Attack | ഭയാനകം ഈ കാഴ്ച!; യൂബര്‍ ഡ്രൈവര്‍ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗം നടത്തി യാത്രക്കാരി; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ ഡ്രൈവര്‍ സംഭവം എന്താണെന്ന് പോലുമറിയാതെ പെട്ടന്ന് തന്നെ വാഹനത്തിന് പുറത്തേക്ക് ചാടി.
ന്യൂയോര്‍ക്ക്: (KVARTHA) കാണികളില്‍ ഭയവും അസ്വസ്ഥതയും ഉളവാക്കുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇത്തരത്തില്‍ ഏറെ വിചിത്രമെന്ന് തോന്നിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ എക്സിലൂടെ പ്രചരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഒരു യാത്രക്കാരി ഒരു യുബര്‍ ഡ്രൈവറിന് നേരെ കുരുമുളക് സ്പ്രേ (Pepper Spray) പ്രയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. വീഡിയോ കണ്ട് കാഴ്ചക്കാരില്‍ പലരും അസ്വസ്ഥരായിരിക്കുകയാണ്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, മാന്‍ഹാട്ടനില്‍ നിന്നുള്ള ജെന്നിഫര്‍ ഗില്‍ബോള്‍ട്ട് എന്ന യുവതിയാണ് യാത്രയ്ക്കിടെ യുബര്‍ ഡ്രൈവറിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ചൊവ്വാഴ്ച രാത്രി 11:20-ന് ന്യൂയോര്‍ക്കിലെ ലെക്സിംഗ്ടണ്‍ അവന്യൂവിലുള്ള ഈസ്റ്റ് 65-ാം സ്ട്രീറ്റിലാണ് നാടകീയ സംഭവം അരങ്ങേറിയത്.
എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയുടെ തുടക്കത്തില്‍ ജെന്നിഫര്‍ ഗില്‍ബോള്‍ട്ടും മറ്റൊരു യുവതിയും റൈഡ്-ഹെയ്ലിംഗ് വാഹനത്തിന്റെ പിന്നില്‍ ഇരിക്കുന്നതാണ് കാണുന്നത്. തുടര്‍ന്ന്, ഒരു പ്രകോപനവുമില്ലാതെ ഗില്‍ബോള്‍ട്ട്, ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവറിന് നേരെ കുരുമുളക് സ്പ്രേ അടിക്കുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ ഡ്രൈവര്‍ സംഭവം എന്താണെന്ന് പോലുമറിയാതെ പെട്ടന്ന് തന്നെ വാഹനത്തിന് പുറത്തേക്ക് ചാടി. എന്നാല്‍ അവിടെ നിന്ന് തീര്‍ന്നില്ല, പരിഭ്രാന്തിയിലിരുന്ന ഡ്രൈവറിന് നേരെ വീണ്ടും സ്പ്രേ അടിക്കാന്‍ ഗില്‍ബോള്‍ട്ട് ശ്രമിക്കുന്നതാണ് കാണുന്നത്. ഈ സമയം, സംഭവം കണ്ട് ഞെട്ടിത്തരിച്ച ഗില്‍ബോള്‍ട്ടിന്റെ സുഹൃത്തായ യുവതി 'നീ എന്താ ഈ കാണിക്കുന്നത്?' എന്ന് ചോദിച്ച് ഗില്‍ബോള്‍ട്ടിനോട് ആക്രോശിക്കുന്നതും അവളെ സീറ്റിലേക്ക് പിടിച്ചിരുത്തുന്നതും കാണാം.
ആക്രമണത്തില്‍ കണ്ണിന് ക്ഷതമേറ്റെങ്കിലും, ഡ്രൈവര്‍ വൈദ്യസഹായം വിസമ്മതിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ബുധനാഴ്ച പുലര്‍ച്ചെ 12:45-ഓടെ ഗില്‍ബോള്‍ട്ടിനെ പോലീസ് പിടികൂടി. മോശം പെരുമാറ്റത്തിന് യുവതിക്ക് എതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. തുടര്‍ന്ന്, പറഞ്ഞിരിക്കുന്ന തീയതിയില്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അവള്‍ക്ക് ഡെസ്‌ക് അപ്പിയറന്‍സ് ടിക്കറ്റ് നല്‍കി, പോലീസ് വിട്ടയച്ചു.
NYC
— The Daily Sneed™ (@Tr00peRR) August 2, 2024
Woman randomly maces Uber driver ‘because he's brown’ pic.twitter.com/GKHBkBvESr
എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുകയാണ്.
സംഭവത്തിന് പിന്നാലെ യുബര്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് മിസ് ഗില്‍ബോള്‍ട്ടിനെ യാത്ര ചെയ്യുന്നതില്‍ നിന്ന് എന്നന്നേക്കുമായി വിലക്കിയതായി ഒരു യുബര്‍ വക്താവ് പറഞ്ഞു. 'വീഡിയോയില്‍ കാണിച്ചിരിക്കുന്ന റൈഡറുടെ പ്രവൃത്തികള്‍ അപലപനീയമാണ്. അക്രമം വെച്ചുപൊറുപ്പിക്കില്ല, കൂടാതെ റൈഡറെ യുബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് വിലക്കിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തില്‍ ഞങ്ങളാല്‍ കഴിയുന്ന വിധം ഞങ്ങള്‍ അവരെ പിന്തുണയ്ക്കും,' എന്ന് യുബര്‍ വക്താവ് അറിയിച്ചു.
അതേസമയം, ന്യൂയോര്‍ക്ക് സിറ്റി ടാക്സി & ലിമോസിന്‍ കമ്മീഷനും (TLC) ഗില്‍ബോള്‍ട്ടിന്റെ നടപടികളെ ശക്തമായി അപലപിച്ചു. 'അവശ്യ സേവനങ്ങള്‍ നല്‍കുന്നതിനും ഉപജീവനമാര്‍ഗം നേടുന്നതിനും കഠിനമായി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ നഗരത്തിലെ ഡ്രൈവര്‍മാര്‍ക്കെതിരായ അക്രമം തീര്‍ത്തും അസ്വീകാര്യവും ആഴത്തില്‍ അസ്വസ്ഥതയുളവാക്കുന്നതുമാണ്. ഇത്തരം പെരുമാറ്റത്തിന് ആരെങ്കിലും സാക്ഷ്യം വഹിക്കുകയോ ഇരയാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ തങ്ങളെ അറിയിക്കണം,' എന്ന് ടിഎൽസി (TLC) കമ്മീഷണര്‍ ഡേവിഡ് ഡോ അഭിപ്രായപ്പെട്ടു.