Controversy | 'അവളേക്കാള്‍ കാണാന്‍ സുന്ദരനാണ് ഞാന്‍'; കമലാ ഹാരിസിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി വീണ്ടും ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: (KVARTHA) വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരെ വ്യക്തിപരമായ ആക്രമണം തുടര്‍ന്ന് എതിര്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ജെ ട്രംപ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയും ഇന്‍ഡ്യന്‍ വംശജയുമായ കമലാ ഹാരിസിന്റെ ശാരീരിക സൗന്ദര്യത്തെ കുറിച്ച് പറഞ്ഞാണ് മുന്‍ പ്രസിഡന്റിന്റെ ഇത്തവണത്തെ അധിക്ഷേപം. തിരഞ്ഞെടുപ്പ് വേദികളില്‍ കമല ഹാരിസിനെ അധിക്ഷേപിക്കുന്നത് ട്രംപ് പതിവാക്കിയിരിക്കയാണ്.
കമലയെക്കാള്‍ കാണാന്‍ സുന്ദരനാണ് താനെന്നാണ് ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ടൈം മാഗസിനിലെ കമലാ ഹാരിസിന്റെ കവര്‍ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു ഈ അധിക്ഷേപം. അമേരിക്കന്‍ ദിനപത്രമായ 'ദി ഹില്‍' ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
'അവളേക്കാള്‍ കാണാന്‍ സുന്ദരനാണ് ഞാന്‍. ടൈം മാഗസിന്റെ കൈവശം അവളുടെ നല്ല ഒരു ചിത്രം പോലും ഇല്ല. കഴിവുള്ള ഒരു ചിത്രകാരനാണ് അവളെ വരച്ചത്. അവര്‍ അവളുടെ ഒരുപാട് ചിത്രങ്ങളെടുത്തുവെങ്കിലും ഒന്നും ശരിയായില്ല. അതുകൊണ്ടാണ് അവര്‍ക്ക് ചിത്രകാരനെ കൊണ്ടുവരേണ്ടിവന്നത്.' - എന്ന് ട്രംപ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേരത്തേയും ട്രംപ് നിരവധി തവണ ഇത്തരത്തില്‍ കമലയ്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. കമലയെ താന്‍ വ്യക്തിപരമായി അധിക്ഷേപിക്കുമെന്നും കാരണം തനിക്ക് കമലയോട് തരിമ്പും ബഹുമാനമില്ലെന്നുമാണ് ഇതിനോട് കഴിഞ്ഞയാഴ്ച ട്രംപ് പ്രതികരിച്ചത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ബൈഡനില്‍ നിന്ന് കമല തട്ടിയെടുത്തതാണെന്നും അതിനാല്‍ ബൈഡന്‍ ദേഷ്യത്തിലാണെന്നും അദ്ദേഹത്തിന് കമലയോട് വെറുപ്പാണെന്നും ട്രംപ് പറഞ്ഞു. ഞാന്‍ ബൈഡനെതിരെയാണ് മത്സരിക്കാനിറങ്ങിയത്, എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴെന്ത് സംഭവിച്ചു, ഇപ്പോള്‍ ഞാന്‍ മറ്റാര്‍ക്കെതിരെയോ മത്സരിക്കുന്നുവെന്നും ആരാണീ കമലാ ഹാരിസ് എന്നും ട്രംപ് ചോദിക്കുകയുണ്ടായി.
#Trump #KamalaHarris #USElection2024 #Rally #Criticism #Pennsylvania