Flight Accident | നടുറോഡില്‍ വിമാനത്തിന്റെ ക്രാഷ് ലാന്‍ഡിങ്; കാറിലിടിച്ചശേഷം നടന്നത് ഉഗ്രസ്‌ഫോടനം; അപടത്തില്‍ 2 മരണം

 


ഫ്‌ളോറിഡ: (KVARTHA) തെക്കുപടിഞ്ഞാറന്‍ ഫ്‌ളോറിഡയില്‍ ചെറുവിമാനം നടുറോഡില്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ വെന്തുമരിച്ചുതായി റിപോര്‍ട്. കോളിയര്‍ കൗണ്ടിയിലെ പൈന്‍ റിഡ്ജ് റോഡില്‍(National Highway)) വെള്ളിയാഴ്ച വൈകിട്ടാണ് വിമാനത്തിന്റെ ക്രാഷ് ലാന്‍ഡിങ് സംഭവിച്ചത്.

വിമാനം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലിടിച്ച ശേഷം സമീപമുള്ള മതിലില്‍ ഇടിക്കുകയും സ്‌ഫോടനം ഉണ്ടാകുകയുമായിരുന്നു എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അധികൃതര്‍ റിപോര്‍ട് ചെയ്തത്. വിമാനത്തിന്റെ ചിറകു കാറിലിടിച്ച ശേഷം സമീപമുള്ള മതിലില്‍ ഇടിക്കുകയായിരുന്നുവെന്നു സംഭവസ്ഥലത്തു കൂടി സഞ്ചരിച്ച ബ്രിയാന വാകര്‍ എന്ന യാത്രക്കാരി പറഞ്ഞു.

Flight Accident | നടുറോഡില്‍ വിമാനത്തിന്റെ ക്രാഷ് ലാന്‍ഡിങ്; കാറിലിടിച്ചശേഷം നടന്നത് ഉഗ്രസ്‌ഫോടനം; അപടത്തില്‍ 2 മരണം
 
ബ്രിയാന വാകറും സുഹൃത്തുമാണ് അപകടത്തില്‍പ്പെട്ട കാറിന്റെ തൊട്ടുപിന്നാലെ സഞ്ചരിച്ചത്. 'ഞങ്ങളുടെ മുന്നിലുള്ള കാറാണു കത്തിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഞങ്ങള്‍ രണ്ടുപേരും രക്ഷപ്പെട്ടത്. ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ സഞ്ചരിച്ച വിമാനം വലതു വശത്തുകൂടി തെന്നിമാറുകയായിരുന്നു. വലിയ ശബ്ദത്തോടെ ഒരു ഉഗ്ര സ്‌ഫോടനമാണ് പിന്നീടു കണ്ടത്. വിമാനത്തിന്റെ കഷണങ്ങള്‍ ദേശീയപാതയില്‍ നിറഞ്ഞു. മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും വിശ്വസിക്കാന്‍ കഴിയാത്ത ഒരു സിനിമ കഥപോലെയാണ് തോന്നുന്നത്, എന്നും ബ്രിയാന വാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബൊംബാര്‍ഡിയര്‍ ചലന്‍ജര്‍ 600 ജെറ്റ് വിമാനമാണ് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ അപകത്തില്‍പ്പെട്ടത്. സംഭവസമയത്ത് അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബസിലെ ഒഹായോ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലുള്ള വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. നേപിള്‍സിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുകയായിരുന്നു. ഇതാണ് അപകടത്തിനിരയാക്കിയത്.

ഫ്‌ളോറിഡയിലെ ഫോര്‍ട് ലോഡര്‍ഡേല്‍ ആസ്ഥാനമായുള്ള ഹോപ്-എ-ജെറ്റ് വേള്‍ഡ് വൈഡ് ചാര്‍ടറാണു വിമാനം പ്രവര്‍ത്തിപ്പിച്ചത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷനല്‍ ട്രാന്‍സ്പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം നടത്തും. അന്വേഷണസംഘം സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രാഥമിക റിപോര്‍ടു മുപ്പതു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അപകടം നടന്ന പാത അടച്ചതായും മറ്റ് വഴികളിലൂടെ യാത്ര നടത്തണമെന്നുമാണ് അധികൃതരുടെ അറിയിപ്പ്.

Keywords: Two dead after small jet attempts emergency landing, bursts into flames on Florida highway, Florida, News, Two dead, Small Jet attempts emergency land, Video, Social Media, Report, Eyewitness, World News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia