ശ്രീലങ്കയിലെ പെട്രോള്‍ പമ്പുകളില്‍ സൈന്യത്തെ നിയോഗിച്ച് സര്‍കാര്‍; ഭക്ഷണ ക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ അഭയാര്‍ഥികളായി ആളുകള്‍ കൂട്ടത്തോടെ ഇന്‍ഡ്യയിലേക്ക്
Mar 23, 2022, 20:08 IST
കൊളംബോ: (www.kvartha.com 23.03.2022) സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ പെട്രോള്‍ പമ്പുകളില്‍ സൈന്യത്തെ നിയോഗിച്ച് സര്‍കാര്‍. പെട്രോളിനും മണ്ണെണ്ണയ്ക്കും രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടതോടെ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ജനങ്ങള്‍ ഇവ വാങ്ങുന്നത്.
ഒടുവില്‍ പെട്രോള്‍ പമ്പുകളിലെ ക്യൂ കണക്കിലെടുത്ത് സര്‍കാര്‍ സൈനികരെ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞദിവസം മണിക്കൂറുകളോളം പെട്രോള്‍ പമ്പുകളില്‍ ക്യൂ നിന്നതിനെ തുടര്‍ന്ന് രണ്ട് വയോധികര്‍ അടക്കം മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരു ചെറുപ്പക്കാരനും മരിച്ചിരുന്നു.
നൂറുകണക്കിന് വരുന്ന സര്‍കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളില്‍ രണ്ടു സൈനികരെ വീതമായിരിക്കും വിന്യസിക്കുക എന്ന് സൈനിക വക്താവ് നിളന്ത പ്രേമരത്നെ വ്യക്തമാക്കി. പെട്രോള്‍ വിതരണം കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് സൈനികരുടെ ജോലിയെന്നും അവര്‍ ആളുകളെ നിയന്ത്രിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ജനങ്ങളെ സഹായിക്കാനാണ് സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്, അല്ലാതെ അവരുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കാനല്ല' എന്ന് സര്‍കാര്‍ വക്താവ് രമേഷ് പതിരാന പറഞ്ഞു.
പാചകവാതകത്തിന്റെ വില കുതിച്ചു കയറിയതോടെ മണ്ണെണ്ണയാണ് ജനങ്ങള്‍ പാചകത്തിന് ആശ്രയിക്കുന്നത്. അതിനിടെ, ഭക്ഷണ ക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ ശ്രീലങ്കയില്‍ നിന്ന് ജനങ്ങള്‍ അഭയാര്‍ഥികളായി ഇന്‍ഡ്യയിലേക്ക് എത്തിത്തുടങ്ങി.
പെട്രോളിയം ഉല്പന്നങ്ങള്, മരുന്ന്, ഭക്ഷണം തുടങ്ങി എല്ലാ അവശ്യ വസ്തുക്കള്‍ക്കും കടുത്ത ക്ഷാമമാണ് ശ്രീലങ്കയിലെ ജനങ്ങള്‍ നേരിടുന്നത്. കിട്ടുന്ന സാധനങ്ങള്‍ തീ പിടിച്ച വിലയും. ഡോളര്‍ നിക്ഷേപം കുറഞ്ഞതോടെ അവശ്യ വസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് രാജ്യം ഇപ്പോള്‍. ഇന്‍ഡ്യയോടും ചൈനയോടും സഹായാഭ്യര്‍ഥന നടത്തിയതിനു പുറമെ ഐഎംഎഫിനോടും ധനസഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ഈ ദ്വീപ് രാഷ്ട്രം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മനുഷ്യക്കടത്തുകാര്‍ക്ക് പണം നല്കി ശ്രീലങ്കന്‍ ജനത ഭക്ഷണവും ജീവിത മാര്‍ഗവും തേടി അഭയാര്‍ഥികളായി ഇന്ഡ്യയിലേക്കെത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം ലങ്കയില്‍ നിന്ന് കൈക്കുഞ്ഞും കുട്ടികളുമായി ബോടില്‍ ധനുഷ് കോടിയിലെത്തിയ ആറംഗ സംഘത്തെ തീരസംരക്ഷണ സേന രക്ഷിച്ച് രാമേശ്വരത്തെത്തിച്ചിരുന്നു. യുവാവും ഭാര്യയും നാലു മാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ ആറും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുമാണെത്തിയത്.
ശ്രീലങ്കയില്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നും കുട്ടികള്‍ പോലും പട്ടിണിയിലാണെന്നും സംഘത്തിലെ വീട്ടമ്മ തിയൂരി പറഞ്ഞു. ഇന്‍ഡ്യയിലേക്ക് വരാനായി ധാരാളം പേര് ശ്രീലങ്കയില്‍ കാത്തിരിക്കുകയാണ്. ആളുകളെ കടത്താനായി ഒട്ടേറെ ബോടുകള്‍ തയാറെടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് ക്യാംപിലെത്തിച്ച് ആഹാരം നല്കിയ ശേഷമാണ് ഇവരെ അനധികൃത കുടിയേറ്റക്കാര്‍ എന്ന നിലയില്‍ പൊലീസിനു കൈമാറിയത്.
Keywords: Sri Lanka deploys troops as fuel shortage sparks protests, Sri Lanka, News, Army, Petrol, Dead, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.