അത് കുട്ടിക്കാലം മുതല്‍ മോഡെലിങ് രംഗത്ത് ശ്രദ്ധേയയായ മിറ സിങ് എന്ന 11 വയസുകാരി; യുഎഇയിലേക്ക് തിളക്കവുമായി എത്തിയ എക്‌സ്‌പോ വിസ്മയ രാവിലെ മനം കവര്‍ന്ന പെണ്‍കുട്ടി ഇന്‍ഡ്യന്‍ വംശജ
Oct 1, 2021, 19:04 IST
ദുബൈ: (www.kvartha.com 01.10.2021) യു എ ഇയിലേക്ക് ഇരട്ടിയിലേറെ തിളക്കവുമായാണ് എക്‌സ്‌പോ എത്തിയത്. വ്യാഴാഴ്ച രാത്രിയാണ് എക്‌സ്‌പോ ഉദ്ഘാടന ചടങ്ങ് നടന്നത്. ഈ ചടങ്ങില്‍ ഏവരുടെയും മനംകവര്‍ന്ന കൊച്ചുപെണ്‍കുട്ടി ഇന്‍ഡ്യന്‍ വംശജയായ മിറ സിങ് എന്ന 11 വയസുകാരിയാണ്. മേളയുടെ തുടക്കം മുതല്‍ വേദിയില്‍ നിറഞ്ഞു നിന്ന് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരം.
ദുബൈ ജെ എസ് എസ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മിറ ഉത്തരാഖണ്ഡ് സ്വദേശികളുടെ മകളാണ്. കുട്ടിക്കാലം മുതല്‍ മോഡെലിങ് രംഗത്ത് ശ്രദ്ധേയയായ മിറ സിങ് ഈ മേഖലയില്‍ ഇതിനകം ശ്രദ്ധേയനായ മലയാളി ബാലന്‍ ഐസിന്‍ ഹാഷിന്റെ കൂടെ ഒട്ടേറെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദുബൈയില്‍ ബിസിനസുകാരനായ ജിതിന്‍ സിങ് -ശ്വേത ദമ്പതികളുടെ മകളാണ് മിറാ സിങ്. ഏക സഹോദരന്‍: അര്‍മാന്‍ സിങ്.
നാടോടിക്കഥ പറയുന്ന രീതിയില്‍ അവതരിപ്പിച്ച പരിപാടിയില്‍ സ്വദേശി വേഷത്തിലെത്തിയ 'വല്ല്യുപ്പ'യോടൊപ്പം കൊച്ചുമകളായ അറബി പെണ്‍കുട്ടിയായാണ് മിറ വേഷമിട്ടത്. അവതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മിറ ഏവരുടെയും മനംകവര്‍ന്നു. പിന്നീട് ഉദ്ഘാടനച്ചടങ്ങിലെ ഓരോ ഘട്ടത്തിലും പെണ്‍കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു.
രണ്ടര മണിക്കൂറോളം നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പഴയ തലമുറയെയും പുതു തലമുറയെയും പ്രതിനിധീകരിച്ച 'വല്ല്യുപ്പയും പെണ്‍കുട്ടിയും'ഇമാറാത്തിന്റെ സംസ്‌കാരിക അടയാളങ്ങളായ വസ്ത്ര ധാരണത്തോടെയാണ് വേദിയിലെത്തിയത്. സ്വദേശി ബാലികമാരടക്കം നിരവധി പെണ്‍കുട്ടികളെ മറികടന്നാണ് ഇന്‍ഡ്യയ്ക്ക് അഭിമാനമായി മിറക്ക് അപൂര്‍വാവസരം ലഭിച്ചത്.
ചിരപുതാരതനമായ സംസ്‌കാരത്തില്‍ നിന്ന് ഊര്‍ജമുള്‍കൊണ്ട് പ്രതീക്ഷാ നിര്‍ഭരമായ നാളെയിലേക്ക് സഞ്ചരിക്കുന്ന യു എ ഇയുടെ പുതു തലമുറയെയാണ് മിറയുടെ കഥാപാത്രം പ്രതിനിധീകരിച്ചത്. സ്വദേശി നടന്‍ ഹബീബ് ഗുലൂം ആണ് വല്ല്യുപ്പയായി വേഷമിട്ടത്.
വയോധികന്‍ എക്‌സ്‌പോയുടെ ലോഗോക്ക് സമാനമായ പുരാതന സ്വര്‍ണ വള പെണ്‍കുട്ടിക്ക് സമ്മാനിക്കുകയും അത് അവള്‍ ഉയര്‍ത്തിപ്പിടുക്കയും ചെയ്തതോടെയാണ് അല്‍ വസ്ല്‍ പ്ലാസയില്‍ വര്‍ണവിസ്മയങ്ങള്‍ ദൃശ്യമായത്.
കഴിഞ്ഞ 10 വര്‍ഷമായി ജോലിചെയ്യുന്ന 2,30,000 പേരുടെ അധ്വാനഫലമാണ് 4.38 ചതുരശ്ര കിലോമീറ്ററില്‍ 192 രാജ്യങ്ങളിലെ കാഴ്ചകള്‍ ഒരുങ്ങുന്ന ലോകാത്ഭുതവേദികള്‍. എക്‌സ്‌പോയുടെ 167 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളും പവിലിയന്‍ ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്.
2022 മാര്‍ച് 31 വരെ നടക്കുന്ന എക്‌സ്‌പോയിലേക്ക് രണ്ട് കോടിയിലേറെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ദിവസവും 60 തത്സമയ സാംസ്‌കാരികപരിപാടികള്‍ വേദിയിലുണ്ടാകും. ഗള്‍ഫ് രാജ്യങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷയായ ദുബൈ എക്‌സ്‌പോ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളും അനുഭൂതികളും കൊണ്ട് വിസ്മയിപ്പിക്കും.
ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ മേല്‍നോട്ടത്തില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള ലോക എക്‌സ്‌പോ നടക്കുന്നത്. 2013-ല്‍ യെക്കാറ്റരിന്‍ബര്‍ഗ് (റഷ്യ), ഇസ്മിര്‍ (തുര്‍കി), സാവോപോളോ (ബ്രസീല്‍) എന്നിവയോട് മത്സരിച്ചാണ് ദുബൈ എക്‌സ്‌പോ 2020 നടത്താനുള്ള അവകാശം നേടിയെടുക്കുന്നത്. 2010-ലെ ലോക എക്‌സ്‌പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.