ലൈംഗികാരോപണം: ബ്രിടീഷ് രാജകുമാരന്‍ ആഡ്രൂവിന്റെ എല്ലാ സൈനിക രാജകീയ പദവികളും എടുത്തുകളഞ്ഞ് ബകിംങ്ഹാം കൊട്ടാരം; ഉത്തരവ് എലിസബെത് രാജ്ഞിയുടേത്
Jan 14, 2022, 08:17 IST
ലന്‍ഡന്‍: (www.kvartha.com 14.01.2022) ലൈംഗികാരോപണത്തില്‍ കുടുങ്ങിയതോടെ ബ്രിടീഷ് രാജകുമാരന്‍ ആഡ്രൂവിന്റെ എല്ലാതരം സൈനിക രാജകീയ പദവികളും എടുത്തുകളഞ്ഞ് ബകിംങ്ഹാം കൊട്ടാരം. എലിസബെത് രാജ്ഞിയാണ് മകന്റെ കാര്യത്തില്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയത്.
'രാജ്ഞിയുടെ സമ്മതത്തോടെ ഡ്യൂക് ഓഫ് ന്യൂയോര്‍കിന്റെ (ആന്‍ഡ്രൂവിന്റെ രാജകീയ പദവി) എല്ലാതര സൈനിക, രാജകീയ അവകാശങ്ങളും തിരിച്ചു വാങ്ങി' - ബകിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. എലിസബെത് രാജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ.
അമേരികയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് ബ്രിടീഷ് രാജകുടുംബത്തിന്റെ നീക്കം. ഒരു രാജകീയ പദവിയും ഇനി ഇദ്ദേഹത്തിന് ഉണ്ടാകില്ലെന്നും, തന്റെ കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ഇദ്ദേഹം നേരിടുമെന്നും പ്രസ്താവന പറയുന്നു.
ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജയിലില്‍ മരിക്കുകയും ചെയ്ത അമേരികന്‍ ശതകോടീശ്വരന്‍ ജെഫ്രി എപ്‌സ്‌റ്റൈന്റെ നിര്‍ദേശപ്രകാരം രാജകുമാരനുവേണ്ടി 17-ാം വയസില്‍, തന്നെ എത്തിച്ചുകൊടുത്തെന്ന് വിര്‍ജീനിയ എന്ന വനിത നടത്തിയ ആരോപണത്തിലാണ് ഇപ്പോള്‍ ആന്‍ഡ്രൂവിനെതിരെ കോടതി വിധി വന്നിരിക്കുന്നത്.
എപ്സ്‌റ്റൈനും ആന്‍ഡ്രൂ രാജകുമാരനും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചശേഷം പരാതിയില്‍ നടപടി ആവശ്യമില്ലെന്ന് തീരുമാനിച്ചതെന്ന് ബ്രിടീഷ് പൊലീസ് കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞിരുന്നു.
എന്നാല്‍ അമേരികയില്‍ വിര്‍ജീനിയ നല്‍കിയ സിവില്‍കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് വിര്‍ജീനയ്ക്ക് കേസുമായി മുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.