അമേരിക്കന്‍ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിലേക്കും സെനറ്റിലേക്കും ഇന്ത്യന്‍ വംശജര്‍

 


വാഷിംഗ്ടണ്‍: (www.kvartha.com 09.11.2016) അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലേക്കും സെനറ്റിലേക്കും ഇന്ത്യന്‍ വംശജര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡെല്‍ഹി സ്വദേശി രാജാ കൃഷ്ണമൂര്‍ത്തി, ചെന്നൈ സ്വദേശികളായ പ്രമീള ജയ്പാല്‍, കമല ഹാരിസ് എന്നിവരാണ് കോണ്‍ഗ്രസിലേക്കും സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജര്‍.

ഇന്തോ - അമേരിക്കന്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായ രാജാ കൃഷ്ണമൂര്‍ത്തി ഇല്ലിനോയിസില്‍ നിന്നുമാണ് യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ എല്‍മഹേസ്റ്റ് മേയറുമായ പീറ്റര്‍ ഡിസിയാനിയെയാണ് കൃഷ്ണമൂര്‍ത്തി പരാജയപ്പെടുത്തിയത്.

ഡെല്‍ഹിയില്‍ ജനിച്ച 43കാരനായ കൃഷ്ണമൂര്‍ത്തി ചിക്കാഗോയെ പ്രതിനിധീകരിച്ചാണ് മത്‌സരിച്ചത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ചെന്നൈയില്‍ വേരുകള്‍ ഉള്ളവരാണ്. യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഹിന്ദു അമേരിക്കനാണ് കൃഷ്ണമൂര്‍ത്തി. എണ്‍പതു ശതമാനം വോട്ടുകളും എണ്ണി തീര്‍ന്നപ്പോള്‍ 81, 263 വോട്ടുകള്‍ കൃഷ്ണമൂര്‍ത്തി നേടിക്കഴിഞ്ഞു.

എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 54,149 വോട്ടുകളാണ് ലഭിച്ചത് . 1950ല്‍ ദലിപ് സിംഗ് സോന്ത് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയില്‍ ജനിച്ച രണ്ടാമത്തെ പ്രതിനിധി കൂടിയാണ് കൃഷ്ണമൂര്‍ത്തി. 2004ല്‍ യു.എസ് സെനെറ്റ് പ്രചാരണത്തില്‍ ബരാക്ക് ഒബാമയുടെ മുതിര്‍ന്ന ഉപദേഷ്ടാവായും 2007 - 2009 കാലഘട്ടത്തില്‍ ഇല്ലിനോയിസ് ഡെപ്യൂട്ടി ട്രഷററായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1973ല്‍ ഡെല്‍ഹിയിലാണ് കൃഷ്ണമൂര്‍ത്തിയുടെ ജനനം. അദ്ദേഹത്തിന് മൂന്നു മാസം മാത്രം പ്രായമുള്ളപ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 51 കാരിയായ പ്രമീള ജയ്പാല്‍ ചെന്നൈയില്‍ ജനിച്ചതാണെങ്കിലും മാതാപിതാക്കള്‍ മലയാളികളാണ്. വാഷിങ്ടനില്‍ നിന്നാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ പ്രമീള വിജയിച്ചത്. നിലവില്‍ വാഷിങ്ടന്‍ സ്‌റ്റേറ്റ് സെനറ്റ് അംഗമാണ്. പാലക്കാട് വേരുകളുള്ള പ്രമീള ജയപാല്‍ എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസില്‍ മനുഷ്യാവകാശം, തുല്യവേതനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി മുഖ്യധാരയിലെത്തി. കഴിഞ്ഞവര്‍ഷം വാഷിങ്ടനിന്റെ സെനറ്റിലേക്കു മത്സരിച്ചു ജയിച്ചിരുന്നു.

യുഎസ് തിരഞ്ഞെടുപ്പില്‍ ചരിത്രമെഴുതി യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജയായ വനിതയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കയാണ് 51കാരിയായ കമല ഹാരിസ് . നിലവില്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായ കമല കലിഫോര്‍ണിയയില്‍ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. 

ചെന്നൈയില്‍ നിന്ന് അറുപതുകളില്‍ യുഎസില്‍ കുടിയേറിയ സ്തനാര്‍ബുദ സ്‌പെഷലിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ അമേരിക്കന്‍ വംശജനും സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ധനതത്വശാസ്ത്ര പ്രൊഫസറുമായ ഡോണള്‍ഡ് ഹാരിസിന്റെയും മകളുമാണ് കമല. ലൊറേറ്റ സാഞ്ചസിനെയാണ് കമല തോല്‍പ്പിച്ചത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിലേക്കും സെനറ്റിലേക്കും ഇന്ത്യന്‍ വംശജര്‍


Also Read:
മജിസ്‌ട്രേറ്റിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും

Keywords:  Kamala Harris creates history, wins U.S. Senate seat , Washington, Congress, Chennai, Parents, Malayalees, New Delhi, Palakkad, University, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia