Massacre | കനത്ത ബോംബാക്രമണങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കിടക്കുന്ന ആയിരങ്ങള്‍ക്ക് നേരെ വീണ്ടും ക്രൂരത; ഗസയില്‍ ആശുപത്രിക്കുനേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; നിറയെ മൃതദേഹങ്ങള്‍ കുമിഞ്ഞുകിടക്കുകയാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ്; അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, 100 മില്യണ്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി

 


ഗസ സിറ്റി: (KVARTHA) ഇസ്രാഈല്‍ - ഹമാസ് യുദ്ധത്തില്‍ ദിവസങ്ങളായി തുടരുന്ന കനത്ത ബോംബാക്രമണങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കിടക്കുന്ന ആയിരങ്ങള്‍ക്ക് നേരെ വീണ്ടും ക്രൂരത. ഗസയില്‍ ആശുപത്രിക്കുനേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് മരണം. കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നതായി ഗസ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 

മധ്യ ഗസയിലെ അല്‍അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്കുനേരെയാണ് ചൊവ്വാഴ്ച അര്‍ധരാത്രി അപ്രതീക്ഷിത ആക്രമണമുണ്ടായത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ആശുപത്രി നിറയെ മൃതദേഹങ്ങള്‍ കുമിഞ്ഞുകിടക്കുകയാണെന്ന് ഗസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ് മൂദ് ബസാല്‍ പറഞ്ഞു.

500ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തകര്‍ന്നുതരിപ്പണമായ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് തീയും പുകയും ഉയരുകയാണെന്ന് റിപോര്‍ടുകള്‍ പറയുന്നു. ആക്രമണത്തില്‍ നാല് ഹിസ്ബുല്ല പോരാളികളും കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കിടെ രാജ്യത്തെ ഏറ്റവും വലിയ ആള്‍നാശമാണിത്.

വീട് വിട്ട ആയിരങ്ങള്‍ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. ചുരുങ്ങിയത് 4000 അഭയാര്‍ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നാണ് ഇവിടെനിന്നും രക്ഷപ്പെട്ട ഡോക്ടര്‍ ബിബിസിയോട് പ്രതികരിച്ചത്. ആശുപത്രി ഏതാണ്ട് പൂര്‍ണമായി തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് അറിയിച്ചിരുന്നു.

അതിനിടെ, ഗസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. ആക്രമണത്തെ സഊദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോര്‍ദാനും പ്രതികരിച്ചു. ഗസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക നടപടി നിര്‍ത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. 100 മില്യണ്‍ അടിയന്തര സഹായം നല്‍കുമെന്നും ജിസിസി രാജ്യങ്ങള്‍ അറിയിച്ചു.

അതേസമയം, 11 ദിവസം കഴിഞ്ഞ ഗസ ആക്രമണത്തില്‍ മരണം 3500 കവിഞ്ഞു. ഇതില്‍ മൂന്നിലൊന്നും കുട്ടികളാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ 1200 പേര്‍ പേര്‍ അകപ്പെട്ടുകിടക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ആശുപത്രി ആക്രണത്തിന് തിരിച്ചടിയായി, ലബനാനില്‍നിന്ന് വടക്കന്‍ ഇസ്രാഈല്‍ ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ മേഖലയിലെ സിവിലിയന്മാരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രാഈല്‍ സൈന്യം നിര്‍ദേശിച്ചു. അതിര്‍ത്തിയിലെ പ്രകോപനം ഇസ്രാഈല്‍ അവസാനിപ്പിക്കണമെന്ന് ലബനാന്‍ ആവശ്യപ്പെട്ടു.

നേരത്തെ, 4000 പേര്‍ അഭയംതേടിയ യുഎന്‍ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. യുഎന്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍വരെ സുരക്ഷിതമല്ലാതായി മാറിയതായി യുഎന്‍ അഭയാര്‍ഥി സമിതി കമീഷണര്‍ ജനറല്‍ ഫിലിപ് ലസാറിനി പറഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രാഈലിലെത്തും. കരവഴി ഗസയെ ആക്രമിക്കാനുള്ള ഇസ്രാഈലിന്റെ പദ്ധതികള്‍ മനസ്സിലാക്കാനാണ് സന്ദര്‍ശനമെന്നാണ് സൂചന. ഹമാസില്‍നിന്ന് ഇസ്രാഈലിനെ പ്രതിരോധിക്കല്‍ യുഎസിന്റെ അവകാശവും ചുമതലയുമാണെന്ന് ബൈഡന്‍ പറഞ്ഞു.

ഇസ്രാഈല്‍ ഗസയിലേക്ക് കടന്നുകയറുംമുമ്പുതന്നെ അവരെ ആക്രമിക്കാന്‍ തങ്ങളെ അനുകൂലിക്കുന്ന ഗ്രൂപുകള്‍ക്ക് കഴിയുമെന്ന് ഇറാന്‍ അറിയിച്ചു.

വൈദ്യുതി ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ലാത്തത് കാരണം മിക്ക ആശുപത്രികളും അപകടാവസ്ഥയില്‍. യുഎന്‍ നടത്തുന്ന ഭക്ഷ്യവിതരണകേന്ദ്രങ്ങള്‍ പൂട്ടിയതിനാല്‍ അഞ്ചു ലക്ഷം ജനങ്ങള്‍ക്ക് റേഷന്‍ ഇല്ല.

Massacre | കനത്ത ബോംബാക്രമണങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കിടക്കുന്ന ആയിരങ്ങള്‍ക്ക് നേരെ വീണ്ടും ക്രൂരത; ഗസയില്‍ ആശുപത്രിക്കുനേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; നിറയെ മൃതദേഹങ്ങള്‍ കുമിഞ്ഞുകിടക്കുകയാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ്; അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, 100 മില്യണ്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി



Keywords: News, World, World-News, War, Killed, Israeli Strikes, Southern Gaza, Refuge Areas, Palestinians, Civilians, Shelter, Hospital, Israel-Hamas war: Israel kills 500 in Gaza hospital ‘massacre’.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia