പറക്കല്‍ പരിശീലനത്തിനിടെ തായ് വാന്‍ വ്യോമസേനയുടെ അത്യാധുനിക എഫ് 16 വൈപര്‍ ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനം കാണാതായി; പൈലറ്റിനെ കുറിച്ചും വിവരമില്ല

 


തായ് വാന്‍: (www.kvartha.com 13.01.2022) പറക്കല്‍ പരിശീലനത്തിനിടെ തായ് വാന്‍ വ്യോമസേനയുടെ അത്യാധുനിക എഫ് 16 വൈപര്‍ ഫൈറ്റെര്‍ ജെറ്റ് യുദ്ധവിമാനം കാണാതായി. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് വിമാനം അപ്രത്യക്ഷമായതെന്ന് തായ് വാന്‍ വ്യോമസേനാ അധികൃതര്‍ അറിയിച്ചു. 

കടലിനു മുകളിലൂടെ പറന്ന വിമാനവും തെക്കുപടിഞ്ഞാറന്‍ തായ്വാനിലെ എയര്‍ബേസുമായുള്ള ബന്ധം തുടക്കം മുതല്‍ നിലനിന്നിരുന്നെങ്കിലും ഇടയ്‌ക്കെപ്പോഴോ മുറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഒറ്റ പൈലറ്റ് മാത്രമുള്ള വിമാനത്തിനെ കാപ്റ്റന്‍ ഷെന്‍ യി എന്ന തായ്വാന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ് നിയന്ത്രിച്ചിരുന്നത്. ഇദ്ദേഹത്തെക്കുറിച്ചും യാതൊരു വിവരവുമില്ല.

അതിനിടെ വിമാനം തായ്വാനിലെ ഡോങ്ഷി ടൗണ്‍ഷിപിനു സമീപമുള്ള തീരക്കടലില്‍ തകര്‍ന്നു വീണതായി ദൃക്‌സാക്ഷികളുടെ റിപോര്‍ടുണ്ട്. ഇക്കാര്യം തായ് വാന്റെ പ്രസിഡന്‍ഷ്യല്‍ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം കണ്ടെത്താനായി തായ് വാന്‍ വ്യോമസേന, തീരസംരക്ഷണ സേന, നാവിക സേന എന്നിവര്‍ ശക്തമായ തിരച്ചില്‍ തുടങ്ങിയതായും പ്രസിഡന്‍ഷ്യല്‍ ഓഫിസ് അറിയിച്ചു.

കഴിഞ്ഞ നവംബറില്‍ 64 പുതിയ എഫ് 16 ജെറ്റുകളാണ് തായ് വാന്‍ വാങ്ങിയത്. തായ് വാന്‍ വ്യോമസേനയുടെ ആക്രമണ കുന്തമുന ഈ ജെറ്റുകള്‍ അടങ്ങിയ സ്‌ക്വാഡ്രനിലാണ്. ഇത്തരം 66 പുതിയ ജെറ്റുകള്‍ കൂടി അടുത്ത വര്‍ഷം വാങ്ങാന്‍ തായ് വാന്‍ പദ്ധതിയിട്ടിട്ടുണ്ട്. അത്യാധുനിക ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങള്‍, കൂടുതല്‍ ശക്തമായ പ്രതിരോധ കവചം, കൃത്യതയാര്‍ന്ന ജിപിഎസ് സംവിധാനം, കൂടുതല്‍ ആയുധങ്ങളും ഇന്ധനവും വഹിക്കാന്‍ കെല്‍പു നല്‍കുന്ന കരുത്തുറ്റ ലാന്‍ഡിങ് ഗീയര്‍, സ്ലാം ഇആര്‍ എന്നീ മിസൈലുകള്‍ എന്നീ മിസൈലുകള്‍ ഉള്‍പെടുന്നതാണ് തായ് വാന്റെ എഫ് 16 ജെറ്റ് വിമാനങ്ങള്‍.

1998 മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ പുതിയ സംഭവത്തില്‍ ഉള്‍പെടെ എട്ട് എഫ് 16 വിമാനങ്ങള്‍ തായ് വാന്‍ വ്യോമസേനയുടേതായി തകര്‍ന്നിട്ടുണ്ടെന്നാണു കണക്ക്. ഇതില്‍ ആറെണ്ണത്തിലും പൈലറ്റുമാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ചൈനയില്‍ നിന്നുള്ള ആക്രമണ ഭീഷണി ശക്തമായതോടെ തങ്ങളുടെ വ്യോമസേനയുടെ മൂര്‍ച കൂട്ടുന്നതിന്റെ ഭാഗമായി 141 എഫ് 16 വിമാനങ്ങള്‍ 4000 കോടി ഡോളര്‍ ചെലവില്‍ തായ്വാന്‍ നവീകരിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നവീകരിക്കപ്പെട്ട വിമാനമാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.

അടുത്തിടെ ഉയര്‍ന്ന ചൈനീസ് അധിനിവേശ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ വ്യോമസേനാ വിമാനങ്ങള്‍ തുടര്‍ച്ചയായി തായ് വാന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്റര്‍സെപ്ഷന്‍ നടപടികള്‍ക്കായി തായ് വാന്റെ വ്യോമസേന നിതാന്ത ജാഗ്രതയിലാണ്.


പറക്കല്‍ പരിശീലനത്തിനിടെ തായ് വാന്‍ വ്യോമസേനയുടെ അത്യാധുനിക എഫ് 16 വൈപര്‍ ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനം കാണാതായി; പൈലറ്റിനെ കുറിച്ചും വിവരമില്ല

ഡിസംബര്‍ അഞ്ചിനു യുദ്ധസമാനമായ സാഹചര്യങ്ങള്‍ പുനസൃഷ്ടിച്ച് എലിഫെന്റ് വോക് എന്ന സൈനികാഭ്യാസം നടത്തിയത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഇത്തരം നടപടികളുടെ ഭാഗമായല്ല ഇപ്പോള്‍ വിമാനം പറന്നതെന്നും വീണതെന്നും തായ്വാന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Taiwan suspends F-16 fleet combat training after jet crashes into sea, News, Flight, Pilot, Missing, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia