Mullah Omar's Car | മുല്ല ഒമര്‍ ഉപയോഗിച്ച, 2 പതിറ്റാണ്ടിലധികം മണ്ണിനടിയിലായിരുന്ന കാര്‍ കുഴിച്ചെടുത്തു; മ്യൂസിയത്തിലേക്ക് മാറ്റുമെന്ന് താലിബാന് ഭരണകൂടം
Jul 7, 2022, 20:04 IST
കാബൂള്‍: (www.kvartha.com) താലിബാന് സ്ഥാപകന്‍ മുല്ല ഒമര്‍ ഉപയോഗിച്ച 2 പതിറ്റാണ്ടിലധികം മണ്ണിനടിയിലായിരുന്ന കാര്‍ കുഴിച്ചെടുത്തു. 2001ല്‍ യുഎസ് സൈന്യം അഫ്ഗാനിസ്താനിലെത്തിയതിന് പിന്നാലെ സൈന്യത്തിന്റെ കണ്ണില്‍പ്പെടാതെ കുഴിച്ചിട്ട വാഹനമാണ് കഴിഞ്ഞ ദിവസം താലിബാന് ഭരണകൂടം വീണ്ടെടുത്തത്.
താലിബാന് നേതാവ് അബ്ദുല്‍ ജബ്ബാര്‍ ഒമാറിയാണ് വാഹനം ഒളിപ്പിച്ചത്. അദ്ദേഹം തന്നെയാണ് വാഹനം കുഴിച്ചെടുക്കാനും നിര്‍ദേശം നല്‍കിയത്. ഏതാണ്ട് 21 വര്‍ഷം മണ്ണിനടിയിലായിരുന്നെങ്കിലും വാഹനത്തിന് കാര്യമായ കേടുപാടുകളില്ലെന്നാണ് റിപോര്‍ട്.
മുല്ല ഒമറിന്റെ വെള്ള ടൊയോട കൊറോള പ്ലാസ്റ്റികില്‍ പൊതിഞ്ഞ് സാബൂള്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് കുഴിച്ചിട്ടിരുന്നത്. വാഹനം കുഴിച്ചെടുക്കുന്ന ദൃശ്യം താലിബാന് പുറത്തുവിട്ടിട്ടുണ്ട്. ഒരു ചരിത്ര സ്മാരകമെന്ന നിലയില്‍ മുല്ല ഒമറിന്റെ വാഹനം കാബൂളിലെ നാഷനല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് താലിബാന്റെ നീക്കം.
'വാഹനത്തിന് ഇപ്പോഴും യാതൊരു തകരാറുമില്ല. മുന്‍വശത്ത് ചെറുതായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നു മാത്രമേയുള്ളൂ' സാബൂള്‍ പ്രവിശ്യയിലെ അധികൃതരെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട് ചെയ്തു.
യുഎസ് സൈന്യം മുല്ല ഒമറിന്റെ വാഹനം പിടിച്ചെടുക്കുന്നത് തടയാനാണ് ആരെയും അറിയിക്കാതെ ഇത് കുഴിച്ചിട്ടതെന്നാണ് താലിബാന് നല്കുന്ന വിശദീകരണം.
കാണ്ടഹാര്‍ പ്രവിശ്യയിലെ ഖക്രെസ് ജില്ലയിലുള്ള ചായി ഹിമ്മത് ഗ്രാമത്തില്‍ 1960ല്‍ ജനിച്ച മുല്ല ഒമര്‍ 1996 മുതല്‍ 2001വരെ താലിബാന് തലവനെന്ന നിലയില്‍ അഫ്ഗാന് ഭരിച്ച വ്യക്തിയാണ്. മുല്ല ഒമറിന്റെ മരണവുമായി ബന്ധപ്പെട്ട് പലപ്പോഴും വ്യത്യസ്തങ്ങളായ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും, 2013 ഏപ്രിലില്‍ അദ്ദേഹം മരിച്ചതായി തൊട്ടടുത്ത വര്‍ഷം ജൂലൈയില്‍ താലിബാന് സ്ഥിരീകരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.