Amazon | ആദിമജനത അവശേഷിപ്പിച്ച അടയാളങ്ങള്‍; ആമസോണില്‍ നിന്ന് 24 മനുഷ്യനിര്‍മിത ഘടനകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍

 


ബ്രസീലിയ: (KVARTHA) ആമസോണില്‍ നിന്ന് 24 മനുഷ്യനിര്‍മിത ഘടനകള്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഒരുകാലത്ത് ആമസോണില്‍ താമസിച്ചിരുന്ന ആദിമജനത അവശേഷിപ്പിച്ച അടയാളങ്ങളാണ് എര്‍ത് വര്‍ക്സ് എന്നറിയപ്പെടുന്ന ഈ ഘടനകള്‍.

500 മുതല്‍ ആയിരം വര്‍ഷങ്ങള്‍ മുന്‍പ് വരെ ആമസോണില്‍ താമസിച്ചിരുന്ന ജനസമൂഹങ്ങളാണ് എര്‍ത് വര്‍ക്സ് നിര്‍മിച്ചത്. കിണറുകള്‍, കുളങ്ങള്‍, പാതകള്‍, ഭൗമഘടനകള്‍ എന്നിങ്ങനെ പലതരത്തിലായാണ് ഈ എര്‍ത് വര്‍ക്സ്.

മതപരമായ ചടങ്ങുകള്‍, പ്രതിരോധ ആവശ്യം എന്നിവയ്ക്കായാണ് ഈ ഘടനകളില്‍ പലതും നിര്‍മിച്ചത്. ആമസോണിലേക്ക് യൂറോപില്‍ നിന്നുള്ള കൊളോണിയല്‍ സഞ്ചാരികള്‍ എത്തുന്നതിന് മുന്‍പുള്ള ജനസമൂഹങ്ങള്‍ എങ്ങനെയായിരുന്നെന്ന സൂചനകളാണ് ഇവ നല്‍കുന്നത്.

ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് അഥവാ ലിഡാര്‍ എന്ന സാങ്കേതിക വിദ്യയുപയോഗിച്ചാണ് എര്‍ത്വര്‍ക്‌സ് കണ്ടെത്തുന്നത്. ലേസര്‍ രശ്മികള്‍ തറയിലേക്ക് അടിച്ച് അവ തിരിച്ചെത്തുമ്പോള്‍ സ്വീകരിച്ച് ത്രിമാന ചിത്രങ്ങളെടുക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്.

ലിഡാര്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഇപ്പോള്‍ 24 ഘടനകള്‍ വെളിപ്പെട്ടത്. ഒരു ചെറിയ പട്ടണം, കോട്ടകളുള്ള ഗ്രാമങ്ങള്‍, വിവിധ ഭൗമഘടനകള്‍ തുടങ്ങിയവ ഈ നിരീക്ഷണത്തില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ അറിയിച്ചു.

വനനശീകരണം സംഭവിച്ച മേഖലകളില്‍ ഇത്തരം ഘടനകള്‍ ധാരാളമായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്നും നിബിഡവനം നില്‍ക്കുന്ന മേഖലകളില്‍ ഒട്ടേറെ എര്‍ത് വര്‍ക്സ് സ്ഥിതി ചെയ്യുന്നുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍ ആമസോണ്‍ കാടുകള്‍ വലിയ വിസ്തീര്‍ണമുള്ളവയാണ്. ഇവ മുഴുവന്‍ ലിഡാര്‍ ഉപയോഗിച്ച് നിരീക്ഷിക്കുക അസാധ്യമാണ്. അതിനാല്‍ തന്നെ പതിനായിരത്തിലധികം ഇത്തരം ഘടനകള്‍ കണ്ടെത്താനാകാതെ കാട്ടിനുള്ളില്‍ സ്ഥിതി ചെയ്യുന്നുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു.

ബ്രസീലുള്‍പെടെ പലരാജ്യങ്ങളിലായി പരന്നുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍, ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്നു. അത്യപൂര്‍വമായ ജൈവ- വന്യജീവി സമ്പത്തും മരങ്ങളും സസ്യങ്ങളുമൊക്കെ ഇവിടെയുണ്ട്.

Amazon | ആദിമജനത അവശേഷിപ്പിച്ച അടയാളങ്ങള്‍; ആമസോണില്‍ നിന്ന് 24 മനുഷ്യനിര്‍മിത ഘടനകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍



Keywords: News, World, World-News, Brazil News, Archaeology, Lidar, Detects, Earthworks, Amazon, Science Report, Rain Forest, Researchers, Lidar Detects Earthworks in the Amazon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia