തകർപൻ ജയത്തോടെ സെമിയിൽ; മെഡലിന് ഒരു ജയം മാത്രം അകലെ സിന്ധു

 


ടോക്യോ: (www.kvartha.com 30.07.2021) ഒളിംപിക്സില്‍ ഇന്‍ഡ്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വനിതാ വിഭാഗം സിംഗിള്‍സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇതാദ്യമായാണ് ഒരു ഇന്‍ഡ്യന്‍ താരം തുടര്‍ച്ചയായ രണ്ട് ഒളിംപിക്സ് ബാഡ്മിന്റണ്‍ മത്സരത്തിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഒളിംപിക്സില്‍ ഇതേ ഇനത്തില്‍ സിന്ധു വെള്ളിമെഡല്‍ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.

തകർപൻ ജയത്തോടെ സെമിയിൽ; മെഡലിന് ഒരു ജയം മാത്രം അകലെ സിന്ധു

ടൂര്‍ണമെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമി ഫൈനലില്‍ എത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍:21-13, 22-20. മത്സരം 56 മിനിട്ട് നീണ്ടു.

റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള യമാഗുച്ചിയ്ക്കെതിരേ തകര്‍പന്‍ പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത്. എതിരാളിയുടെ ബലഹീനതകള്‍ കൃത്യമായി മനസ്സിലാക്കിയ സിന്ധു ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ യമാഗുച്ചി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി. ഒരു ഘട്ടത്തില്‍ മാച്ച് പോയന്റിന് സെര്‍വ് ചെയ്ത യമാഗുച്ചിയെ പിന്നില്‍ നിന്നും തിരിച്ചടിച്ച് സിന്ധു വീഴ്ത്തുകയായിരുന്നു. അങ്ങനെയാണ് രണ്ടാം ഗെയിം താരം 22-20 ന് സ്വന്തമാക്കിയത്.

യമാഗുച്ചിയും പി വി സിന്ധുവും തമ്മിലുള്ള 19-ാം മത്സരമായിരുന്നു വെള്ളിയാഴ്ച നടന്നത്. 12 മത്സരങ്ങളില്‍ സിന്ധുവിനൊപ്പമായിരുന്നു വിജയം. ഇരുവരും ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയ മാര്‍ച്ചിലെ ഓള്‍ ഇന്‍ഗ്ലന്‍ഡ് ചാംപ്യന്‍ഷിപിലും സിന്ധുവായിരുന്നു ജേതാവ്. ഞായറാഴ്ചയാണു സെമി ഫൈനല്‍ മത്സരം.

സെമി ഫൈനലിലും വിജയം സ്വന്തമാക്കിയാല്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും ഫൈനലിലെത്തുന്ന ആദ്യ ഇന്‍ഡ്യന്‍ ബാഡ്മിന്റണ്‍ താരം എന്ന ചരിത്ര നേട്ടം സിന്ധുവിന് സ്വന്തമാകും. ഈ ഫോം തുടര്‍ന്നാല്‍ സിന്ധു ഇന്‍ഡ്യയിലേക്ക് സ്വര്‍ണവുമായി മടങ്ങും. ജയിക്കാനായില്ലെങ്കിൽ ലൂസേഴ്സ് ഫൈനലിൽ വെങ്കലത്തിനായി പൊരുതാം.

Keywords:  Tokyo Olympics: PV Sindhu blazes into semifinals, one win away from medal, Tokyo, Tokyo-Olympics-2021, News, Japan, Badminton, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia