എന്താണ് പാകിസ്താനിൽ സംഭവിക്കുന്നത്? 'ക്യാപ്റ്റനെ' ക്ലീൻ ബൗൾഡ് ആക്കാൻ പ്രതിപക്ഷം; പുറത്താകുമെന്ന് ഉറപ്പായിട്ടും കളം വിടാതെ പ്രധാനമന്ത്രി; ഇമ്രാൻ ഖാന്റെ ഭാവി എന്താവും? അറിയാം എല്ലാം

 


ഇസ്ലാമാബാദ്: (www.kvartha.com 01.04.2022) പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അദ്ദേഹത്തെ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും കൈകോർത്തപ്പോൾ ഇമ്രാൻ ഖാന്റെ നില പരുങ്ങലിലായി. എന്നാലും രാജിവെക്കില്ലെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ നിലപാട്. അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചർച ആരംഭിക്കാൻ വ്യാഴാഴ്ച സഭ വിളിച്ചുകൂട്ടി. തിങ്കളാഴ്ചയോടെയാണ് വോടെടുപ്പ്.
                            
എന്താണ് പാകിസ്താനിൽ സംഭവിക്കുന്നത്? 'ക്യാപ്റ്റനെ' ക്ലീൻ ബൗൾഡ് ആക്കാൻ പ്രതിപക്ഷം; പുറത്താകുമെന്ന് ഉറപ്പായിട്ടും കളം വിടാതെ പ്രധാനമന്ത്രി; ഇമ്രാൻ ഖാന്റെ ഭാവി എന്താവും? അറിയാം എല്ലാം

നിരവധി സഖ്യകക്ഷികൾ ഇമ്രാന്റെ പാകിസ്താൻ തെഹ്‌രീകെ-ഇ-ഇൻസാഫ് (പിടിഐ) പാർടിയെ ഉപേക്ഷിച്ചു. പിടിഐയിൽ നിന്ന് തന്നെ നിരവധി പേർ പ്രതിപക്ഷത്തിനൊപ്പം ചേർന്നു. 342 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ 172 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എന്നാൽ പ്രതിപക്ഷത്തിന് ഇപ്പോൾ 175 പേരുടെ പിന്തുണയുണ്ട്. സർകാരിനാകട്ടെ 164 മാത്രം. എന്നിരുന്നാലും, പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ഇമ്രാൻ ഖാൻ ഇപ്പോഴും പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നിന്ന് തന്റെ സർകാരിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

മുന്നിലെ വഴി?

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇമ്രാൻ ഖാന്റെ രണ്ട് വഴികളേയുള്ളൂ. ഒന്നാമതായി അദ്ദേഹം രാജിവയ്ക്കണം. അല്ലെങ്കിൽ സഖ്യകക്ഷികളുടെ പിൻബലത്തിൽ ഭൂരിപക്ഷം ഉറപ്പാക്കണം. നിലവിലെ സാഹചര്യത്തിൽ രണ്ടാമത്തെ ഓപ്ഷൻ അസാധ്യമാണ്. ഇമ്രാൻ ഖാൻ പാകിസ്താന്റെ പ്രശസ്ത ക്രികറ്റ് താരമാണ്. ലോകകപ് നേടിക്കൊടുത്തു. 2018ൽ അധികാരത്തിലെത്തിയപ്പോൾ പാകിസ്താന് പുതിയ പ്രതീക്ഷ നൽകിയെങ്കിലും മൂന്നര വർഷത്തിന് ശേഷം ഭിക്ഷക്കാരനെപ്പോലെ അധികാരത്തിൽ നിന്ന് പുറത്താകുന്ന മട്ടിലാണ് അദ്ദേഹം. ‘നയാ പാകിസ്താൻ’ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത ഇമ്രാൻ ഖാന് പോലും പാകിസ്താനിലെ ജനാധിപത്യ സർകാർ കാലാവധി പൂർത്തിയാക്കാതെ ഒഴിയേണ്ടിവരുന്ന ചരിത്രത്തെ മാറ്റാൻ കഴിയുന്നില്ല.

സൈന്യം കൈ വലിച്ചോ?

സൈന്യത്തിന്റെ പിന്തുണയില്ലാതെ ഭരണം നടത്തുക അസാധ്യമാണെന്നാണ് പാകിസ്താനെ കുറിച്ച് പൊതുവെയുള്ള അഭിപ്രായം. ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് പിന്നിലും സൈന്യമുണ്ടെന്ന് പ്രചാരണം ഉണ്ടായിരുന്നു. സൈന്യത്തിന്റെ പിന്തുണ തുടർന്നും ലഭിച്ചെങ്കിലും ഇപ്പോൾ സൈന്യവും പിൻവലിച്ചിരിക്കുകയാണ്.

സാമ്പത്തിക മേഖലയിലും പരാജയപ്പെട്ടു

അഭിവൃദ്ധി വാഗ്ദാനം ചെയ്താണ് ഇമ്രാൻ അധികാരത്തിൽ വന്നത്, എന്നാൽ അദ്ദേഹത്തിന്റെ സർകാരിന്റെ കാലത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇടിയുകയും പണപ്പെരുപ്പം ഉയരുകയും ചെയ്തു. സാധാരണക്കാരുടെ ജീവിതം ദുരിതമായി. വിദേശ കടം വർധിച്ചു. ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ മൂന്നര വർഷത്തിനിടെ അദ്ദേഹം അഞ്ച് ധനമന്ത്രിമാരെ മാറ്റി, എന്നിട്ടും സാമ്പത്തിക രംഗത്ത് സർകാരിന് ഒന്നും നൽകാൻ കഴിഞ്ഞില്ല. ഒരു മെഗാ പ്രോജക്ടും ആരംഭിക്കാൻ കഴിഞ്ഞില്ല.രാജ്യം ഭരിക്കാൻ അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടും ഉണ്ടായിരുന്നില്ല.

ശക്തമായ പ്രതിപക്ഷത്തിന് മുന്നിൽ ഇമ്രാൻ ഒറ്റയ്ക്ക്

രാജ്യത്തെ അഴിമതി രഹിതമാക്കുമെന്ന് ഇമ്രാൻ ഖാൻ വാഗ്ദാനം ചെയ്തിരുന്നു. ദേശീയ അകൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) ലക്ഷ്യം പ്രതിപക്ഷ നേതാവായിരുന്നു. പ്രതിപക്ഷത്തെ പ്രമുഖരായ നവാസ് ശരീഫ് കുടുംബവും, ആസിഫ് അലി സർദാരി കുടുംബവും എൻഎബിയുടെ പിടിയിലായി. അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ മുൻപ്രധാനമന്ത്രി നവാസ് ശരീഫിനെയും സർദാരിയെയും എൻഎബി അറസ്റ്റ് ചെയ്തു. ഇരുപാർടികളിലെയും നിരവധി നേതാക്കളും അറസ്റ്റിലായി. എൻഎബിയുടെ നടപടികളിൽ തകർന്ന പ്രതിപക്ഷ പാർടികൾ ഇമ്രാൻ ഖാനെതിരേ ഒന്നിക്കുകയും അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് വിശകലന വിദഗ്ധർ കരുതുന്നു.ഇതിന് പുറമെ ഇമ്രാൻ ഖാന് തന്നെ തന്റെ പാർടിയെ ഒന്നിപ്പിക്കാൻ കഴിഞ്ഞില്ല.

പാകിസ്‌താൻ അമേരികയ്ക്ക് മുന്നിൽ തലകുനിക്കാൻ നിർബന്ധിതനാകുമോ?

പാകിസ്‌താൻ പരമ്പരാഗതമായി യുഎസിന്റെ സഖ്യകക്ഷിയാണ്, എന്നാൽ രാജ്യത്തെ യുഎസ് സ്വാധീനത്തിൽ നിന്ന് മോചിപ്പിക്കാനും സ്വതന്ത്ര വിദേശനയം പിന്തുടരാനും താൻ ശ്രമിച്ചുവെന്ന് ഇമ്രാൻ ഖാൻ ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. ചൈനയിലേക്കും റഷ്യയിലേക്കും കൂടുതൽ അടുക്കുന്നത് കാണാമായിരുന്നു. റഷ്യ യുക്രൈൻ ആക്രമിച്ച ദിവസം മോസ്‌കോയിൽ പ്രസിഡന്റ് പുടിനൊപ്പമായിരുന്നു ഇമ്രാൻ. ലോകത്തിന് ഒരു സന്ദേശം നൽകാനാണ് ഇമ്രാൻ ശ്രമിച്ചത്.

അവസാനം പാകിസ്‌താൻ വീണ്ടും അമേരികയുടെ മുന്നിൽ തലകുനിക്കാൻ നിർബന്ധിതരാകുമോ എന്നതും ചോദ്യമാണ്. രാജ്യത്തിന് യുഎസിൽ നിന്ന് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും പാകിസ്‌താൻ ഒരിക്കലും അമേരികയുമായുള്ള ബന്ധം വിച്ഛേദിച്ചില്ല.

വിദേശശക്തിയുടെ ഇടപെടലിന്റെ യുക്തി പൊതുസമൂഹം അംഗീകരിക്കുമോ?

വിദേശശക്തി തന്റെ സർകാരിനെ താഴെയിറക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ ആവർത്തിച്ച് പറയുന്നു. അദ്ദേഹം ഒരു കത്തും പരാമർശിക്കുന്നു. എന്നിരുന്നാലും, ഔദ്യോഗിക രഹസ്യ നിയമം ഉദ്ധരിച്ച് അദ്ദേഹം അതിന്റെ ഉള്ളടക്കം പരസ്യമാക്കിയിട്ടില്ല. ഇമ്രാൻ ഖാനും പാകിസ്താനിൽ വലിയ ആരാധകവൃന്ദമുണ്ട്. അദ്ദേഹത്തിൻറെ അനുയായികളെങ്കിലും ഇതിൽ വിശ്വസിക്കുന്നു. വിദേശ ശക്തികൾ ഇതിൽ ഉൾപെട്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. എന്നിരുന്നാലും, ഈ യുക്തി അദ്ദേഹത്തിന്റെ സർകാരിനെ രക്ഷിച്ചേക്കില്ല, പക്ഷേ ഇമ്രാൻ ഖാന്റെ തുടർന്നുള്ള രാഷ്ട്രീയ യാത്രയിൽ ഇത് അദ്ദേഹത്തിന് ഉപകാരപ്പെട്ടേക്കാം.

Keywords:  News, World, Top-Headlines, Pakistan, Country, Prime Minister, Politics, Cricket, Player, World Cup, What is happening in Pakistan?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia