമറ്റത്തിന്റെയും മൂന്നാമത്തെ മകനായി ന്യൂയോര്‍കിലായിരുന്നു ഇമ്മാനുവേലിന്റെ ജനനം. അവിവാഹിതനാണ്. ജോ, ജെയിംസ്, ജെഫ്റി എന്നിവരാണു സഹോദരങ്ങള്‍.

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി ഏഴിന് ഹാര്‍ടഫോര്‍ഡിലെ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. കുര്‍ബാനയ്ക്ക് ശേഷം സൈനിക ആദരവുകളോടെ മിഡില്‍ടൗണിലെ ദി സ്റ്റേറ്റ് വെറ്ററന്‍സ് സിമെട്രിയില്‍ സംസ്‌കാരം നടക്കും.

ടെക്സാസിലെ എല്‍ പസോയില്‍ നടന്ന വെടിവയ്പില്‍ മലയാളിയായ വിമുക്ത സൈനികന്‍ കൊല്ലപ്പെട്ടു


Keywords: Indian American shot dead in Texas, America, Military, Gun attack, Hospital, Treatment, Injured, Malayalee, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia