Ceasefire | സുഡാനില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; നടപടി ചെറിയ പെരുന്നാള്‍ പ്രമാണിച്ച്
Apr 21, 2023, 15:49 IST
ഖാര്തും: (www.kvartha.com) ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ അര്‍ധസൈനിക വിഭാഗമായ റാപിഡ് സപോര്‍ട് ഫോഴ്സ് (ആര്‍എസ്എഫ്) 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് നടപടി. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ആര്‍എസ്എഫ് പറയുന്നു.
സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ യുഎന്‍, യുഎസും മറ്റ് രാജ്യങ്ങളും ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്തുകയാണ്. അതേസമയം, സൈന്യം വെടിനിര്‍ത്തലിനോട് പ്രതികരിച്ചിട്ടില്ല.
പെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരികയെന്ന് ആര്‍എസ്എഫ് അറിയിച്ചു. സുഡാനില്‍ നേരത്തെ രണ്ട് തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായിരുന്നില്ല. ആര്‍എസ്എഫുമായുള്ള ചര്‍ച്ചയുടെ സാധ്യത സൈന്യത്തിന്റെ തലവന്‍ ജെനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ നേരത്തെ തള്ളുകയും ചെയ്തിരുന്നു.
ഈദ് കണക്കിലെടുത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുഎന്‍ സെക്രടറി ജെനറല്‍ അന്റോണിയോ ഗുടെറസ് ആഹ്വാനം ചെയ്തിരുന്നു. യുദ്ധത്തില്‍ നിന്ന് വിശ്രമം നല്‍കുന്നതിനും സ്ഥിരമായ വെടിനിര്‍ത്തലിന് വഴിയൊരുക്കുന്നതിനുമുള്ള ആദ്യപടിയായിരിക്കണം ഈ വെടിനിര്‍ത്തലെന്ന് ഗുടെറസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ വളരെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഡാനിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര സമ്മര്‍ദവും ശക്തമാകുമ്പോഴും അര്‍ധസൈനിക വിഭാഗമായ റാപിഡ് സപോര്‍ട് ഫോഴ്സുമായി സൈന്യം പോരാട്ടം തുടര്‍ന്നിരുന്നു. ആഭ്യന്തര കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇതിനോടകം 300 കടന്നു.
സ്ത്രീകളും കുട്ടികളുമടക്കം ഇരുപതിനായിരത്തോളം ആളുകള്‍ പലായനം ചെയ്തതായി യുഎന്‍ അറിയിച്ചു. ഞായറാഴ്ച വരെയെങ്കിലും വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കനും അഭ്യര്‍ഥിച്ചിരുന്നു.
രാജ്യമെങ്ങും മരുന്നുക്ഷാമം രൂക്ഷമായതോടെ തലസ്ഥാനമായ ഖാര്‍തൂമിലെ 70 ശതമാനത്തോളം ആശുപത്രികള്‍ അടച്ചെന്നാണ് റിപോര്‍ട്. സുഡാനിലെ സ്ഥിതി സുരക്ഷിതമല്ലെന്നും നയതന്ത്ര ശ്രമങ്ങളിലൂടെ സുരക്ഷിതമാര്‍ഗം ലഭ്യമായാലേ ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാനാകൂവെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് പറഞ്ഞു.
Keywords: News, World-News, World, International, Sudan, Clash, Refugees, Rapid Support Forces (RSF), Sudan Armed Forces (SAF), Sudan’s paramilitary RSF announces 72-hour ceasefire ahead of Muslim holiday, but fighting continues.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.