Under Rubble | സിറിയയിലെ ദുരന്തഭൂമിയില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ കാഴ്ച: സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ ഇരു കൈകള്‍ കൊണ്ടും അവന്റെ തല മറച്ച് പിടിച്ച് 17 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന 7 വയസുകാരിയുടെ ദൃശ്യങ്ങള്‍ വൈറല്‍
Feb 8, 2023, 14:09 IST
തുര്‍കി: (www.kvartha.com) തുര്‍കിയിലും സിറിയയിലും ദുരന്തം വിതച്ച് തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ എട്ടായിരത്തോളം പിന്നിട്ടിരിക്കുകയാണ്. ദുരന്തത്തിന്റെ തോത് വെളിപ്പെടുത്തി മരണസംഖ്യ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. റിക്ടര്‍ സ്‌കെയ്ലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തിലും അതിന്റെ തുടര്‍ചലനങ്ങളിലും ഇരു രാജ്യങ്ങളും വിറങ്ങലിച്ച് നിന്നപ്പോള്‍ തെരുവുകളിലാകെ അവശേഷിച്ചത് ഒറ്റരാത്രി കൊണ്ട് ഉറ്റവരെ നഷ്ടപ്പെട്ട ആയിരങ്ങളുടെ കണ്ണീര്‍ മാത്രമാണ്.
ഇരു രാജ്യങ്ങളേയും നടുക്കി ഇപ്പോഴും തുടര്‍ ചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്. തെരുവുകളിലാകെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടതിന്റെ നടുക്കുന്ന കാഴ്ചകളാണ് തുര്‍കിയില്‍ നിന്നും സിറിയയില്‍ നിന്നും പുറത്ത് വരുന്നത്. ഇരു രാജ്യങ്ങളില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമിടയില്‍ സിറിയയിലെ ദുരന്തഭൂമിയില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ മറ്റൊരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ ഇരു കൈകള്‍ കൊണ്ടും അവന്റെ തല മറച്ച് പിടിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
തകര്‍ന്നുവിണ കെട്ടിടങ്ങള്‍ക്കിടയില്‍ തന്റെ കുഞ്ഞനുജനെ ഇരുകൈകള്‍ക്കുള്ളിലും ചേര്‍ത്തുപിടിച്ച് ഏഴ് വയസുകാരി കിടന്നത് 17 മണിക്കൂറോളമാണ്. ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഒരു കുഞ്ഞുപുഞ്ചിരിയാണ് അവളവര്‍ക്ക് സമ്മാനിച്ചത്. ഏഴ് വയസുകാരിയുടെ പകരം വെക്കാനാകാത്ത ധൈര്യത്തെയും ധീരതയെയും അഭിനന്ദിക്കുകയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളൊന്നാകെ. സിറിയയും തുര്‍കിയും ലോകത്തിന്റെ കണ്ണീരാവുമ്പോള്‍ അതിജീവനത്തിന്റെ ഇത്തരം ദൃശ്യങ്ങള്‍ ആശ്വാസം പകരുന്നതാണെന്ന് നിരവധിപേര്‍ പ്രതികരിച്ചു.
Keywords: Seven-year-old girl protects little brother under rubble, moving photograph melts hearts online, Turkey, News, Earth Quake, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.