Tragedy | ദക്ഷിണ കൊറിയയിൽ വിമാനപകടത്തിന് തൊട്ടുമുമ്പുള്ള യാത്രക്കാരുടെ അവസാന സന്ദേശങ്ങൾ പുറത്ത്; നൊമ്പരമുണർത്തുന്ന വാക്കുകൾ
● അവസാന സന്ദേശങ്ങൾ ദുരന്തത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു.
● പ്രിയപ്പെട്ടവരുമായി പങ്കുവെച്ച വാക്കുകൾ ഹൃദയസ്പർശിയാണ്.
● പക്ഷിയിടിച്ചെന്ന് ചില സന്ദേശങ്ങൾ സൂചിപ്പിക്കുന്നു.
സോൾ: (KVARTHA) ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നായ ജെജു എയർ ഫ്ലൈറ്റ് 7സി 2216-ലെ യാത്രക്കാരുടെ അവസാന സന്ദേശങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടതോടെ ദുരന്തത്തിന്റെ ആഴം വെളിവാകുന്നു. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പും വിമാനത്തിനുള്ളിൽ നിന്നും അയച്ച ഈ സന്ദേശങ്ങൾ പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും പങ്കുവെക്കുന്ന ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലുകളാണ്.
ന്യൂസ് 1 പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 61 വയസുകാരനായ കിം എന്ന വ്യക്തി തന്റെ മകളുമായി നടത്തിയ അവസാന സംഭാഷണം ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്. മകളും ഭർത്താവും അന്ന് വിമാനത്തിലുണ്ടായിരുന്നു. യാത്ര പുറപ്പെടുന്നതിന് മുൻപ്, കുടുംബത്തിനായുള്ള കാക്കാവോടോക്ക് ഗ്രൂപ്പ് ചാറ്റ് റൂമിൽ മകൾ ശനിയാഴ്ച ഇങ്ങനെ കുറിച്ചിരുന്നു, 'കൊറിയൻ സമയം പുലർച്ചെ 3 മണിയോടെ ഞങ്ങൾ വിമാനം കയറും'.
എന്നാൽ വിമാനം വൈകിയതിനെ തുടർന്ന് അവൾ അയച്ച അവസാന സന്ദേശം, 'ഇപ്പോൾ സമയം 4:19', എന്നായിരുന്നു. മകളുടെ മറുപടിക്കായി കാത്തിരുന്ന കിം, 'എന്റെ രാജകുമാരി, എത്തിയോ?' എന്ന് മറുപടി അയച്ചെങ്കിലും അതൊരു വിങ്ങലായി അവശേഷിച്ചു. ആ അച്ഛന്റെ അവസാന സന്ദേശത്തിന് മറുപടി കിട്ടിയതേയില്ല.
ചോയ് എന്ന 64 കാരിയായ സ്ത്രീക്ക് ലഭിച്ച മകന്റെ സന്ദേശം മറ്റൊരു നൊമ്പരമുണർത്തുന്ന ഓർമ്മയാണ്. 'ഞങ്ങൾ ഇന്ന് രാത്രി മടങ്ങും. നിങ്ങൾ ഗ്യോങ്ജുവിൽ സുഖമായി എത്തിയോ?' എന്നായിരുന്നു മകന്റെ സന്ദേശം. മകനും ഭാര്യയും അവരുടെ ആറ് വയസ്സുള്ള മകനും അതേ വിമാനത്തിലുണ്ടായിരുന്നു. ആ അമ്മയുടെ സന്തോഷം കണ്ണീരായി മാറാൻ അധികം സമയമെടുത്തില്ല.
വിമാനം അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുന്‍പ്, രാവിലെ 9 മണിയോടെ ഒരു സ്ത്രീ തന്റെ അമ്മയ്ക്കയച്ച സന്ദേശം ദുരന്തത്തിന്റെ ഭീകരത വെളിവാക്കുന്നു. 'അമ്മേ, ഒരു പക്ഷി വിമാനത്തിൽ കുടുങ്ങി, ഞങ്ങൾക്ക് ലാൻഡ് ചെയ്യാൻ കഴിയില്ല. പെട്ടെന്ന് വിളിക്കണേ', എന്നായിരുന്നു സന്ദേശം. അമ്മയുടെ പ്രതികരണത്തിനായി കാത്തിരുന്ന ആ മകൾ പിന്നീട് ഇങ്ങനെ ഒരു സന്ദേശം കൂടി അയച്ചു, 'അമ്മ ഫോൺ എടുക്കാത്തതുകൊണ്ട് ഞാൻ ഒരു സന്ദേശം ഇടുകയാണ്. ഐ ലവ് യൂ അമ്മേ', ആ മകളുടെ അവസാന വാക്കുകൾ ഓരോരുത്തരുടെയും ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു.
മറ്റൊരു യാത്രക്കാരൻ തൻ്റെ കുടുംബാംഗത്തെ വിമാനം ലാൻഡ് ചെയ്യാൻ കഴിയാത്തതിൻ്റെ കാരണം അറിയിച്ച് സന്ദേശമയച്ചു. ഒരു പക്ഷിയുടെ ചിറകിൽ കുടുങ്ങിയതിനാലാണ് ലാൻഡിംഗ് സാധിക്കാത്തതെന്ന് അയാൾ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഏകദേശം 30 മിനിറ്റിനു ശേഷം കുടുംബാംഗം, 'പിന്നെന്തായി? എന്തുകൊണ്ട് ഫോൺ എടുക്കുന്നില്ല?', എന്ന് മറുപടി അയച്ചെങ്കിലും പിന്നീട് മൗനം മാത്രമായിരുന്നു.
ബാങ്കോക്കിൽ നിന്ന് ദക്ഷിണ ജിയോല്ല പ്രവിശ്യയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ജെജു എയർ വിമാനം ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ഇടിച്ചിറങ്ങുകയായിരുന്നു. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാതിരുന്നതിനുള്ള യഥാർത്ഥ കാരണം ഇനിയും സ്ഥിരീകരിക്കാത്ത ദുരൂഹമായി തുടരുന്നു. 175 യാത്രക്കാരും നാല് ജീവനക്കാരുമാണ് ദാരുണ അപകടത്തിൽ മരണമടഞ്ഞത്. രണ്ട് ഫ്ലൈറ്റ് അറ്റൻഡർമാർ അത്ഭുതകരമായി രക്ഷപെട്ടു.
#JejuAir #PlaneCrash #SouthKorea #AviationDisaster #Tragedy #LastMessages