Gift | 2023ല്‍ യുഎസ് പ്രഥമവനിത ജില്‍ ബൈഡന് ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനം മോദിയുടേത്; 17.15 ലക്ഷത്തിന്റെ വജ്രം!
വാഷിങ്ടന്‍: (KVARTHA) കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും വിവിധ ലോകനേതാക്കളില്‍നിന്നും നിരവധി വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും 2023ല്‍ ലഭിച്ചതില്‍ ഏറ്റവും വിലപിടിച്ച സമ്മാനം നല്‍കിയത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. പ്രഥമവനിത ജില്‍ ബൈഡന് 20,000 യുഎസ് ഡോളര്‍ (17.15 ലക്ഷം രൂപ) വിലയുള്ള 7.5 കാരറ്റ് വജ്രമാണ് മോദി നല്‍കിയത്.
അമേരിക്കയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ജൂണ്‍ 21ന് വൈറ്റ് ഹൗസിലെത്തിയപ്പോഴാണ് അത്താഴ വിരുന്നില്‍ വച്ച് ജോ ബൈഡനും ജില്‍ ബൈഡനും സമ്മാനങ്ങള്‍ നല്‍കിയത്. രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശിയായ ശില്‍പി നിര്‍മിച്ച പ്രത്യേക ചന്ദനപ്പെട്ടിയാണ് മോദി ബൈഡന് സമ്മാനിച്ചത്. വെള്ളി കൊണ്ടുള്ള ഗണപതി വിഗ്രഹം, എണ്ണ വിളക്ക്, 10 ചെറിയ വെള്ളി പെട്ടികള്‍ എന്നിവയാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. 'ദ ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്' എന്ന പുസ്തകത്തിന്റെ കോപ്പിയും പ്രധാനമന്ത്രി ബൈഡന് സമ്മാനിച്ചിരുന്നു.
കശ്മീരിന്റെ മനോഹരമായ ഒരു പേപ്പിയര്‍ മാഷെ ബോക്‌സിലാണ് വജ്രം സമ്മാനിച്ചത്. സൗരോര്‍ജം, കാറ്റ്, വൈദ്യുതി എന്നീ സുസ്ഥിര വിഭവങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ ഗ്രീന്‍ ഡയമണ്ടില്‍ ഒരു കാരറ്റിന് 0.028 ഗ്രാം കാര്‍ബണ്‍ മാത്രമാണ് പുറന്തള്ളുക. മറ്റ് ഡയമണ്ടുകളുടെ നിര്‍മാണത്തിന് ഇടയില്‍ പുറന്തള്ളുന്ന കാര്‍ബണിനേക്കാള്‍ പതിനായിരം മടങ്ങ് കുറവാണ് ഇത്. ഭൂമിയില്‍നിന്നു ഖനനം ചെയ്‌തെടുക്കുന്ന വജ്രത്തെ തോല്‍പ്പിക്കുന്ന മികവാണ് ആകൃതിയിലും നിറത്തിലും കാരറ്റിലും വ്യക്തതയിലുമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ വൈറ്റ്ഹൗസിലെ ഈസ്റ്റ് വിങ്ങില്‍ സൂക്ഷിച്ചിട്ടുള്ള വജ്രം എന്തുചെയ്യുമെന്ന ചോദ്യത്തോട് പ്രഥമവനിതയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോല്‍, ബ്രൂണയ് സുല്‍ത്താന്‍, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി തുടങ്ങിയവര്‍ ജോ ബൈഡനും ഉപഹാരം നല്‍കിയിട്ടുണ്ട്. വിദേശനേതാക്കളില്‍നിന്ന് 480 ഡോളറിലേറെ വിലയുള്ള ഉപഹാരം ലഭിച്ചാല്‍ അക്കാര്യം അറിയിക്കണമെന്നാണ് നിയമം.
യുഎസിലെ യുക്രേനിയന്‍ അംബാസഡറില്‍ നിന്ന് 14,063 ഡോളര്‍ വിലമതിക്കുന്ന ബ്രൂച്ചും ഈജിപ്ത് പ്രസിഡന്റിന്റെ ഭാര്യയില്‍ നിന്നും 5510 ഡോളര്‍ വിലയുള്ള ആല്‍ബലും ബ്രൂച്ചും ബ്രേസ്‌ലെറ്റും ജില്ലിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക അക്കൗണ്ടിങ്ങിലാണ് സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സും വിലയേറിയ ഉപഹാരം സ്വീകരിച്ചവരില്‍ പെടുന്നു. സിഐഎ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഉപഹാരങ്ങള്‍ നശിപ്പിക്കുകയാണ് പതിവ്. 1.32 ലക്ഷം ഡോളര്‍ വിലവരുന്ന സമ്മാനങ്ങള്‍ കഴിഞ്ഞവര്‍ഷം നശിപ്പിച്ചു. ഇതിലധികവും വാച്ചുകളാണ്.
#India #USA #Modi #Biden #gift #diamond #sustainable #green #diplomacy