Crisis | രാത്രി മുഴുവൻ ലെബനനിൽ ഇസ്രാഈലിന്റെ കനത്ത വ്യോമാക്രമണങ്ങൾ; മരണ സംഖ്യ 700 കടന്നു; ഇതുവരെ 2.5 ലക്ഷം പേർ പലായനം ചെയ്തു

 
Destruction in Lebanon due to Israeli airstrikes
Destruction in Lebanon due to Israeli airstrikes

Photo Credit: X/ Militant Tracker

● ദഹിയയിൽ നിരവധി വ്യോമാക്രമണങ്ങൾ നടന്നു.
● ഹിസ്ബുല്ല നേതാവിനെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രാഈൽ.
● 250,000 പേർ പലായനം ചെയ്തു.

ബെയ്‌റൂട്ട്: (KVARTHA) രണ്ട് ദശാബ്ദത്തിനിടെ ലെബനൻ തലസ്ഥാനത്ത് നടന്ന ഇസ്രാഈലിന്റെ ഏറ്റവും വലിയ ആക്രമണത്തിൽ മരണ സംഖ്യ 700 കടന്നു. ശനിയാഴ്ച പുലർച്ചെ വരെ രാത്രി മുഴുവൻ കനത്ത വ്യോമാക്രമണമാണ് ഇസ്രാഈൽ നടത്തിയത്. മിക്ക വ്യോമാക്രമണങ്ങളിലും ബങ്കർ തകർക്കുന്ന ബോംബുകളാണ് ഇസ്രാഈൽ ഉപയോഗിച്ചതെന്ന് ലെബനൻ സൈന്യത്തിലെ വിദഗ്ധർ പറയുന്നു.

Destruction in Lebanon due to Israeli airstrikes

ആറ് കെട്ടിടങ്ങൾ നിലംപൊത്തിയതായി ലെബനനിലെ സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിൽ പലയിടത്തും ഇപ്പോഴും കനത്ത പുക ഉയരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായാണ് ദഹിയ കണക്കാക്കപ്പെടുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനവും തിരച്ചിലും നടന്നുവരികയാണ്.

Destruction in Lebanon due to Israeli airstrikes

ഇവിടങ്ങളിൽ നിന്ന് വീട് വിട്ടിറങ്ങേണ്ടി വന്നവർ രാത്രി മുഴുവൻ തെരുവിൽ കഴിച്ചുകൂട്ടി. ഹിസ്ബുല്ലയുടെ നേതാവ് ഹസൻ നസ്‌റല്ലയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രാഈൽ പറയുന്നത്. ഈ സമയത്ത് ഹസൻ നസ്‌റല്ല സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇസ്രാഈൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഹിസ്ബുല്ല ഇപ്പോഴും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ഞായറാഴ്ച മുതൽ 700-ലധികം ആളുകൾ ഇസ്രാഈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. കുറഞ്ഞത് 250,000 പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹിസ്ബുല്ലയ്‌ക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞിരുന്നു. വെടി നിർത്തലിനുള്ള ലോക രാജ്യങ്ങളുടെ അഭ്യർഥന തള്ളിയാണ് ഇസ്രാഈൽ ആക്രമണം തുടരുന്നത്.

ഇസ്രാഈൽ-ലെബനൻ അതിർത്തിയിൽ നിന്ന് കുറഞ്ഞത് അഞ്ച് കിലോമീറ്ററെങ്കിലും ദൂരം ഹിസ്ബുല്ലയെ തുടച്ചുനീക്കുന്നതിന് കര ആക്രമണത്തിന് ഇസ്രാഈൽ തയ്യാറെടുക്കുകയാണ്. 2023 ഒക്ടോബർ എട്ടിന് ശേഷം മാസങ്ങളായി, ഇസ്രാഈലും ഹിസ്ബുല്ലയും അതിർത്തി കടന്ന് പരസ്പരം ആക്രമണം തുടരുകയാണ്.

#Israel #Lebanon #Airstrikes #MiddleEastConflict #HumanitarianCrisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia