Indians Killed | റഷ്യന്‍ സൈന്യം റിക്രൂട് ചെയ്ത 2 ഇന്‍ഡ്യക്കാര്‍ കൂടി യുദ്ധത്തില്‍ കൊല്ലപ്പെട്ടു; താക്കീതുമായി വിദേശകാര്യ മന്ത്രാലയം
മൃതശരീരങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.
ഇതോടെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്‍ഡ്യക്കാരുടെ എണ്ണം നാലായി.
200 ഓളം ഇന്‍ഡ്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തില്‍ സുരക്ഷാ സഹായികളായി റിക്രൂട് ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍.
എല്ലാ പൗരന്മാരെയും ഉടന്‍ മോചിപ്പിച്ച് തിരികെ അയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം.
ന്യൂഡെല്‍ഹി: (KVARTHA) റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം റിക്രൂട് ചെയ്ത രണ്ട് ഇന്‍ഡ്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകിരിച്ചത്. ഇതോടെ, യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്‍ഡ്യക്കാരുടെ എണ്ണം നാലായി.
സംഭവത്തിന് പിന്നാലെ റഷ്യന്‍ സൈന്യത്തിന് ഇന്‍ഡ്യ താക്കീത് നല്‍കി. റഷ്യന്‍ സൈന്യത്തിലേക്ക് ഇന്‍ഡ്യന്‍ പൗരന്മാരെ റിക്രൂട് ചെയ്യുന്ന നടപടി നിര്‍ത്തണമെന്ന് ഇന്‍ഡ്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ശക്തമായ ഭാഷയില്‍ റഷ്യയോട് ഉന്നയിച്ചിട്ടുണ്ടെന്നും സൈന്യത്തിലുള്ള എല്ലാ ഇന്‍ഡ്യന്‍ പൗരന്മാരെയും ഉടന്‍ മോചിപ്പിച്ച് തിരികെ അയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ചേര്‍ന്നതല്ലെന്നും റഷ്യന്‍ സൈന്യം ഇന്‍ഡ്യന്‍ പൗരന്മാരെ ഇനി റിക്രൂട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും രാജ്യം ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മൃതശരീരങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ പ്രതിരോധ മന്ത്രാലയവും മോസ്‌കോയിലെ ഇന്‍ഡ്യന്‍ എംബസിയും റഷ്യന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികള്‍ കൈക്കൊണ്ടതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ, റഷ്യയില്‍ തൊഴിലവസരങ്ങള്‍ തേടി പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ സൈനിക സംഘത്തിലേക്കുള്ള അപകടകരമായ ജോലികള്‍ ഏറ്റെടുക്കരുതെന്നും വിദേശകാര്യ മന്ത്രാലയം മുമ്പും നിര്‍ദേശം നല്‍കിയിരുന്നു. യുദ്ധത്തില്‍ പങ്കാളികളായ രണ്ട് ഇന്‍ഡ്യക്കാര്‍ നേരത്തെ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു നിര്‍ദേശം.
ഫെബ്രുവരിയില്‍ ഗുജറാത് സൂറത് സ്വദേശി ഹേമല്‍ അശ്വിന്‍ഭായ് മംഗുവ (23) സൈനിക സേവനത്തിനിടെ യുക്രൈന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ചില്‍ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാന്‍ (30) യുക്രൈനില്‍ റഷ്യന്‍ സൈനികരോടൊപ്പം യുദ്ധം ചെയ്യുന്നതിനിടെ പരുക്കേറ്റ് കൊല്ലപ്പെട്ടിരുന്നു.
നിരവധി ഇന്‍ഡ്യക്കാരെ ഇത്തരത്തില്‍ റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയിലേക്ക് അയച്ചതായി സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിബിഐ രെജിസ്റ്റര്‍ ചെയ്ത കേസില്‍ യുവാക്കളെ റിക്രൂട് ചെയ്തതില്‍ മൂന്ന് മലയാളികളും പ്രതികളായിരുന്നു. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരുള്‍പെടെ 19 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഉള്‍പെടെ ഏഴ് നഗരങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.
200 ഓളം ഇന്‍ഡ്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തില്‍ സുരക്ഷാ സഹായികളായി റിക്രൂട് ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍. റഷ്യന്‍ സൈന്യത്തില്‍ സപോര്‍ട് സ്റ്റാഫായി ജോലി ചെയ്യുന്ന 10 ഇന്‍ഡ്യക്കാരെ മോചിപ്പിച്ച് ഇന്‍ഡ്യയിലേക്ക് തിരിച്ചയച്ചതായി അധികൃതര്‍ അറിയിച്ചു.