Homeopathy Day | വിവാദങ്ങൾക്കിടയിലും ജനപ്രിയമായി തുടരുന്ന ഹോമിയോപ്പതിക്ക് 270 വയസ്സ്; പാർശ്വഫലങ്ങളില്ലാത്ത ജനകീയ ചികിത്സ


● ഡോ. സാമുവൽ ഹാനിമാൻ്റെ 270-ാം ജന്മദിനം.
● രോഗഹേതു കൊണ്ട് രോഗത്തെ ചികിത്സിക്കുന്നു.
● ഹോമിയോയുടെ അടിസ്ഥാന ഗ്രന്ഥം 'ഓർഗാനൻ'.
ഭാമനാവത്ത്
(KVARTHA) ഇന്ന് ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത് ഈ ചികിത്സാരീതിയുടെ ഉപജ്ഞാതാവായ ഡോക്ടർ സാമുവൽ ഹാനിമാൻ്റെ 270-ാം ജന്മദിനത്തിലാണ്. വിവാദങ്ങളും എതിർപ്പുകളും നേരിട്ട ഒരു ചികിത്സാരീതിയായിരുന്നിട്ടും ഹോമിയോപ്പതി നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ജനപ്രിയമാണ്.
പരാജയത്തിൻ്റെ കയ്പ് നീർ മറ്റൊരു ലോകോപകാര ചികിത്സയുടെ ആവിഷ്കാരത്തിന് വഴിവെച്ച സംഭവമാണ് ഹോമിയോപ്പതി ചികിത്സയുടെ ചരിത്രത്തിന് പറയാനുള്ളത്. ഇതിന് കാരണക്കാരനും ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിൻ്റെ പിതാവെന്നറിയപ്പെടുന്ന വ്യക്തിയുമായ ഡോക്ടർ സാമുവൽ ഹാനിമാൻ്റെ ജന്മദിനമായ ഏപ്രിൽ പത്താണ് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്.
1755 ഏപ്രിൽ 10-ന് ജർമ്മനിയിലെ സാക്സണിയിലാണ് ക്രിസ്ത്യൻ ഫെഡറിക്ക് സാമുവൽ ഹാനിമാൻ ജനിച്ചത്. അദ്ദേഹം വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയിരുന്നു.
അലോപ്പതി ചികിത്സകനായിരുന്ന ഡോ. സാമുവൽ ഹാനിമാൻ എന്ന ജർമ്മൻകാരൻ ടൈഫോയ്ഡ് ബാധിച്ച സ്വന്തം കുഞ്ഞിനെ അലോപ്പതി ചികിത്സാ വിധി പ്രകാരം ചികിത്സിക്കവേ, താൻ പ്രചരിപ്പിച്ച ചികിത്സാരീതി മകന്റെ ടൈഫോയ്ഡിന് മുന്നിൽ പൂർണ്ണമായും പരാജയപ്പെട്ടത് കണ്ട് അമ്പരന്നു നിൽക്കുകയായിരുന്നു.
ഏറെ ഫലപ്രദമെന്ന് താൻ കരുതുകയും പ്രചരിപ്പിക്കുകയും ചെയ്ത ശാസ്ത്രശാഖയ്ക്ക് എന്തെല്ലാമോ പോരായ്മകൾ ഉള്ളതായി അദ്ദേഹത്തിന് മനസ്സിലായി. ഇതിന് പരിഹാരം തേടിയുള്ള ഡോക്ടർ സാമുവൽ ഹാനിമാൻ്റെ യാത്രയുടെ ബാക്കിയാണ് കുട്ടികൾക്കെല്ലാം പ്രിയങ്കരമായ ഹോമിയോ ചികിത്സാരീതി.
മലമ്പനിയെ പ്രതിരോധിക്കാൻ ഗ്രാമീണർ ക്വിന മരത്തെ ഉപയോഗിക്കുമെന്ന പുത്തനറിവ് ക്വിന മരത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന് സംശയങ്ങൾ വർദ്ധിച്ചു വന്നു. ക്വിന വൃക്ഷച്ചില്ലകൾ ഉപയോഗിച്ച് അദ്ദേഹം പരീക്ഷണം ആരംഭിച്ചു. ഈ അറിവാണ് ഹോമിയോപ്പതി വൈദ്യശാസ്ത്രശാഖയ്ക്ക് അടിത്തറ നൽകിയത്. രോഗഹേതുകൊണ്ട് തന്നെ രോഗത്തെ ചികിത്സിക്കുന്ന സമ്പ്രദായത്തിന് ഇപ്രകാരം തുടക്കമായി.
രോഗഹേതുവിനെ കണ്ടെത്തി രോഗപരിഹാരം നടത്തുന്ന ഹോമിയോ ചികിത്സയിൽ പ്രകൃതിജന്യ വസ്തുക്കളാണ് ഔഷധമായി ഉപയോഗിക്കുന്നത്. വൈറസുകൾ മൂലമുണ്ടാകുന്ന അസുഖങ്ങൾക്കും ഹോമിയോ ചികിത്സ ഏറെ ഫലപ്രദമാണ്. പാർശ്വഫലങ്ങൾ ഇല്ലെന്നത് ഈ ചികിത്സയെ ഏറെ ജനപ്രിയമാക്കുന്നു.
അലോപ്പതിയെ അവിശ്വസിച്ച് പുതിയ ചികിത്സാരീതി നടപ്പാക്കിയ ഡോക്ടർ ഹാനിമാനെതിരെ ആദ്യകാലഘട്ടത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും ക്രമേണ എല്ലാവരും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് വരികയുണ്ടായി.
സദൃശ്യം സദൃശ്യത്തെ സുഖപ്പെടുത്തുന്നു എന്നതാണ് ഹോമിയോയുടെ അടിസ്ഥാന തത്വം. അദ്ദേഹം രചിച്ച 'ദി ഓർഗാനൻ ഓഫ് ദി ഹീലിംഗ് ആർട്ട്' ആണ് ഹോമിയോയുടെ അടിസ്ഥാന ഗ്രന്ഥം. പുതിയ ചികിത്സാരീതി വഴി ഏറെ ജനവിശ്വാസം ആർജ്ജിച്ച ഡോക്ടർ ഹാനിമാൻ 1843 ജൂലൈ 2-ന് ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹം ആവിഷ്കരിച്ച ചികിത്സാ മാർഗ്ഗം കൂടുതൽ ശാസ്ത്രീയമാവുകയും ലോകമെങ്ങുമുള്ള രോഗികൾക്ക് ആശ്വാസമായി മാറുകയും ചെയ്യുന്നുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
World Homeopathy Day is observed on April 10th, the 270th birth anniversary of its founder, Dr. Samuel Hahnemann. Despite controversies, homeopathy remains a popular treatment method worldwide due to its lack of side effects and effectiveness, based on the principle "like cures like."
#WorldHomeopathyDay #Homeopathy #SamuelHahnemann #AlternativeMedicine #NaturalTreatment #Health