Tragedy | കൊടുങ്കാറ്റില്‍ മുങ്ങിയ ആഡംബര നൗകയോടൊപ്പം അമേരിക കുറ്റവിമുക്തനായ യുകെ വ്യവസായിയെയും കാണാതായി; തിരച്ചില്‍
ലണ്ടന്‍: (KVARTHA) ഇറ്റലിയിൽ (Italy) ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് കാണാതായ ആഡംബര നൗകയിൽ അമേരിക്കയിൽ കുറ്റവിമുക്തനായ യുകെ വ്യവസായി മൈക്ക് ലിഞ്ച് (Mike Lynch-59) ഉൾപ്പെട്ടിരുന്നുവെന്ന് വിവരം.
22 പേരുമായി സഞ്ചരിച്ചിരുന്ന ആഡംബര നൗകയിൽ മൈക്ക് ലിഞ്ചും ഉണ്ടായിരുന്നതായി തീരസംരക്ഷണ സേനാ മേധാവി അറിയിച്ചു. 11 ബില്യൺ ഡോളർ തട്ടിപ്പിന് ആരോപിക്കപ്പെട്ടിരുന്ന കേസിൽ നിന്ന് വിട്ടയച്ചിരുന്ന ലിഞ്ച്, ഓട്ടോണമി കോർപ്പറേഷന്റെ സ്ഥാപകനാണ്.
അദ്ദേഹത്തിന്റെ ഭാര്യ ഏഞ്ചല ബകേരെസ് രക്ഷപ്പെട്ടുവെന്നാണ് വാർത്ത ഏജൻസികളുടെ റിപ്പോർട്ട്. 15 പേരെ രക്ഷപ്പെടുത്തിയെങ്കിലും ലിഞ്ചും നാല് ബ്രിട്ടീഷുകാരും ഉള്‍പെടെ ആറ് പേരെ കണ്ടെത്താനായിട്ടില്ല. അപകടസമയത്ത് ലിഞ്ച് കമ്പനിയിലെ സഹപ്രവർത്തകർക്കൊപ്പം ബോട്ടിലുണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
56 മീറ്റർ നീളമുള്ള ആഡംബര നൗകയായ ദി ബയേസിയൻ, പലേർമോയുടെ കിഴക്കുള്ള പോർട്ടിസെല്ലോയിൽ നങ്കൂരമിട്ടിരുന്നു. പുലർച്ചെ ഉണ്ടായ കനത്ത കടൽക്ഷോഭത്തിൽ നൗക മുങ്ങുകയായിരുന്നു. അപകടസ്ഥലത്ത് വ്യാപകമായ തിരച്ചിൽ പുരോഗമിക്കുകയാണ്.
തന്റെ സോഫ്റ്റ് വെയർ സ്ഥാപനമായ ഓട്ടോണമിയെ ഹ്യൂലറ്റ്-പാക്കാർഡിന് വിറ്റതുമായി ബന്ധപ്പെട്ട കേസിലാണ് ലിഞ്ച് പ്രതിയായത്. തുടര്‍ന്ന് ക്രിമിനൽ കുറ്റങ്ങള്‍ ചുമത്തി നിയമനടപടികൾക്കായി ബ്രിട്ടനിൽ നിന്ന് യുഎസിലേക്ക് കൈമാറുകയായിരുന്നു. സാങ്കേതിക മേഖലയിലെ പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ അദ്ദേഹം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
#luxuryyacht #storm #Italy #UKbusinessman #missing #searchandrescue