Phone Hacked | മുന്‍ ബ്രിടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ ഫോണ്‍ ഹാക് ചെയ്തു; അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ചര്‍ചകളുടെ രഹസ്യ വിശദാംശങ്ങള്‍ ഫോണില്‍ അടങ്ങിയിട്ടുണ്ടെന്ന് റിപോര്‍ട്; പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് വേണ്ടി പ്രവര്‍ത്തിച്ച ഏജന്‍സിയെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍കാര്‍
Oct 30, 2022, 09:26 IST
ലന്‍ഡന്‍: (www.kvartha.com) മുന്‍ ബ്രിടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ ഫോണ്‍ ഹാക് ചെയ്യപ്പെട്ടിരുന്നതായി റിപോര്‍ട്. ട്രസിന്റെ അടുത്ത സുഹൃത്തായ ക്വാസി ക്വാര്‍ടെങ്ങുമായി നടത്തിയ സ്വകാര്യ സന്ദേശങ്ങളും അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ചര്‍ചകളുടെ രഹസ്യ വിശദാംശങ്ങളും ഫോണില്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപോര്‍ട്.
ലിസ് ട്രസ് വിദേശകാര്യ സെക്രടറിയായിരിക്കെയാണ് ഹാകിങ് നടന്നതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണും കാബിനറ്റ് സെക്രടറി സൈമണ്‍ കേസും ഈ വിവരം മറച്ചുവയ്ക്കുകയായിരുന്നെന്നും റിപോര്‍ടില്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് വേണ്ടി പ്രവര്‍ത്തിച്ച ഏജന്‍സിയാണ് ഹാകിങിന് പിന്നിലെന്ന് സംശയിക്കുന്നതായി ഡെയ്ലി മെയില്‍ റിപോര്‍ട് ചെയ്യുന്നു.
യുക്രൈന്-റഷ്യ യുദ്ധത്തെ കുറിച്ച് അന്താരാഷ്ട്ര വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ചകളും ആയുധ കയറ്റുമതിയെക്കുറിച്ചുള്ള വിശദാംശങ്ങളും സന്ദേശങ്ങളില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് സൂചന. വിഷയത്തില്‍ അടിയന്തര അന്വേഷണം ആരംഭിക്കാന്‍ സര്‍കാര്‍ ഉത്തരവിട്ടു.
അധികാരമേറ്റ് 45-ാം ദിവസം രാജിവച്ച ബ്രിടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. ലിസ് പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബ്രിടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. തന്നെ ഏല്പിച്ച ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നുമായിരുന്നു രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് വ്യക്തമാക്കിയത്. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്‍ഡ്യന്‍ വംശജനായ ഋഷി സുനക് ബ്രിടന്റെ പുതിയ പ്രധാനമന്ത്രിയായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.