Alert | ശ്രീലങ്കയിൽ ഇസ്രാഈലികൾക്ക് നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; 2 പേർ അറസ്റ്റിൽ; ഇസ്രാഈലികളാണെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങൾ മറയ്ക്കണമെന്നും നിർദേശം
● അമേരിക്കയും ഇസ്രായേലും ശ്രീലങ്കയിൽ ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ് നൽകി.
● ഇന്ത്യൻ ഇന്റലിജൻസിന്റെ വിവരത്തെ തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
● അരുഗം ബേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി.
കൊളംബോ: (KVARTHA) അമേരിക്കയും ഇസ്രാഈലും ശ്രീലങ്കയിലെ അരുഗം ബേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ രാജ്യത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാഖ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരാൾ ഉൾപ്പെടെ രണ്ട് ശ്രീലങ്കൻ പൗരന്മാരെ തീവ്രവാദ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ശ്രീലങ്കയിലെ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗമാണ് ഇരുവരെയും കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയ സുരക്ഷാ കൗൺസിൽ ഇസ്രാഈലികളോട് പ്രശസ്തമായ ടൂറിസ്റ്റ് മേഖലകളിൽ നിന്നും റിസോർട്ടുകളിൽ നിന്നും ഉടൻ മാറിപ്പോകാൻ നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് നടന്നത്. കൗൺസിൽ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രാഈലികൾ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്നും അവർ ഇസ്രാഈലികളാണെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങൾ മറയ്ക്കണമെന്നും വലിയ തോതിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇസ്രാഈലികൾ ഉൾപ്പെടെ നിരവധി വിദേശികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് അരുഗം ബേ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ.
മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ അരുഗം ബേയിലെ ചബാദ് ഹൗസ് ജൂത കമ്മ്യൂണിറ്റി സെൻ്ററിൽ സുരക്ഷ വർധിപ്പിച്ചതായി ശ്രീലങ്ക അറിയിച്ചു. ഇസ്രാഈലികൾ നടത്തുന്ന 'ചബാദ് ഹൗസ്' ആക്രമണകാരികൾ ലക്ഷ്യമിടുന്നതായും ഇതിനെ തുടർന്ന് സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് നിഹാൽ തൽദുവ അറിയിച്ചു.
#SriLanka #TerrorAlert #Arrest #India #Israel #US #ArubanBay #Tourism