Policy Change | അധികാരത്തിലേറിയാല്‍ ഉടന്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന് ഡോണള്‍ഡ് ട്രംപ്; ഇന്ത്യക്കാരെ കുഴപ്പത്തിലാക്കുമോ?
● നിലവില്‍ യുഎസില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് യുഎസ് പൗരത്വം ലഭിക്കും.
● നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി ഡോണള്‍ഡ് ട്രംപും അനുകൂലികളും.
● യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി അടിസ്ഥാനമാക്കിയുള്ളതാണ് പൗരത്വ അവകാശം.
വാഷിങ്ടന്‍: (KVARTHA) അധികാരത്തിലേറിയാല്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റം നിയന്ത്രണ വിധേയമാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇത്.
എന്‍ബിസിയുടെ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ചെറുപ്പത്തില്‍ തന്നെ യുഎസില്‍ എത്തിയവരും അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും രാജ്യത്ത് ജീവിച്ചവരും രേഖകളില്ലാത്തവരുമായ 'ഡ്രീമര്‍മാരെ' നിലനിര്‍ത്താന്‍ ഡെമോക്രാറ്റുകളുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ യുഎസില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് യുഎസ് പൗരത്വം ലഭിക്കും. ഇതാണ് ജന്മാവകാശ പൗരത്വം. വര്‍ഷങ്ങളായി നിലവിലുള്ള ഈ നിയമപ്രകാരം, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്കും താല്‍ക്കാലിക വീസകളില്‍ (ടൂറിസ്റ്റ് വീസ, സ്റ്റുഡന്റ് വീസ) യുഎസില്‍ താമസിക്കുന്നവര്‍ക്കും യുഎസില്‍വച്ചു ജനിക്കുന്ന കുട്ടികള്‍ക്കു പൗരത്വം ലഭിച്ചിരുന്നു.
എന്നാല്‍, ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി ഡോണള്‍ഡ് ട്രംപും അനുകൂലികളും പലപ്പോഴും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. യുഎസ് പൗരത്വം നേടുന്നതിന് കര്‍ശന മാനദണ്ഡങ്ങള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
1868ല്‍ അംഗീകരിച്ച യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി അടിസ്ഥാനമാക്കിയുള്ളതാണ് ജനനാടിസ്ഥാനത്തിലുള്ള പൗരത്വ അവകാശം. ഇത് ജന്മാവകാശ പൗരത്വം ഉറപ്പുനല്‍കുന്നു. ജന്മാവകാശ പൗരത്വം എന്നതിന്റെ അര്‍ത്ഥം യുഎസില്‍ ജനിച്ച ഏതൊരാളും സ്വയമേവ യുഎസ് പൗരരാകുമെന്നതാണ്, അതില്‍ രേഖകളില്ലാതെ കുടിയേറിയവരുടെയും വിനോദസഞ്ചാരികളുടെയും ഹ്രസ്വകാല വിസയിലുള്ള വിദ്യാര്‍ത്ഥികളുടെയും കുട്ടികള്‍ ഉള്‍പ്പെടുന്നു. അതിനാല്‍ പുതിയ തീരുമാനം പ്രാവര്‍ത്തികമാക്കണമെങ്കില്‍ നിരവധി നിയമ തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്.
#Trump, #BirthrightCitizenship, #ImmigrationReform, #USPolitics, #14thAmendment, #USNews