Foreign Students | വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഋഷി സുനക് സര്‍കാര്‍; വീസയ്ക്ക് നിയന്ത്രണം വരും; നിരവധി സര്‍വകലാശാലകള്‍ പ്രതിസന്ധിയിലായിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്
Nov 27, 2022, 09:18 IST
ലന്‍ഡന്‍: (www.kvartha.com) ബ്രിടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുകെയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കങ്ങളും പ്രധാനമന്ത്രി ഋഷി സുനക് ആരംഭിച്ചതായി റിപോര്‍ടുകള്‍. സമീപകാലത്തായി യുകെയിലേക്കുള്ള കുടിയേറ്റം കുത്തനെ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍െടുത്താന്‍ സര്‍കാര്‍ തയ്യാറെടുക്കുന്നത്.
ഇതിന്റെ ഭാഗമായി രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് പരിഗണനയിലാണ്. നിലവാരം കുറഞ്ഞ ബിരുദ കോഴ്‌സുകള്‍ക്കു ചേരുകയും കുടുംബാംഗങ്ങളെ കൊണ്ടുവരികയും ചെയ്യുന്നവര്‍ക്കാണ് നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. യുകെയിലേക്കുള്ള കുടിയേറ്റം ഈ വര്‍ഷം അഞ്ച് ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. എന്നാല്‍, നിലവാരം കുറഞ്ഞ ബിരുദം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയില്ല.
രാജ്യാന്തര വിദ്യാര്‍ഥികളെ കുടിയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പെടുത്തരുതെന്ന ആവശ്യവുമായി ഇന്‍ഡ്യന്‍ പ്രവാസി വിദ്യാര്‍ഥികളുടെ സംഘടനയായ നാഷനല്‍ ഇന്‍ഡ്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലമ്‌നൈ യൂനിയന്‍ രംഗത്തെത്തി. സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് കുടിയേറ്റം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നാണ് കഴിഞ്ഞയാഴ്ച ധനമന്ത്രി ജെറമി ഹണ്ട് പറഞ്ഞത്. സമ്പദ് വ്യവസ്ഥയ്ക്ക് പരുക്കേല്‍പ്പിക്കാതെ കുടിയേറ്റം കുറയ്ക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിദേശ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയാല്‍ ഒട്ടേറെ സര്‍വകലാശാലകള്‍ പാപരായിത്തീരുമെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഉയര്‍ന്ന ഫീസ് നല്‍കുന്ന രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞാല്‍, സര്‍വകലാശാലകള്‍ക്കുള്ള സര്‍കാര്‍ ധനസഹായം ഉയര്‍ത്തേണ്ടിവരും. രാജ്യത്തെ ഉന്നത സര്‍വകലാശാലകളിലെ പ്രവേശനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ദ് ടൈംസ് റിപോര്‍ട് ചെയ്തു.
ജൂണ്‍ വരെയുള്ള കണക്കുപ്രകാരം ആകെ കുടിയേറ്റക്കാര്‍ 5,04,000 ആയി റെകോര്‍ഡിലേക്കുയര്‍ന്നു. യൂറോപുകാരല്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. യുക്രൈന്‍, അഫ്ഗാനിസ്താന്‍, ഹോങ്കോങ് പൗരന്മാര്‍ക്കുവേണ്ടിയുള്ള പ്രത്യേക വീസ പദ്ധതി പ്രകാരം 1.38 ലക്ഷം പേര്‍ എത്തി. 2015 ല്‍ 3.30 ലക്ഷം കുടിയേറ്റക്കാരായതാണ് ഇതിന് മുന്‍പുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ. കുടിയേറ്റ പ്രശ്‌നം ഉയര്‍ത്തിയാണ് 2016 ല്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോരാന്‍ യുകെ തീരുമാനിച്ചത്.
Keywords: News,World,international,London,Prime Minister,Education,Students,Visa,Top-Headlines,Trending, Rishi Sunak Plans Curbs On Foreign Students To Control Migration: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.