Lakshadweep | ഇന്ത്യ-മാലദ്വീപ് തർക്കത്തിൽ ആർക്ക് പണി കിട്ടും? ലക്ഷദ്വീപിൽ ഇസ്രാഈൽ സാങ്കേതികവിദ്യയിൽ വൻ പദ്ധതിയിയൊരുങ്ങുന്നു! വിശദമായി അറിയാം

 


ന്യൂഡെൽഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രി നടത്തിയ പ്രസ്താവനയെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം പങ്കുവെച്ച ചിത്രങ്ങളെ കുറിച്ച് മാലിദ്വീപ് മന്ത്രി മറിയം ഷിയൂന ആക്ഷേപകരമായ പരാമർശം നടത്തിയിരുന്നു. അതിൽ മോദിയെ ഇസ്രാഈലിന്റെ പാവയെന്നും കുറിച്ചിരുന്നു. മാലിദ്വീപിന് നിലവിൽ ഇസ്രാഈലുമായി നയതന്ത്ര ബന്ധമില്ല.

Lakshadweep | ഇന്ത്യ-മാലദ്വീപ് തർക്കത്തിൽ ആർക്ക് പണി കിട്ടും? ലക്ഷദ്വീപിൽ ഇസ്രാഈൽ സാങ്കേതികവിദ്യയിൽ വൻ പദ്ധതിയിയൊരുങ്ങുന്നു! വിശദമായി അറിയാം

മാലിദ്വീപിന്റെ സ്വാതന്ത്ര്യത്തിനുശേഷം, 1965 മുതൽ 1974 വരെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം നിലനിന്നിരുന്നുവെങ്കിലും 1974 ൽ അവ താൽക്കാലികമായി നിർത്തിവച്ചു. ഇന്നും ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം പൂർണമായി സ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും വിനോദസഞ്ചാരത്തിന് വലിയ തോതിൽ ഇസ്രാഈൽ പൗരന്മാർ മാലദ്വീപ് സന്ദർശിക്കുന്നുണ്ട്. ഇസ്രാഈലിന്റെ ഫലസ്തീൻ ആക്രമണത്തിന് ശേഷം ഫലസ്തീനികളെ പിന്തുണച്ച് മാലിദ്വീപിലും പ്രകടനങ്ങൾ നടന്നിരുന്നു.

ലക്ഷദ്വീപിനെ പിന്തുണച്ച് ഇസ്രാഈൽ

ഔദ്യോഗിക എക്സ്‍ അക്കൗണ്ടിൽ ലക്ഷദ്വീപിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച ഇസ്രാഈൽ എംബസി, ലക്ഷദ്വീപിന്‍റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യ-മാലദ്വീപ് തർക്കത്തിലേക്ക് കടന്നുവന്നു. ഇസ്രാഈൽ സഹകരണത്തോടെ ലക്ഷദ്വീപിൽ നടപ്പാക്കുന്ന സമുദ്ര ജലശുദ്ധീകരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം സന്ദർശിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് പങ്കുവെച്ചതെന്ന് കുറിപ്പിൽ പറയുന്നു. ഈ പദ്ധതി ഉടൻ ആരംഭിക്കാൻ ഇസ്രാഈൽ തയ്യാറാണെന്നും അവർ വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയെ കുറിച്ച് മാലിദ്വീപ് മന്ത്രിയുടെ അഭിപ്രായത്തിന് ശേഷം ലക്ഷദ്വീപിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങി. മാലിദ്വീപിന് പകരം ലക്ഷദ്വീപ് സന്ദർശിക്കണമെന്ന ആഹ്വാനം സോഷ്യൽ മീഡിയയിലുണ്ടായി. ഇന്ത്യയുമായുള്ള തർക്കം കാരണം ടൂറിസം വ്യവസായത്തിന് വില നൽകേണ്ടിവരുമെന്ന് മാലിദ്വീപിലും ആളുകൾ ഭയപ്പെടുന്നു. എന്നിരുന്നാലും ലക്ഷദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. എളുപ്പമുള്ള യാത്രയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമാണ് ഇതിന് ഏറ്റവും വലിയ കാരണം.

ഇതിനിടെ ലക്ഷദ്വീപിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നീങ്ങുന്നതായി പറയുന്നുണ്ട്. ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്രാഈൽ എംബസിയുടെ ട്വീറ്റിന് ശേഷം ലക്ഷദ്വീപിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചു.

എന്താണ് ഇസ്രാഈലിന്റെ സമുദ്ര ജലശുദ്ധീകരണ പദ്ധതി?

ഈ പദ്ധതി ഉപ്പുവെള്ളത്തിൽ നിന്ന് ഉപ്പും ധാതുക്കളും നീക്കം ചെയ്യുന്ന പ്രക്രിയയാണ്. ഇതിലൂടെ സമുദ്ര വെള്ളം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവും. ലോകമെമ്പാടും ശുദ്ധജലത്തിന് ക്ഷാമം നേരിടുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല. 35,000 പാർട്ട്‌സ് പെർ മില്യൺ (ppm) ഉപ്പിന്റെ സാന്ദ്രത ഉള്ളതിനാൽ കടൽ വെള്ളം നേരിട്ട് ഉപയോഗിക്കാൻ കഴിയില്ല. ജലശുദ്ധീകരണ പ്രക്രിയയിലൂടെ ഇത് 10 പാർട്ട്‌സ് പെർ മില്യൺ ആയി കുറയ്ക്കുകയും ഈ വെള്ളം കുടിക്കാൻ സുരക്ഷിതമാണെന്ന് കണക്കാക്കുകയും ചെയ്യുന്നു.

വിവരങ്ങൾ അനുസരിച്ച് ലോകമെമ്പാടുമുള്ള കുടിവെള്ളത്തിന്റെ ഒരു ശതമാനം മാത്രമേ ജലശുദ്ധീകരണ പ്രക്രിയയിലൂടെ ലഭിക്കുന്നുള്ളൂ. ശുദ്ധജല പ്രശ്‌നം സാധാരണമായിരിക്കുന്ന ചെറുദ്വീപുകളുടെ കൂട്ടമാണ് ലക്ഷദ്വീപ്. ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതികവിദ്യയിൽ ഇസ്രാഈ വിദഗ്ധരാണ്. അഞ്ച് പതിറ്റാണ്ടുകളായി ഇസ്രാഈൽ ജലശുദ്ധീകരണ പ്രക്രിയ ഉപയോഗിക്കുന്നു. 2019 വരെ ഇസ്രാഈൽ തങ്ങളുടെ ജലത്തിന്റെ 70 ശതമാനവും ഈ പ്രക്രിയയിലൂടെ നിറവേറ്റി. ഇതുകൂടാതെ, രാജ്യത്തിന്റെ കുടിവെള്ളത്തിന്റെ 25 ശതമാനവും ഈ പ്രക്രിയയിൽ നിന്നാണ്.

ഇന്ത്യയിൽ അത്ര പഴയതല്ല

സമുദ്ര ജലശുദ്ധീകരണ പദ്ധതി ഇന്ത്യയിൽ അത്ര പഴയതല്ല. 2010-ൽ ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റ് തമിഴ്നാട്ടിലെ മിഞ്ചുറിനിൽ സ്ഥാപിച്ചു. ഇന്ന്, ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ (തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്) നാല് വലിയ സമുദ്ര ജലശുദ്ധീകരണ പ്ലാന്റുകൾ നിലവിലുണ്ട്. അതേസമയം ഇത്തരത്തിലുള്ള പ്ലാന്റ് നിർമിക്കുമെന്ന് മഹാരാഷ്ട്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ വലിയ നഗരങ്ങളിൽ പ്രത്യേകിച്ച് കടൽത്തീരത്തിനടുത്തുള്ള നഗരങ്ങളിൽ ശുദ്ധജലം ലഭിക്കാത്തതിന്റെ പ്രശ്നം ഇപ്പോൾ നേരിടുന്നുണ്ട്. ചെന്നൈയിലെ അഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ശുദ്ധജലം നൽകുന്നതാണ് മിഞ്ചുറിനിൽ നിർമ്മിച്ച ആദ്യത്തെ സമുദ്ര ജലശുദ്ധീകരണ പ്ലാന്റ്. ഇസ്രാഈലിന്റെ സമുദ്ര ജലശുദ്ധീകരണ പദ്ധതി ലക്ഷദ്വീപിൽ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords:  News-Malayalam-News, National, National-News, World, Travel Tourism, International-Travel, New Delhi, Lakshadweep, Israel, Maldives, Israel to start desalination program in Lakshadweep.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia