Giant Panda | 'തുവാ'ന്റെ മസ്തിഷ്കത്തില്‍ മുഴ; അസുഖം ബാധിച്ച ഭീമന് പാണ്ടയുടെ ചികിത്സയ്ക്കായി ചൈനയില്‍ നിന്ന് തായ്വാനിലേക്ക് വിദഗ്ധരെ എത്തിക്കുന്നു
Oct 28, 2022, 17:27 IST
ബാങ്കോക്: (www.kvartha.com) തായ്വാനിലെ തായ്പേയ് മൃഗശാലയിലെ 18 വയസ് പ്രായമുള്ള ഭീമന് പാണ്ടക്കരടി തുവാന് തുവാന്റെ ചികിത്സയ്ക്കായി വിദേശത്ത് നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുന്നു. 2008ല്‍ ചൈന തായ്വാന് സമ്മാനമായി നല്കിയ തുവാന് തുവാനെ ചികിത്സിക്കാന്‍ ചൈനയില്‍ നിന്ന് തന്നെയാണ് വിദഗ്ധരെ എത്തിക്കുന്നത്.
കുറച്ച് മാസങ്ങളായി അസുഖം ബാധിച്ച് ചികിത്സയിലുള്ള തുവാന് തുവാന് ഇക്കഴിഞ്ഞ ആഗസ്റ്റില്‍ രോഗം മൂര്‍ച്ഛിച്ചിരുന്നു. പിന്നാലെ കൂടുതല്‍ അവശനായതോടെ നടക്കാന്‍ കഴിയാതെ വരികയും ചെയ്തു. സെപ്തംബര്‍ 18ന് എംആര്‍ഐ സ്കാനിങും നടത്തിയതോടെ, തുവാന്റെ മസ്തിഷ്കത്തില്‍ ഒരു മുഴ വളരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ശേഷം തുവാനെ ചികിത്സയ്ക്ക് വിധേയമാക്കി വരികയായിരുന്നു.
ഈ അടുത്താണ് വീണ്ടുമൊരു സ്കാനിങ് നടത്തേണ്ടിവന്നത്. സ്കാനിങില്‍ പാണ്ടയുടെ മസ്തിഷ്കത്തില്‍ കണ്ടെത്തിയ ഭാഗം വളരുന്നതായും തലച്ചോറിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായും കണ്ടെത്തി. തുവാന്റെ വിദഗ്ധ ചികിത്സയുടെ ഭാഗമായാണ് ചൈനയില്‍ നിന്നും ഡോക്ടര്‍മാരെ എത്തിക്കുന്നതെന്ന് മൃഗശാലാ അധികൃതര്‍ അറിയിച്ചു. ഏഴ് ദിവസം ഡോക്ടര്‍മാരുടെ സംഘം തായ്വാനില് താമസിച്ച് തുവാനെ നിരീക്ഷിക്കും.
50-60 വയസുള്ള ഒരു മനുഷ്യന്റെ ശാരീരിക അവസ്ഥയാണ് 18 വയസുള്ള ഒരു പാണ്ടയ്ക്കുണ്ടാകുക. ഭീമന് പാണ്ടകളുടെ സംരക്ഷണത്തിനായി ചൈനയുടെയും തായ്വാന്റെയും പരസ്പര സഹകരണത്തിന്റെ ഭാഗമായാണ് തുവാനെ രാജ്യത്തെത്തിച്ചത്.
ഏഴാം നൂറ്റാണ്ടില്‍ താങ് രാജവംശത്തിന്റെ ഭരണകാലത്ത് വു സെയ്താന്‍ ചക്രവര്‍ത്തി ജപാനിലേക്ക് രണ്ട് കരടികളെ അയച്ചത് മുതലാണ് ചൈന പാണ്ടകളെ സമ്മാനമായി നല്കിത്തുടങ്ങിയതെന്ന് ദോഹ ന്യൂസ് റിപോര്‍ട് ചെയ്യുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.