Advisory | 'ഈ സ്ഥലങ്ങൾ സന്ദർശിക്കരുത്', ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ സർക്കാർ
ഗ്രാമീണ പ്രദേശങ്ങളിൽ അടിയന്തര സഹായം നൽകുന്നതിൽ അമേരിക്കൻ സർക്കാറിന് പ്രയാസമുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ന്യൂഡൽഹി: (KVARTHA) അമേരിക്കൻ വിദേശകാര്യ വകുപ്പ് തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ചുള്ള മുന്നറിയിപ്പ് ശക്തമാക്കി. നിർദ്ദിഷ്ട പ്രദേശങ്ങളിലേക്കുള്ള യാത്ര മാറ്റിവെക്കാൻ അമേരിക്കൻ പൗരന്മാരോട് നിർദേശിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന സുരക്ഷാ വെല്ലുവിളികളെ അടിസ്ഥാനമാക്കിയാണ് ഈ മുന്നറിയിപ്പ്.
ഇന്ത്യയെ മൊത്തത്തിൽ 'ലെവൽ 2' (വർധിച്ച ജാഗ്രത പാലിക്കുക) വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിർദിഷ്ട പ്രദേശങ്ങളിൽ കൂടുതൽ കർശന മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങൾ 'ലെവൽ 3' (യാത്ര പുനർവിചിന്തനം ചെയ്യുക) വിഭാഗത്തിലാണ്. 2023 മെയ് മുതൽ തുടരുന്ന മണിപ്പൂരിലെ വർഗീയ സംഘർഷങ്ങളാണ് ഇതിന് പ്രധാന കാരണം.
ജമ്മു കശ്മീർ, ഇന്ത്യ-പാകിസ്താൻ അതിർത്തി, മധ്യ-കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ, മണിപ്പൂർ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ 'ലെവൽ 4' (യാത്ര ചെയ്യരുത്) എന്ന കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരാക്രമണം, വർഗീയ സംഘർഷം, ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ സംഘർഷങ്ങൾ എന്നിവയെ തുടർന്നുള്ള സുരക്ഷാ പ്രശ്നങ്ങളാണ് ഇതിന് കാരണം.
അതേസമയം ലഡാക്ക് സുരക്ഷിതമായ പ്രദേശമായി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളും, പ്രത്യേകിച്ചും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ലൈംഗിക ആക്രമണങ്ങളും മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രാമീണ പ്രദേശങ്ങളിൽ അടിയന്തര സഹായം ലഭ്യമാക്കാൻ അമേരിക്കൻ സർക്കാറിന് പ്രയാസമുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഗ്രാമീണ പ്രദേശങ്ങളിൽ സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്നു, മധ്യേന്ത്യയിലും കിഴക്കൻ ഇന്ത്യയിലും നക്‌സൽ സംഘങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ സുരക്ഷാഭീതി നിലനിൽക്കുന്നു, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വർഗീയ സംഘർഷങ്ങളും പ്രശ്നമാണ്, ഇന്ത്യ ജനപ്രിയ യാത്രാ ലക്ഷ്യമാണെങ്കിലും സുരക്ഷാ കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഉപദേശത്തിൽ വ്യക്തമാക്കുന്നു.