'ഇത് ചരിത്രം സൃഷ്ടിക്കും'; റിപയര്‍ ബില്‍ കണ്ട് അമ്പരന്ന ഉടമ ടെസ്ല കാര്‍ ഡൈനാമൈറ്റ് വച്ച് തകര്‍ത്തു

 



ഹെല്‍സിങ്കി: (www.kvartha.com 22.12.2021) ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഒരു കാറുടമ തന്റെ ടെസ്ല വാഹനം 30 കിലോ ഡൈനാമൈറ്റ് ഉപയോഗിച്ച് തകര്‍ത്തുവെന്ന വാര്‍ത്ത വൈറലാവുകയാണ്. വാഹന ഉടമയായ ടുമാസ് കറ്റൈനിന്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനും ഇലക്ട്രിക് വാഹന കമ്പനിയുടെ സേവനത്തിലുള്ള തന്റെ നിരാശ പ്രകടിപ്പിക്കാനുമാണ് ഈ അറ്റകൈ പ്രയോഗം നടത്തിയതെന്ന് ഉടമ പറയുന്നു.

കൈമെന്‍ലാക്‌സോ മേഖലയിലെ മഞ്ഞുമൂടിയ ഗ്രാമമായ ജാലയില്‍വച്ചാണ് അദ്ദേഹം തന്റെ കാര്‍ തകര്‍ത്തത്. കുറച്ച് ആളുകള്‍ വിചിത്രമായ ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചു. എന്നാല്‍ പൊമിജത്കാറ്റ് (Pommijatkat) എന്ന യൂട്യൂബ് ചാനല്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ കാര്‍ തകര്‍ക്കുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തി. 

'ഇത് ചരിത്രം സൃഷ്ടിക്കും'; റിപയര്‍ ബില്‍ കണ്ട് അമ്പരന്ന ഉടമ ടെസ്ല കാര്‍ ഡൈനാമൈറ്റ് വച്ച് തകര്‍ത്തു


സ്ഫോടനത്തിനായി ഒരു ഒഴിഞ്ഞ ക്വാറിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സ്ഫോടനത്തിന് മുമ്പ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ഒരു പാവയെയും അദ്ദേഹം കാറിനുള്ളില്‍ വച്ചിരുന്നു. തുടര്‍ന്ന് ഡൈനാമൈറ്റുകള്‍ ഘടിപ്പിച്ച് കാര്‍ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു.

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 2.23 ലക്ഷം ആളുകളാണ് അത് കണ്ടത്. വിവിധ കോണുകളില്‍ നിന്നുള്ള സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സ്ലോ മോഷനില്‍ ഉള്‍പെടെ ചിത്രീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിനൊടുവില്‍ കാറിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് അവശേഷിച്ചത്.

'ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല, ഒന്നുമില്ല', കറ്റൈനിന്‍ വീഡിയോയില്‍ പറയുന്നു. ഒരു ടെസ്ല കാര്‍ തകര്‍ത്ത ലോകത്തിലെ ആദ്യത്തെ വ്യക്തി താനായിരിക്കുമെന്നും ഇത് ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടുമാസ് കറ്റൈനിന്റെ ടെസ്ല മോഡെല്‍ എസിന് ആദ്യ 1500 കിലോമീറ്ററില്‍ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഉടമ വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീട് ഇലക്ട്രിക് കാറുമായി ബന്ധപ്പെട്ട് ഉടമ പ്രശ്‌നങ്ങള്‍ നേരിട്ടു തുടങ്ങി. സെഡാന്‍ ടെസ്ല സെര്‍വീസ് സെന്ററിലേക്ക് ഒരുപാട് തവണ കാറുമായി ഉടമയ്ക്ക് പോകേണ്ടി വന്നു. പലപ്പോഴും ഒരു ട്രകിന്റെ സഹായത്തോടെയാണ് വാഹനം കൊണ്ടുപോയിരുന്നത്.

ഒരു മാസത്തിന് ശേഷം മുഴുവന്‍ ബാറ്റെറി പാകും മാറ്റാതെ സെഡാന്‍ ശരിയാക്കാന്‍ കഴിയില്ലെന്ന് കമ്പനി കാര്‍ ഉടമയെ അറിയിച്ചു. ഇതിന് ഏതാണ്ട് 20,000 യൂറോയോളം ചിലവ് വരും. കാറിന് എട്ട് വര്‍ഷത്തോളം പഴക്കമുള്ളതിനാല്‍ വാറന്റി ഉണ്ടായിരുന്നില്ല. ഇതില്‍ നിരാശനായതോടെയാണ് ടെസ്ല ഉടമ ഡൈനാമൈറ്റ് ഉപയോഗിച്ച് കാര്‍ തകര്‍ക്കാന്‍ തീരുമാനിച്ചത്.

തകര്‍പന്‍ ഫീചറുകളിലൂടെയും പുതുമകളിലൂടെയും കാര്‍ പ്രേമികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ടെസ്ല (Tesla). എന്നാല്‍, പലവിധ തകരാറുകളുടെയും പേരില്‍ ടെസ്ല എത്രയോ തവണ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. 

Keywords:  News, World, International, Car, Vehicles, Slap, Technology, Business, Finance, Tesla Model S Owner Blows Up Car After Being Slapped With 20,000-Euro Repair Bill
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia