Video | ലഗേജ് താഴെ എത്തിക്കാന്‍ എളുപ്പവഴി പരീക്ഷിച്ച് യുവതികള്‍; എസ്‌കലേറ്ററില്‍ വച്ച ബാഗ് നിരപ്പായ പ്രതലത്തിലൂടെ താഴേക്ക്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്ത്രീ, വീഡിയോ വൈറല്‍
Sep 3, 2022, 12:58 IST
ബെയ്ജിങ്: (www.kvartha.com) കൈവശമിരുന്ന വലിയ ബാഗ് എസ്‌കലേറ്ററിലൂടെ കൊണ്ടുപോകാനുള്ള രണ്ട് യുവതികളുടെ ശ്രമം മറ്റൊരു യുവതിയെ അപകടത്തില്‍പെടുത്തി. ഭാരിച്ച ബാഗ് എസ്‌കലേറ്റര്‍ വഴി എളുപ്പത്തില്‍ താഴെ എത്തിക്കാനുള്ള ശ്രമമാണ് യുവതിയുടെ ജീവനുതന്നെ ഭീഷണിയായുള്ള അപകടത്തിലേക്ക് നയിച്ചത്. എന്നാല്‍ ഗുരുതരമായതൊന്നും സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.
വലിയ ട്രോളി ബാഗുകളുമായെത്തിയ രണ്ടു യുവതികളാണ് വീഡിയോയിലുള്ളത്. ഈ ട്രോളി ബാഗുകള്‍ എസ്‌കലേറ്ററിലൂടെ താഴെയെത്തിക്കാനായിരുന്നു ഇവരുടെ ശ്രമം. അതിനായി ആദ്യത്തെ വലിയ ബാഗ് ഇവര്‍ നേരെ എസ്‌കലേറ്ററിലേക്ക് എടുത്തു വയ്ക്കുകയായിരുന്നു. ഇതോടെ, ഇവര്‍ക്കു കയറാനാകും മുന്‍പ് ബാഗുമായി എസ്‌കലേറ്റര്‍ ചലിച്ചു. നിരപ്പായ പ്രതലത്തിലൂടെ നീങ്ങിയ ബാഗ് പടിയുടെ ഭാഗത്തെത്തിയതോടെ താഴേയ്ക്ക് പതിക്കുകയായിരുന്നു.
ഈ സമയം, എസ്‌കലേറ്ററിലൂടെ താഴേയ്ക്കു പോകുകയായിരുന്ന മറ്റൊരു സ്ത്രീ മുകളില്‍നിന്നുള്ള ബഹളം കേട്ട് തിരിഞ്ഞു നോക്കുന്നത് വീഡിയോയില്‍ കാണാം. ബാഗ് വരുന്നത് കണ്ടതോടെ ഇവര്‍ ഒറ്റക്കുതിപ്പിന് താഴെയെത്തിയെങ്കിലും, പാഞ്ഞെത്തിയ ബാഗ് ഇവരെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. മെഡികല്‍ സംഘം ഇവരെ പിന്നീട് സ്‌ട്രെചറില്‍ പുറത്തേക്ക് കൊണ്ടു പോകുന്നതും വീഡിയോയിലുണ്ട്.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ 'റെഡിറ്റി'ല്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്. യുവതികളുടെ അശ്രദ്ധക്കുറവ് മൂലം സംഭവിക്കാമായിരുന്ന വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് തെന്നിമാറിയത്. ഭാഗ്യം കൊണ്ട് ആ പാവം സ്ത്രീ ബാഗ് നിരങ്ങി വന്നപ്പോഴേയ്ക്കും താഴെയെത്തിയിരുന്നുവെന്നും അല്‍പം കൂടി താമസിച്ചിരുന്നെങ്കില്‍ അപകടം കൂടുതല്‍ ഗുരുതരമാകുമായിരുന്നുവെന്ന് വീഡിയോയെക്കുറിച്ച് ഒരാള്‍ കമന്റ് ചെയ്തു.
Keywords: News,World,international,Beijing,Video,Social-Media,viral, Video: They Used Escalator As Conveyor Belt, It Almost Killed A Woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.