Israel | 'നഷ്ടപ്പെട്ട ജീവനുകള്‍ക്ക് ഞങ്ങള്‍ പകരം വീട്ടും'; ഗാസയില്‍ കനത്ത വ്യോമാക്രമണത്തിന് ഇസ്രാഈല്‍ ഒരുങ്ങുന്നതായി റിപോര്‍ട്; ഫലസ്തീനികള്‍ വീടുകളില്‍നിന്ന് പലായനം ചെയ്യണമെന്ന് നിര്‍ദേശം

 


ജറൂസലം: (KVARTHA) ഇസ്രാഈല്‍ - ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ചോരക്കളമായി മാറിയിരിക്കുകയാണ് പശ്ചിമേഷ്യ. ഗാസയില്‍ കനത്ത വ്യോമാക്രമണത്തിന് ഇസ്രാഈല്‍ ഒരുങ്ങുന്നതായി റിപോര്‍ട്. ഹമാസിന്റെ മിന്നലാക്രമണത്തെ കറുത്ത ദിനം എന്ന് വിശേഷിപ്പിച്ച ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശക്തമായ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

'നഷ്ടപ്പെട്ട ജീവനുകള്‍ക്ക് ഞങ്ങള്‍ പകരം വീട്ടും. ഗാസയെ ഒരു വിജന ദ്വീപാക്കി മാറ്റും'- എന്നാണ് ഇസ്രാഈലിന്റെ ഭീഷണി. ഹമാസിനെതിരായ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നതിനായി ഇസ്രാഈല്‍ സൈന്യം ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് വീടുകളില്‍ നിന്ന് പലായനം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസ ഇസ്രാഈല്‍ പിടിച്ചെടുക്കുമെന്നും ഭീതിയുണ്ട്.

പതിറ്റാണ്ടുകളായി അനുഭവിച്ചു വരുന്ന അധിനിവേശത്തിന് തിരിച്ചടിയായാണ് ഹമാസ് കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രാഈലില്‍ 250 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രാഈലിന്റെ തിരിച്ചടിയില്‍ ഗാസയില്‍ 230 പേരുടെ ജീവന്‍ പൊലിഞ്ഞു. 1500ലേറെ ആളുകള്‍ക്ക് പരിക്കുണ്ട്.

50 വര്‍ഷം മുമ്പ് യോങ്കിപ്പൂര്‍ യുദ്ധത്തിനുശേഷം ഇസ്രാഈല്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും മസ്ജിദുല്‍ അഖ്‌സക്ക് നേരെയുള്ള കയ്യേറ്റ ശ്രമങ്ങള്‍ക്കും മറുപടിയായാണ് മിന്നലാക്രമണം നടത്തിയതെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.

തിരിച്ചടികളില്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ശത്രുക്കള്‍ മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഡീഫ് ഇതെ കുറിച്ച് വിശദീകരണം നല്‍കിയത്. ഗാസയില്‍ നിന്ന് തുടങ്ങിയ ആക്രമണം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലേക്കും ജറൂസലമിലേക്കും വ്യാപിപ്പിക്കുമെന്നും ഹമാസ് നേതാക്കള്‍ വ്യക്തമാക്കി. ഇസ്രാഈല്‍ വൈദ്യുതി വിഛേദിച്ചതിനാല്‍ ഗാസയിലെ 20 ലക്ഷം ആളുകള്‍ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.

അതിനിടെ, ഹമാസ് - ഇസ്രാഈല്‍ ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ ഇസ്രാഈലിലേക്കുള്ള എയര്‍ ഇന്‍ഡ്യ വിമാനം ഇന്‍ഡ്യ റദ്ദാക്കി. സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇന്‍ഡ്യയുടെ തീരുമാനം.

18,000 ഇന്‍ഡ്യന്‍ പൗരന്മാര്‍ ഇസ്രാഈലിലുണ്ടെന്നാണ് കണക്ക്. ടെല്‍ അവീവ്, ബെര്‍ഷെവ, റംല എന്നീ മേഖലകളിലാണ് ഇന്‍ഡ്യക്കാര്‍ ഏറെയുള്ളത്. ഇവര്‍ക്കു പുറമേ, ഇന്‍ഡ്യന്‍ വംശജരായ 85,000 ജൂതരും ഇസ്രാഈലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു.

മുതിര്‍ന്നവരെ ശുശ്രൂഷിക്കുന്ന 'കെയര്‍ഗിവര്‍' ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിര്‍മാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്‍ഡ്യക്കാരുടെ സാന്നിധ്യമുണ്ട്. കെയര്‍ഗിവര്‍മാരായി എത്തിയവരില്‍ നല്ലൊരു പങ്ക് മലയാളികളാണ്.

അവശ്യഘട്ടത്തില്‍ ഇന്‍ഡ്യക്കാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാം. ഫോണ്‍: +97235226748 ഇ മെയില്‍: cons1(dot)telaviv@mea(dot)gov(dot)in.

Israel | 'നഷ്ടപ്പെട്ട ജീവനുകള്‍ക്ക് ഞങ്ങള്‍ പകരം വീട്ടും'; ഗാസയില്‍ കനത്ത വ്യോമാക്രമണത്തിന് ഇസ്രാഈല്‍ ഒരുങ്ങുന്നതായി റിപോര്‍ട്; ഫലസ്തീനികള്‍ വീടുകളില്‍നിന്ന് പലായനം ചെയ്യണമെന്ന് നിര്‍ദേശം



Keywords: News, World, World-News, Israel News, Attack, Jerusalem News, Gaza, Warns, Residents, Flee Homes, Hamas, Palestinian, PM Benjamin Netanyahu, Israel warns Gaza residents to flee homes ahead of revenge attacks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia