Return | സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങുന്നു; ബഹിരാകാശ ദൗത്യത്തിലെ പ്രതിഫലം എത്ര? ആരോഗ്യപ്രശ്നങ്ങൾ എന്താണ്?

 
Sunita Williams and Butch Wilmore Returning; What is the Remuneration for the Space Mission? What are the Health Issues?
Sunita Williams and Butch Wilmore Returning; What is the Remuneration for the Space Mission? What are the Health Issues?

Image Credit: Screenshot of an X Video by International Space Station

● ബഹിരാകാശ യാത്രികർക്ക് പ്രത്യേക ഓവർടൈം ശമ്പളമില്ല.
● പ്രതിദിനം 4 ഡോളർ സ്റ്റൈപ്പൻഡ് ലഭിക്കും.
● ജിഎസ്-15 ശമ്പള ഗ്രേഡിൽ 1.08 കോടി രൂപ മുതൽ 1.41 കോടി രൂപ വരെ ലഭിക്കും.
● ഗുരുത്വാകർഷണം കുറഞ്ഞ അന്തരീക്ഷം രക്തചംക്രമണത്തെ ബാധിക്കും.
● എല്ലുകളുടെ സാന്ദ്രത കുറയുന്നത് വെല്ലുവിളിയാകും.

ന്യൂയോർക്ക്: (KVARTHA) എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും കാത്തിരിപ്പിനൊടുവിൽ മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ്. ബുധനാഴ്‌ച പുലർച്ചയോടെ ഇരുവരെയും സുരക്ഷിതമായി ഭൂമിയിലെത്തിക്കാൻ കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ. മടക്കയാത്ര കയ്യകലെ എത്തിനിൽക്കുമ്പോൾ ലോകത്താകമാനം സുനിതയേയും ബുച്ച് വിൽമോറിനെയും കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ നടക്കുകയാണ്. അതിലൊന്നാണ് ജീവൻ പണയം വച്ചുള്ള യാത്രയിൽ ഇരുവർക്കും നാസ നൽകുന്ന തുക എത്രയായിരിക്കും എന്നത്. ദിവസങ്ങൾ മാസങ്ങളായി മാറിയപ്പോൾ സുനിതയ്ക്കും ബുച്ചിനും 'ഓവർടൈം സാലറി' കുടി ലഭിക്കുമോ എന്നതണ് പ്രധാനപ്പെട്ട ഒരു ചോദ്യം!

നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശയാത്രിക കാഡി കോൾമാൻ പറയുന്നതനുസരിച്ച് ബഹിരാകാശയാത്രികർക്ക് പ്രത്യേക ഓവർടൈം ശമ്പളമൊന്നുമില്ല. ഒരു ഗവൺമെൻ്റ് ഏജൻസിയിലെ ജീവനക്കാരായതിനാൽ ഭൂമിയിലെ ഏതൊരു പതിവ് ജോലിയെയും പോലെ തന്നെയാണ് ഇരുവരും ബഹിരാകാശത്തും സമയം ചെലവഴിക്കുന്നത്. നാസ നൽകുന്ന സ്‌ഥിര ശമ്പളം തന്നെയാണ് ഇരുവർക്കും ലഭിക്കുക. എങ്കിലും ചെറിയൊരു സ്‌റ്റൈപ്പൻ്റ് മാത്രം അധികമായി ലഭിക്കും. പ്രതിദിനം 4 ഡോളർ. അതായത് 347 രൂപ മാത്രം! അതല്ലാതെ 'സ്പേസ്' ആയതുകൊണ്ട് പ്രത്യേകിച്ച് 'അലവൻസ്' ഒന്നുമില്ലത്രേ! അങ്ങനെയെങ്കിൽ 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതിന് സുനിതയ്ക്കും ബുച്ച് വിൽമോറിനും ഈ ഇനത്തിൽ ലഭിക്കുക 1,148 ഡോളർ(ഏകദേശം ഒരു ലക്ഷം രൂപ) മാത്രമായിരിക്കും. കാഡി കോൾമാനെ സംബന്ധിച്ചിടത്തോളം 2010-11 ലെ 159 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനിടെ ഈ ഇനത്തിൽ ലഭിച്ചത് 636 ഡോളറാണ്. അതായത് ഏകദേശം 55,000 രൂപ.


ജനറൽ ഷെഡ്യൂൾ (ജിഎസ്) സമ്പ്രദായത്തിന് കീഴിലുള്ള ഫെഡറൽ ജീവനക്കാരാണ് സുനിത വില്യംസും ബുച്ച് വിൽമോറും. അതിനാൽ തന്നെ ഈ വിഭാഗത്തിലെ ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പളമായിരിക്കും ഇരുവർക്കും ലഭിക്കുക. ഇരുവരും ഉൾപ്പെടുന്ന ജിഎസ്-15 ശമ്പള ഗ്രേഡിന് കീഴിലുള്ള സർക്കാർ ജീവനക്കാർക്ക് വാർഷിക അടിസ്‌ഥാന ശമ്പളം 125,133 ഡോളർ മുതൽ 162,672 ഡോളർ വരെയാണ്. അതായത് ഏകദേശം 1.08 കോടി രൂപ - 1.41 കോടി രൂപ. ദൗത്യം നീണ്ടുപോയതിനാൽ അത്രയും ദിവസത്തെ ആനുപാതിക ശമ്പളം കൂടെ ലഭിക്കും, 93,850 മുതൽ 122,004 ഡോളർ വരെ. അതായത് ഏകദേശം 81 ലക്ഷം രൂപ മുതൽ 1.05 കോടി രൂപ വരെ. ഇതിനോടൊപ്പം മുകളിൽ സൂചിപ്പിച്ച ഏകദേശം ഒരു ലക്ഷം രൂപ കൂടി ചേർത്താൽ ദൗത്യത്തിലൂടെയുള്ള ആകെ വരുമാനം 94,998 ഡോളർ മുതൽ 123, 152 ഡോളർ വരെയായിരിക്കും. അതായത് ഏകദേശം 82 ലക്ഷം രൂപ - 1.06 കോടി രൂപ.

അതേസമയം ഇരുവരുടേയും ഐഎസ്എസിലെ ഭക്ഷണ, ജീവിതച്ചെലവുകൾ നാസയാണ് വഹിക്കുന്നത്. മാത്രമല്ല ശമ്പളത്തിന് പുറമേ, നാസയിലെ ബഹിരാകാശയാത്രികർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ്, അഡ്വാൻസ്‌ഡ് മിഷൻ പരിശീലനം, മാനസിക പിന്തുണ, യാത്രാ അലവൻസുകൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകുല്യങ്ങൾ ലഭിക്കുകയും ചെയ്യും. രാജ്യാന്തര ബഹിരാകാശ നിലയത്തിലാണെങ്കിലും സുനിതയും ബുച്ചും പണി എടുക്കാതിരുന്നിട്ടൊന്നുമില്ല. ബഹിരാകാശ നിലയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. അതിനാൽ തന്നെ സാങ്കേതികമായി 'കുടുങ്ങിയിട്ടില്ല' എന്നാണ് നാസയുടെ വാദം.

എട്ടുദിവസത്തെ ഗവേഷണത്തിനായി യാത്രതിരിച്ച്, കഴിഞ്ഞ 285-ലേറെ ദിവസങ്ങളായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമറും. ബോയിങ്ങിൻ്റെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ തകരാറിനെത്തുടർന്നാണ് ഇരുവരുടേയും മടക്കം വൈകിയത്. എന്നാൽ, ഇവരെ തിരിച്ചെത്തിക്കാനായി നാസ വിക്ഷേപിച്ച ക്രൂ-10 ദൗത്യം വിജയകരമായി മുന്നോട്ടുനീങ്ങുകയാണ്. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ മാർച്ച് 19-ന് ഇരുവരേയും തിരിച്ചെത്തിക്കാൻ കഴിയുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.

ബഹിരാകാശ നിലയത്തിൽ ആഹ്ളാദത്തിൻ്റെയും ശാസ്ത്ര ലോകത്തിന് ആശ്വാസത്തിൻറെയും ദിവസമാണിന്ന്. 2024 ജൂൺ മുതൽ ബഹിരാകാശത്തെ അന്താരാഷ്ട്ര നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ യാത്രികർ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട സംഘം പേടകത്തിനകത്ത് പ്രവേശിച്ചു. വലിയ സന്തോഷത്തോടെ സ്പേസ് എക്‌സ് ക്രൂ-10 ദൗത്യ സംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സ്വീകരിക്കുന്നതിൻ്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു.

നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആൻ മക്ക്‌ലെയിൻ, നിക്കോളെ അയേഴ്സ‌്, ജപ്പാൻ്റെ ടകുയു ഒനിഷി, റഷ്യയുടെ കിരിൽ പെസ്കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. അമേരിക്കൻ പ്രാദേശിക സമയം വെള്ളിയാഴ്‌ച രാത്രി 7.03-ഓടെയാണ് സ്പേസ് എക്സ‌് ക്രൂ പുറപ്പെട്ടത്. ഇന്ത്യൻ സമയം ശനിയാഴ്‌ച പുലർച്ചെ 4.30-നാണ് ഇത്. സ്പേസ്എക്സ‌് ഫാൽക്കൺ-9 റോക്കറ്റിലായിരുന്നു യാത്ര. ഇന്ത്യൻ സമയം ഞായറാഴ്‌ച രാവിലെ 9.30-ഓടെ ക്രൂ ഡ്രാഗൺ പേടകത്തിൻ്റെ ഡോക്കിങ് അഥവാ ബന്ധിപ്പിക്കൽ സാധ്യമാക്കി. ഇന്ത്യൻ സമയം രാവിലെ 10.30-ഓടെയാണ് പരസ്‌പരം തുറക്കുന്ന ഘട്ടത്തിലെ ഹാച്ചിങ് ആരംഭിച്ചത്. രാവിലെ 11.05-ന് വാതിലുകൾ പരസ്‌പരം തുറന്നു. തുടർന്ന് ക്രൂ-10 ലെ അംഗങ്ങൾ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു.

മാർച്ച് 19 ന് തിരികെ ഭുമിയിലേക്ക് പുറപ്പെടാനാണ് തീരുമാനം. രണ്ടു തവണ മാറ്റിവെച്ച രക്ഷാ പ്രവർത്തനമാണ് യാത്രാ സംഘം നിർവ്വഹിച്ചത്. 28 മണിക്കുറാണ് സ്പേസ് എക്സ‌് ക്രൂ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചേരാൻ എടുത്തത്.

കഴിഞ്ഞ ജൂണിലാണ് സുനിത വില്യംസും ബുച്ച് വിൽമറും ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സാങ്കേതിക തകരാറിനെത്തുർന്ന് ഇരുവരുമില്ലാതെ സ്റ്റാർ പേടകം തിരിച്ചു പോന്നു. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് തുടക്കം. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ വരികയും ചെയ്‌തു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്‌സിൻ്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റിൽ സുനിതയേയും വിമോറിനേയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്.

ഇത്രയും നാളത്തെ ബഹിരാകാശവാസം വലിയ ശാരീരിക വെല്ലുവിളികളാവും അവർക്ക് സമ്മാനിക്കുക. പാദങ്ങൾ പോലും കുട്ടികളുടെത് പോലെയാവും എന്നാണ് പഠനങ്ങൾ. ഗുരുത്വാകർഷണം കുറഞ്ഞ അന്തരീക്ഷത്തിൽ ഇത്രയും നാൾ കഴിഞ്ഞത് രക്തചംക്രമണ വേഗത്തെ ബാധിക്കും. എല്ലുകളുടെ സാന്ദ്രത കുറയുന്നത് നടക്കാനും മറ്റും വെല്ലിവിളി ഉയർത്തും. റേഡിയേഷൻ പ്രശ്‌നങ്ങളും കൂടുതലായി ഉണ്ടാവാം. ഇവയെല്ലാം ചേരുന്ന മാനസിക പ്രശ്‌നങ്ങളും ബാധിക്കാം എന്നും നാസ പഠനങ്ങൾ പറയുന്നു.

Sunita Williams and Butch Wilmore are preparing to return to Earth after an extended stay at the International Space Station due to issues with Boeing's Starliner spacecraft. While their basic salary is within the GS-15 federal employee range, they receive a nominal daily stipend of $4. Their extended spaceflight is expected to cause physical challenges including bone density loss and cardiovascular changes. A SpaceX Crew-10 mission has successfully docked to bring them back.

#SunitaWilliams, #ButchWilmore, #ISS, #NASA, #SpaceMission, #SpaceX

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia