Accident | കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണത് പക്ഷികളുമായി കൂട്ടിയിടിച്ചോ? ഉണ്ടായിരുന്നത് 62 യാത്രക്കാരും 5 ജീവനക്കാരുമെന്ന് മന്ത്രാലയം; 25 പേർ രക്ഷപ്പെട്ടു
● അസർബൈജാൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
● കനത്ത മൂടൽമഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിട്ടിരുന്നു.
● അപകടസ്ഥലത്തെ തീ പൂർണമായും അണച്ചു.
അസ്താന: (KVARTHA) കസാഖിസ്ഥാനിൽ ബുധനാഴ്ച രാവിലെ അസർബൈജാനിൽ നിന്ന് റഷ്യയിലേക്ക് 67 യാത്രക്കാരുമായി പോവുകയായിരുന്ന യാത്രാവിമാനം തകർന്നുവീണത് പക്ഷികളുമായി കൂട്ടിയിടിച്ചാണെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. അസർബൈജാൻ എയർലൈൻസിന്റെ വിമാനമാണ് തെക്കുപടിഞ്ഞാറൻ കസാഖിസ്ഥാനിലെ അക്താവിനടുത്ത് അപകടത്തിൽപ്പെട്ടത്.
വിമാനത്തിൽ 62 യാത്രക്കാരും 5 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് ടെലിഗ്രാമിലെ പോസ്റ്റിൽ കസാഖിസ്ഥാൻ എമർജൻസി മന്ത്രാലയം അറിയിച്ചു. 25 പേർ രക്ഷപ്പെട്ടതായും അവരിൽ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. നേരത്തെ 72 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കസാഖ് ട്രാൻസ്‌പോർട്ട് മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നൊവോസ്റ്റി റിപ്പോർട്ട് ചെയ്തതനുസരിച്ച് യാത്രക്കാരിൽ 37 പേർ അസർബൈജാൻ പൗരന്മാരും, 16 പേർ റഷ്യക്കാരും, 6 പേർ കസാഖ് പൗരന്മാരും, 3 പേർ കിർഗിസ് പൗരന്മാരുമാണ്. നിരവധിപേർ മരണപ്പെട്ടതായി സംശയിക്കുന്നു.
⚡️Six people survived the plane crash in Aktau, the Minister of Health of Kazakhstan said. https://t.co/cy4K3601Ly
— Sputnik (@SputnikInt) December 25, 2024
അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിൽ നിന്ന് റഷ്യയിലെ ചെച്‌നിയ മേഖലയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേ കനത്ത മൂടൽമഞ്ഞ് കാരണം വിമാനം ഗ്രോസ്നിയുടെ കിഴക്ക് ഭാഗത്തുള്ള മഖച്കല നഗരത്തിലേക്ക് വഴിതിരിച്ചുവിട്ടതായി ഗ്രോസ്നി വിമാനത്താവളത്തിന്റെ പ്രസ് സർവീസ് റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു. ചെച്‌നിയൻ നേതാവ് റംസാൻ കാദിറോവ് ബുധനാഴ്ച രാവിലെ തൻ്റെ ടെലിഗ്രാം അക്കൗണ്ടിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.
BREAKING: Passenger plane which crashed near Aktau Airport in Kazakhstan carried 67 passengers and 5 crew members.
— AZ Intel (@AZ_Intel_) December 25, 2024
There are reports of survivors. pic.twitter.com/vD8s8Dz8Oq
അസർബൈജാൻ എയർലൈൻസ് ടെലിഗ്രാമിൽ പുറത്തിറക്കിയ പ്രസ്താവനയിൽ എംബ്രയർ 190 വിമാനം അക്താവ് നഗരത്തിൽ നിന്ന് ഏകദേശം 1.8 മൈൽ അകലെ അടിയന്തര ലാൻഡിംഗ് നടത്തിയതായി പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ വിമാനം പക്ഷികളുമായി കൂട്ടിയിടിച്ചതാണ് അപകടകാരണമെന്നും വിമാനത്തിൽ അടിയന്തര സാഹചര്യം ഉണ്ടായതിനെ തുടർന്ന് അക്താവിലേക്ക് വഴിതിരിച്ചുവിട്ടതാണെന്നും റഷ്യയുടെ വ്യോമയാന അതോറിറ്റിയായ റോസവിയാത്സ്യ ടെലിഗ്രാമിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്നും അസർബൈജാൻ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. കസാഖിസ്ഥാൻ എമർജൻസി സിറ്റുവേഷൻ മന്ത്രാലയം, അപകടസ്ഥലത്ത് തീപിടുത്തമുണ്ടായെങ്കിലും അത് പൂർണമായും അണച്ചതായി വ്യക്തമാക്കി.
#KazakhstanPlaneCrash #PlaneCrash #BirdStrike #AviationAccident #EmergencyLanding #Rescue