കഴിക്കാന്‍ ഭക്ഷണവും മധുര പലഹാരങ്ങളും, താമസിക്കാന്‍ തിയേറ്റര്‍, എങ്കിലും ഒരു നഗരത്തിലെ എല്ലാം നശിപ്പിച്ച് കുരങ്ങന്‍മാര്‍; ആളുകള്‍ പുറത്തിറങ്ങുന്നത് ഭയത്തോടെ; വാനരന്‍മാരുടെ ആക്രമണത്തെ തുടര്‍ന്ന് നാടുവിട്ടവര്‍ ഏറെ

 


തായ് ലന്‍ഡ്:   (www.kvartha.com 20.01.2022) കഴിക്കാന്‍ ഭക്ഷണവും മധുര പലഹാരങ്ങളും, താമസിക്കാന്‍ തിയേറ്റര്‍, എങ്കിലും ഒരു നഗരത്തിലെ എല്ലാം നശിപ്പിച്ച് കുരങ്ങന്‍മാര്‍. ആളുകള്‍ പുറത്തിറങ്ങുന്നത് ഭയത്തോടെയാണ്. വാനരന്‍മാരുടെ ആക്രമണത്തെ തുടര്‍ന്ന് നാടുവിട്ടവര്‍ ഏറെ.
തായ് ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോകില്‍ നിന്നും അല്പം അകലെയായി സ്ഥിതിചെയ്യുന്ന ലോപ്ബുരിയിലെ ജനങ്ങള്‍ക്കാണ് കുരങ്ങന്‍മാരെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും പറ്റാതെയായത്. നഗരമാകെ കുരങ്ങന്മാര്‍ കൈയടക്കിയിരിക്കുന്നതിനാല്‍ അവയുടെ കണ്ണില്‍പെട്ടാല്‍ ദേഹത്തു ചാടിവീണ് ആക്രമിക്കും എന്നുറപ്പ്. അതുകൊണ്ടുതന്നെ പാത്തും പതുങ്ങിയുമാണ് ജനങ്ങളുടെ നടത്തം.

എന്നാല്‍ കുറച്ചുകാലം മുന്‍പുവരെ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. കുരങ്ങുകളെ സ്‌നേഹിക്കുകയും എന്തിനേറെ അവയ്ക്കായി ഉത്സവം വരെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു ഇവിടുത്തുകാര്‍. ലോപ്ബുരിയിലെ കുരങ്ങുകളെ കാണുന്നതിന് മാത്രമായി വിദേശസഞ്ചാരികള്‍ ഇവിടേക്കെത്തിയിരുന്നു.

എന്നാല്‍ കൊറോണാ വൈറസ് വ്യാപനത്തോടെ സഞ്ചാരികളുടെ ഒഴുക്ക് നിലച്ചത് മൂലം ഇവയ്ക്ക് വേണ്ടത്ര ഭക്ഷണം കിട്ടാതെയായി. അതിനുപുറമേ ജനങ്ങള്‍ പുറത്തേക്കിറങ്ങാത്തതുമൂലം അവയ്ക്ക് നഗരത്തില്‍ സ്വതന്ത്രമായി ഇറങ്ങി നടക്കാനും സാധിച്ചു. ഭക്ഷണം തേടി അവ വീടുകളിലും കെട്ടിടങ്ങളിലും അതിക്രമിച്ചുകയറിത്തുടങ്ങിയതോടെ പ്രദേശവാസികള്‍ തന്നെ കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുത്തു തുടങ്ങി.

ഏറ്റവും എളുപ്പത്തില്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന ഭക്ഷണങ്ങളും മധുര പാനീയങ്ങളുമാണ് കുരങ്ങന്മാര്‍ക്ക് നഗരവാസികള്‍ നല്‍കിയിരുന്നത്. എന്നാല്‍ ശല്യം ഒഴിവാക്കാന്‍ വേണ്ടി കൊടുത്ത ഭക്ഷണം ഇവയെ കൂടുതല്‍ ഊര്‍ജസ്വലരാക്കുകയാണ് ചെയ്തത്. അതോടെ അവ കൂടുതലായി ഇണചേരാന്‍ തുടങ്ങുകയും രണ്ടു വര്‍ഷംകൊണ്ട് നഗരത്തിലെ കുരങ്ങുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. കുരങ്ങുകളുടെ എണ്ണം കൂടിയതനുസരിച്ച് അവയ്ക്ക് ഭക്ഷണത്തിന്റെ ആവശ്യവും കൂടി വന്നു. ഇതേതുടര്‍ന്നാണ് കുരങ്ങന്മാര്‍ കൂട്ടമായി തെരുവിലിറങ്ങി ജനജീവിതം തടസപ്പെടുത്തി തുടങ്ങിയത്.

ഇപ്പോള്‍ ആയിരക്കണക്കിന് കുരങ്ങന്‍മാര്‍ തങ്ങളുടെ അധീനതയിലാക്കിയിരിക്കയാണ് ലോപ്ബുരി നഗരം. കോവിഡ് കാലത്തിനു മുന്‍പ് കൃത്യമായി കുരങ്ങുകള്‍ക്ക് വന്ധ്യംകരണം ചെയ്യാന്‍ ഭരണകൂടങ്ങളും മുന്നോട്ടുവന്നിരുന്നു. കുരങ്ങുകളെ പഴങ്ങളും മറ്റും കാണിച്ച് ആകര്‍ഷിച്ച് കൂടുകളില്‍ കയറ്റിയശേഷം ക്ലിനികുകളിലെത്തിച്ച് മയക്കി വന്ധ്യംകരണം ചെയ്യുകയായിരുന്നു പതിവ്. വന്ധ്യം കരിച്ച കുരങ്ങുകളെ തിരിച്ചറിയുന്നതിനായി ശരീരത്തില്‍ പ്രത്യേക മാര്‍കുകളും നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്രയധികം കുരങ്ങുകളെ വന്ധ്യംകരണം ചെയ്യാനാവാതെ കുഴങ്ങിയിരിക്കുകയാണ് ഭരണകൂടവും.

എണ്ണം പെരുകിയതോടെ പല കൂട്ടമായി തിരിഞ്ഞ് പരസ്പരം ആക്രമിക്കുന്ന സ്വഭാവവും ഇവയ്ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. അക്രമാസക്തരായ കുരങ്ങുകളുടെ സമീപത്തുകൂടി നടക്കാന്‍പോലും ഇവിടുത്തെ ജനങ്ങള്‍ ഭയപ്പെടുന്നു. മനുഷ്യരെ തീരെ ഭയമില്ലാതായ കുരങ്ങന്മാര്‍ ശരീരത്തിലേക്കു ചാടി കയറാനും കൈയിലുള്ളവ തട്ടിപ്പറിക്കാനുമെല്ലാം ശ്രമിക്കുന്നുണ്ട്. നഗരത്തിലെ അടച്ചിട്ട നിലയിലുള്ള സിനിമ തിയേറ്ററാണ് നിലവില്‍ കുരങ്ങന്മാരുടെ പ്രധാന താവളം. ചത്ത കുരങ്ങുകളുടെ ജഡങ്ങള്‍ തിയേറ്ററിലെ പ്രൊജക്ഷന്‍ റൂമിലാണ് ഇവ സൂക്ഷിക്കുന്നത്. തിയേറ്ററിനു സമീപത്തേക്ക് ആളുകളെത്തിയാല്‍ ഇവ കൂട്ടമായി ആക്രമിക്കുകയാണ് പതിവ്.

പൊതു ഇടങ്ങളിലും വലിയ നാശനഷ്ടം ഉണ്ടാക്കുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുന്നു. വാഹനഗതാഗതം പോലും തടസപ്പെടുത്തിക്കൊണ്ട് കുരങ്ങുകള്‍ നഗരം കൈയേറിയതിന്റെ വിഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും കുരങ്ങുകളുടെ ശല്യം വര്‍ധിച്ചത് മൂലം ലോപ്ബുരിയിലെ ജീവിതം തന്നെ മതിയാക്കി നാടുവിട്ടവരും നിരവധി. കുരങ്ങുകളെ കൂട്ടമായി മറ്റേതെങ്കിലും പ്രദേശത്തേക്ക് മാറ്റുക മാത്രമാണ് ഇവയുടെ ശല്യത്തില്‍ നിന്നും രക്ഷപെടാനുള്ള ഏക പോംവഴി. എന്നാല്‍ അപ്പോഴും ഇത്രയധികം എണ്ണത്തിനെ എങ്ങനെ മാറ്റിപ്പാര്‍പിക്കും എന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍.

കഴിക്കാന്‍ ഭക്ഷണവും മധുര പലഹാരങ്ങളും, താമസിക്കാന്‍ തിയേറ്റര്‍, എങ്കിലും ഒരു നഗരത്തിലെ എല്ലാം നശിപ്പിച്ച് കുരങ്ങന്‍മാര്‍; ആളുകള്‍ പുറത്തിറങ്ങുന്നത് ഭയത്തോടെ; വാനരന്‍മാരുടെ ആക്രമണത്തെ തുടര്‍ന്ന് നാടുവിട്ടവര്‍ ഏറെ

 

 Keywords: Thousands of monkeys terrorise Thai town: Rival gangs battle for supremacy as they compete for food, Thailand, News, Photo, Monkey, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia