തങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ അതിര്‍ത്തിയിലേക്ക് കാല്‍നടയായി പോകും; എംബസി ഇതുവരെ യാതൊന്നും ചെയ്തില്ല, തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും; മുന്നറിയിപ്പുമായി ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍
Mar 5, 2022, 19:16 IST
കെയ് വ്: (www.kvartha.com 05.03.2022) റഷ്യ യുക്രൈന് യുദ്ധം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും തങ്ങളെ രക്ഷപ്പെടുത്താത്തതില്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍. തങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ അതിര്‍ത്തിയിലേക്ക് കാല്‍നടയായി പോകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എംബസി ഇതുവരെ യാതൊന്നും ചെയ്തില്ലെന്നും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഇന്‍ഡ്യന്‍ എംബസിക്കാണെന്നും വീഡിയോ സന്ദേശത്തില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.
മാത്രമല്ല, സുമിയില്‍ നിന്നും തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നും കാത്തിരുന്ന് മടുത്തെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. സുമിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. പക്ഷെ അങ്ങോട്ട് പോകാനായി യുക്രൈന്റെ അനുമതിയോ എംബസിയുടെ പിന്തുണയോ ലഭിക്കുന്നില്ല. ഇതേതുടര്‍ന്നാണ് അങ്ങോട്ട് നടന്ന് പോകാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ സ്വയം നിര്‍മിച്ച ഇന്‍ഡ്യന്‍ പതാകയും ഉയര്‍ത്തിയാണ് റഷ്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്നത്. ഇത് സഹായം അഭ്യര്‍ഥിച്ചുള്ള തങ്ങളുടെ അവസാന സന്ദേശമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
അതേസമയം വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. സുമിയിലെ വിദ്യാര്‍ഥികളോട് ബങ്കറുകളില്‍ തന്നെ കഴിയാനാണ് വിദേശകാര്യ മന്ത്രാലയം നല്കുന്ന നിര്‍ദേശം.
അപകടകരമായ നടപടികള്‍ക്ക് മുതിരരുതെന്ന് വിദ്യാര്‍ഥികളോട് വിദേശകാര്യ വക്താവ് പറഞ്ഞു. സുമിയിലെ കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും സുരക്ഷിത പാതയൊരുക്കാന്‍ റഷ്യയുമായും യുക്രൈനുമായും ചര്‍ച തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ രണ്ട് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് പോലെ സുമിയിലും ഹര്‍കിവിലും വെടിനിര്‍ത്തലിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. വിദ്യാര്‍ഥികളെ യുക്രൈന് പുറത്തെത്തിക്കാനായി റെഡ്ക്രോസിന്റെ കൂടി സഹായം തേടിയിട്ടുണ്ടെന്നും സര്‍കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് യുക്രൈന് നഗരമായ മരിയുപോളില്‍ റഷ്യയുടെ രൂക്ഷമായ ഷെല്ലാക്രമണം നടന്നു. ഇതേതുടര്‍ന്ന് ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തടസപ്പെട്ടതായി യുക്രൈന് അധികൃതര്‍ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരു ഇടനാഴി നിലവില്‍ ഇല്ലെന്നാണ് അവിടെനിന്നും വരുന്ന റിപോര്‍ടുകള്‍. തുടര്‍ചയായ ബോംബാക്രമണത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
അതേസമയം മരിയുപോളിലെ വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് റഷ്യ ഇതുവരെ പ്രതികരണത്തിന് തയാറായിട്ടില്ല. എന്നാല്‍ മരിയുപോളിലും വോള്‍നോവഹയിലും യുക്രൈന് അധികൃതര്‍ ആളുകളെ ഒഴിഞ്ഞുപോകാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നു എന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം.
ഖര്‍കോവില്‍ വിദേശ വിദ്യാര്‍ഥികളെയും യുക്രൈന് സൈന്യം മനുഷ്യകവചമായി നിര്‍ത്തിയിരിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു. ഇവിടെ 1500 ഓളം ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളടക്കം 1755 വിദേശികളെ യുക്രൈന് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. സുമിയില്‍ നിന്ന് 20 പാകിസ്താനി വിദ്യാര്‍ഥികള്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ യുക്രൈന് സൈന്യം അവരെ മര്‍ദിച്ചതായും റഷ്യ ആരോപിച്ചു.
ബെലാറൂസില്‍ മാര്ച് മൂന്നിന് നടന്ന റഷ്യ-യുക്രൈന് ചര്‍ചയുടെ ഭാഗമായിട്ടാണ് രണ്ട് യുക്രൈന് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. റഷ്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിനിര്‍ത്തല്‍ ആരംഭിച്ചത്. പ്രത്യേക ഇടനാഴി ഒരുക്കി സാധാരണക്കാരെ ഈ നഗരങ്ങളില്‍ നിന്ന് പുറത്ത് കടത്തിവിടുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായത്. അതാണ് ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്.
Keywords: Indian students stuck in Sumy request evacuation, Ukraine, News, Gun Battle, Russia, Students, Warning, Embassy, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.