പുടിന്‍ ആക്രമണം ശക്തമാക്കുന്നു; മരിച്ച റഷ്യന്‍ സൈനികരെ തിരിച്ചറിയാനും അവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കാനും യുക്രൈന്‍ നടത്തുന്ന ശ്രമം ഇങ്ങനെ
Mar 24, 2022, 17:33 IST
കീവ്: (www.kvartha.com 24.03.2022) റഷ്യയുടെ അധിനിവേശം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ മരിച്ചുവീണ ശത്രു സൈനികരെ തിരിച്ചറിയാനും മരണവിവരം അവരുടെ കുടുംബാംഗങ്ങളെ അറിയിക്കാനുമുള്ള ശ്രമത്തിലാണ് തങ്ങളെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി മൈഖൈലോ ഫെഡോറോവ്.
കൊല്ലപ്പെട്ട റഷ്യന്‍ ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ മുഖം തിരിച്ചറിയുന്ന (ഫേഷ്യല്‍ റെകഗ്നിഷന്‍) സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. മരിച്ച ജീവനക്കാരെ തിരിച്ചറിഞ്ഞ ശേഷം, അവരുടെ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ സോഫ്റ്റ് വെയര്‍ സഹായിക്കും.
'ഒരു മാസം മുന്‍പ്, ഞങ്ങള്‍ എല്ലാവരും ഫേസ് ഐഡി, സിഎംആര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലിച്ചു. ഇപ്പോള്‍, ഞങ്ങള്‍ക്ക് മരിച്ച റഷ്യക്കാരുടെ മൃതദേഹങ്ങള്‍ ഓടോമാറ്റിക് ഐഡന്റിഫികേഷന്‍ ഉപയോഗിച്ച് കണ്ടെത്താം. അതിന് ശേഷം റഷ്യയിലെ ഓടോ ഡയല്‍ വരിക്കാരോട് യുദ്ധത്തെ കുറിച്ച് സംസാരിക്കാനാകും' യുക്രൈന്‍ ഉപപ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഫേഷ്യല്‍ റെകഗ്നിഷന്‍ സോഫ്റ്റ് വെയറിലൂടെ തിരിച്ചറിഞ്ഞ, മരിച്ച റഷ്യന്‍ സൈനികന്റെ ഫോടോ ഒരാള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്താല്‍, സമൂഹമാധ്യമങ്ങളിലെ കോടിക്കണക്കിന് ഫോടോഗ്രാഫുകളുടെ ഡാറ്റാബേസില്‍ നിന്ന് പൊരുത്തം കണ്ടെത്താനുള്ള സാധ്യതയുണ്ട്. അതില്‍ നിന്ന്, മരിച്ചയാളുടെ കുടുംബവും സുഹൃത്തുക്കളും ആരാണെന്ന് നിര്‍ണയിക്കാനാകും. റഷ്യ-യുക്രൈന്‍ യുദ്ധത്തിലെ ഇരകള്‍ക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കഴിയും എന്ന് ഫോര്‍ബ്സ് മാസിക പറയുന്നു.
സര്‍കാര്‍ ഉടമസ്ഥതയിലല്ലാത്ത മാധ്യമങ്ങള്‍ക്കും പുടിന്‍ നിയന്ത്രണം ഏര്‍പെടുത്തിയതോടെ അധിനിവേശം മൂലമുണ്ടായ മരണങ്ങളെക്കുറിച്ച് റഷ്യക്കാരെ അറിയിക്കാനുള്ള യുക്രൈന്റെ നീക്കങ്ങളിലൊന്നാണിതെന്നും ഫോര്‍ബ്സ് റിപോര്‍ട് ചെയ്തു.
ന്യൂയോര്‍ക് ആസ്ഥാനമായുള്ള ഫേഷ്യല്‍ റെകഗ്നിഷന്‍ കംപനിയായ ക്ലിയര്‍വ്യൂ എഎല്‍ അതിന്റെ സേവനങ്ങള്‍ നല്‍കി ആഴ്ചകള്‍ക്ക് ശേഷം, ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മന്ത്രാലയത്തിന്റെ തലവന്‍ കൂടിയായ ഫെഡോറോവ് ബുധനാഴ്ച തന്റെ ടെലിഗ്രാം അകൗണ്ടിലൂടെ വ്യക്തമാക്കി.
എന്നാല്‍, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നെന്ന കാര്യം വൈസ് പ്രധാനമന്ത്രി ഫെഡോറോവ് വ്യക്തമാക്കിയിട്ടില്ല. സോഫ്റ്റ് വെയര്‍ സൗജന്യമായി നല്‍കുന്നത് ക്ലിയര്‍വ്യൂ എഎല്‍ ആണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പിന്നീട് സ്ഥിരീകരിച്ചു. കംപനിയുടെ സ്രഷ്ടാവ് പറയുന്നതനുസരിച്ച് റഷ്യന്‍ സോഷ്യല്‍ നെറ്റ് വര്‍കിംഗ് സേവനമായ വികെഓണ്‍ ടേകില്‍ നിന്നുള്ള രണ്ട് ബില്യനിലധികം ഫോടോഗ്രാഫുകളിലേക്ക് ക്ലിയര്‍വ്യൂവിന് പ്രവേശിക്കാം.
ഫെബ്രുവരി 24 മുതല്‍ ഏകദേശം 7,000 മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ മരിച്ചതായി കരുതുന്നതായി നാറ്റോ കണക്കാക്കുന്നു. യുക്രൈന്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള ഡാറ്റ, റഷ്യ നല്‍കിയ വിവരങ്ങള്‍, ഓപണ്‍ സോഴ്‌സില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലെന്ന് ഒരു മുതിര്‍ന്ന നാറ്റോ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.