Attack | 'ഉമ്മ എവിടെ, മുത്തശ്ശി എവിടെ, എല്ലാവരും എവിടെയാണ്?'; 4 വയസുകാരൻ ഉമർ ആവർത്തിച്ച് ചോദിക്കുന്നു
Dec 12, 2023, 17:10 IST
ഗസ്സ: (KVARTHA) 'ഉമ്മ എവിടെ? മുത്തശ്ശി എവിടെ? എല്ലാവരും എവിടെയാണ്?', ബോംബാക്രമണത്തിൽ ശരീരത്തിൽ ഗുരുതരമായ മുറിവുകളുള്ള നാല് വയസുകാരൻ ഉമർ ഗസ്സയിലെ ആശുപത്രിയിൽ ഈ ചോദ്യം ചോദിക്കുമ്പോൾ സമീപത്തുള്ളവർക്ക് നിശബ്ദത മാത്രം. 'അവൻ തന്റെ കുടുംബത്തെ കുറിച്ച് എന്നോട് ചോദിക്കുമ്പോൾ ഉത്തരം നൽകാൻ കഴിയുന്നില്ല. പകരം, ഞാൻ ദീർഘ ശ്വാസം എടുത്ത് വിഷയം മാറ്റി ചോദ്യം ഒഴിവാക്കാൻ ശ്രമിക്കുന്നു', ഉമറിന്റെ ജീവിച്ചിരിക്കുന്ന ഏക ബന്ധുവായ മുഈൻ അബു റസാഖ് പറയുന്നു.
ഗസ്സയിലെ അൽ അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമറിന്റെ നില അതീവ ഗുരുതരമാണ്. ഉമറിന്റെ ഇടതുകൈ ഡോക്ടർമാർക്ക് മുറിച്ചുമാറ്റേണ്ടി വന്നു. വലതുകാലിലും മുഖത്തും നെഞ്ചിലും മുറിവുകളുണ്ട്. താടിയെല്ലിന് പരുക്കേറ്റിട്ടുണ്ട്, ചെറിയ ശരീരത്തിൽ നിരവധി ബാൻഡേജുകൾ കാണാം. ഉമറിന്റെ കുടുംബത്തിലെ 35 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഇസ്രാഈൽ ആക്രമണമാണ് ഉമറിനെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇസ്രാഈൽ ക്രൂരതയിൽ മാതാവും പിതാവും മുത്തശ്ശിയും അടക്കം കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം ഉമറും കുടുംബവും ദേർ അൽ-ബലാഹിന് വടക്കുള്ള നുസ്രത്ത് ക്യാമ്പിലുള്ള മുത്തശ്ശിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇസ്രാഈൽ ആക്രമണം നടത്തുകയും ഒരുകുടുംബം ഒന്നടങ്കം കൊല്ലപ്പെടുകയുമായിരുന്നു. മിസൈൽ വീണ് പ്രദേശം മുഴുവൻ തരിപ്പണമായി. ഭാഗ്യത്തിന് ഉമർ താഴേക്ക് തെറിച്ചുവീണു. എന്നാൽ ഇടതുകൈയ്ക്ക് സാരമായി പരിക്കേറ്റതിനാൽ ഉടൻ തന്നെ അത് മുറിച്ചു മാറ്റേണ്ടി വന്നു. ഉമറിന്റെ നില അതീവഗുരുതരമായിട്ടും കിടക്കാൻ പോലും ആശുപത്രിയിൽ സൗകര്യം ഉണ്ടായിരുന്നില്ല. ഇതുകാരണം ഡോക്ടർമാരും നഴ്സുമാരും ആശുപത്രിയുടെ ഇടനാഴിയിൽ തന്നെ ഉമറിനെ ചികിത്സിച്ചു.
പക്ഷേ, ഉറ്റവർ ഈ ലോകത്തില്ലെന്ന സത്യം ഉമറിനറിയില്ല. കുട്ടിയുടെ നില വഷളാകാതിരിക്കാൻ ഇക്കാര്യം ബന്ധുവായ മുഈൻ, ഉമറിനോട് പറഞ്ഞിട്ടില്ല. നിലവിൽ കുട്ടിയെ റഫാ അതിർത്തി വഴി ഈജിപ്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. യുഎഇ സർക്കാരും റെഡ് ക്രസന്റ് സൊസൈറ്റിയും ചേർന്നാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. 'ഉമർ ഞെട്ടിപ്പോകാത്ത വിധത്തിൽ ഉമ്മയടക്കമുള്ളവരുടെ മരണത്തെക്കുറിച്ച് പറയേണ്ടിവരും. അല്ലെങ്കിൽ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അവൻ എത്തിയേക്കാം', മുഈനിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
ഉമറിന് മികച്ച ചികിത്സ ലഭിക്കുമെന്ന് മുഈൻ പ്രതീക്ഷിക്കുന്നു, എന്നാൽ ആംബുലൻസിൽ ഈജിപ്ഷ്യൻ അതിർത്തിയിലേക്ക് കൊണ്ടുപോകാനാകുമോയെന്ന് ഉറപ്പില്ല. സെൻട്രൽ ഗസ്സയിൽ ബോംബാക്രമണം നടക്കുന്നതിനാലാണിത്. ഇസ്രാഈൽ സൈന്യം ഗസ്സയെ രണ്ടായി വിഭജിച്ചിട്ടുണ്ട്. സൈനിക ടാങ്കുകൾ ഇപ്പോൾ തെക്കൻ നഗരമായ ഖാൻ യൂനുസിലേക്ക് നീങ്ങുകയാണ്. ദേർ അൽ-ബലാഹിലെ പ്രധാന ഹൈവേ യുദ്ധക്കളമായി മാറി.
ഇക്കാരണത്താൽ, ഇവിടെ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് പുറത്തുകടക്കാൻ കഴിയാത്ത അവസ്ഥയാണ്. വടക്കൻ ഗസ്സയിൽ താമസിക്കുന്ന നിരവധി ഫലസ്തീനികൾ മധ്യമേഖലയിൽ അഭയം തേടിയിട്ടുണ്ട്. വ്യാഴാഴ്ചയോടെ ഉമറിനെ പ്രത്യേകമായി റഫ അതിർത്തിയിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും അവിടെ നിന്ന് ചികിത്സയ്ക്കായി ഈജിപ്ഷ്യൻ ആശുപത്രിയിൽ പോകാമെന്നും മുഈൻ പ്രതീക്ഷിക്കുന്നു.
Keywards: News, Kerala News, World News, Palestine, Hamas, Israel, Gaza, Bomb blast, Nusrath Camp, Israel Gaza: 'Where is mum? Where is grandma? Where did they go?'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.