Drone Attack | അമേരിക്കയിലെ 9/11 ആക്രമണത്തോട് സാമ്യം; റഷ്യയെ ഞെട്ടിച്ച് യുക്രൈൻ ഡ്രോണുകൾ കെട്ടിടങ്ങൾ തകർത്തു; വീഡിയോ
● തതാര്‍സ്ഥാന്റെ ഗവർണർ റുസ്തം മിന്നികാനോവിന്റെ ഓഫീസ് നൽകിയ വിവരമനുസരിച്ച്, എട്ട് ഡ്രോണുകളാണ് നഗരത്തിൽ ആക്രമണം നടത്തിയത്.
● ഡ്രോൺ നദിക്ക് മുകളിൽ വെച്ച് റഷ്യൻ സൈന്യം വെടിവെച്ചിട്ടു.
● സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്നു.
മോസ്‌കോ: (KVARTHA) റഷ്യയുടെ ഹൃദയഭൂമിയിലേക്ക് യുദ്ധം വ്യാപിപ്പിച്ച് യുക്രൈൻ്റെ ഞെട്ടിക്കുന്ന പ്രത്യാക്രമണം. ശനിയാഴ്ച രാവിലെ, താതർസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ കസാൻ നഗരത്തിൽ യുക്രേനിയൻ ഡ്രോണുകൾ നടത്തിയ ആക്രമണം റഷ്യയെ ഞെട്ടിച്ചു. റെസിഡൻഷ്യൽ കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണം 2001-ൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിന്റെ ഭീതിദമായ ഓർമ്മകൾ ഉണർത്തുന്നതായിരുന്നു.
തതാര്‍സ്ഥാന്റെ ഗവർണർ റുസ്തം മിന്നികാനോവിന്റെ ഓഫീസ് നൽകിയ വിവരമനുസരിച്ച്, എട്ട് ഡ്രോണുകളാണ് നഗരത്തിൽ ആക്രമണം നടത്തിയത്. ഇതിൽ ആറെണ്ണം റെസിഡൻഷ്യൽ കെട്ടിടങ്ങളെയും ഒരെണ്ണം ഒരു വ്യവസായ സ്ഥാപനത്തെയും ലക്ഷ്യമിട്ടായിരുന്നു. ഒരു ഡ്രോൺ നദിക്ക് മുകളിൽ വെച്ച് റഷ്യൻ സൈന്യം വെടിവെച്ചിട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കസാൻ വിമാനത്താവളത്തിലെ വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും വാരാന്ത്യത്തിൽ നടത്താനിരുന്ന പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തു.
The moment when drones hit high-rise buildings in Kazan after the deployment of the russian electronic surveillance system.
— Jürgen Nauditt 🇩🇪🇺🇦 (@jurgen_nauditt) December 21, 2024
The russians started the war - hence - no pity for the orcs. pic.twitter.com/JbXLTbFslm
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്നു. ഉയരം കൂടിയ ഒരു കെട്ടിടത്തിലേക്ക് ഒരു വസ്തു വന്നിടിക്കുന്നതും തുടർന്നുണ്ടായ സ്ഫോടനവും ദൃശ്യങ്ങളിൽ വ്യക്തമാണ്. 'യുദ്ധം ആരംഭിച്ചത് റഷ്യയാണ്, ഓർക്കുകളോട് (റഷ്യൻ സൈനികരെ പരിഹസിച്ച് വിളിക്കുന്ന പേര്) ഒരു സഹതാപവുമില്ല', എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ യുക്രൈനിൽ പ്രചരിക്കുന്നത്.
യുക്രൈൻ ഇതുവരെ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ഡ്രോൺ ആക്രമണത്തിന് തൊട്ടുമുന്‍പ്, യുഎസ് നിർമ്മിത മിസൈലുകൾ ഉപയോഗിച്ച് റഷ്യയുടെ കുർസ്ക് അതിർത്തി പട്ടണത്തിൽ യുക്രൈൻ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
പ്രത്യാക്രമണമായി റഷ്യ ശനിയാഴ്ച രാത്രിയിൽ 113 ഡ്രോണുകളെ യുക്രൈനിലേക്ക് തൊടുത്തുവിട്ടതായി യുക്രേനിയൻ അധികൃതർ അറിയിച്ചു. യുക്രൈൻ വ്യോമസേനയുടെ കണക്കനുസരിച്ച്, 57 ഡ്രോണുകൾ വെടിവെച്ചിടുകയും 56 ഡ്രോണുകൾ ഇലക്ട്രോണിക് ജാമർ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയും ചെയ്തു. ഖാർകിവ് നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഇതിനുള്ള തിരിച്ചടിയാണ് ഈ ഡ്രോൺ ആക്രമണമെന്നും വിലയിരുത്തലുകളുണ്ട്. റഷ്യൻ സുരക്ഷാ കേന്ദ്രങ്ങളുമായി ബന്ധമുള്ള ബാസ ടെലിഗ്രാം ചാനൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ ഒരു വ്യോമ വസ്തു ഉയരം കൂടിയ കെട്ടിടത്തിൽ ഇടിക്കുന്നതായി കാണാം. കസാനിലെ മേയർ ടെലിഗ്രാമിൽ പങ്കുവെച്ചതനുസരിച്ച് സുരക്ഷ കണക്കിലെടുത്ത് വാരാന്ത്യത്തിൽ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഒഴിപ്പിക്കപ്പെട്ട ആളുകൾക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
#UkraineRussiaWar, #DroneAttack, #Kazan, #MilitaryConflict, #Tatarsan, #Russia