Religious Controversy | അബ്ദുസമദ് പൂക്കോട്ടൂരിനെ തിരുത്തി ഹമീദ് ഫൈസി അമ്പലക്കടവ്; സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിനെ ചൊല്ലി വിവാദം 

 
Abdusamad Pookkottur Corrects Hamid Faizi Amabalakkadav Over Cake Cutting Incident
Abdusamad Pookkottur Corrects Hamid Faizi Amabalakkadav Over Cake Cutting Incident

Photo Credit: Facebook/ Abdussamad Pookkottur, Abdul Hameed Faizy Ambalakadavu/ Screenshot from a Facebook video by Sayyid Sadik Ali Shihab Thangal

● സമസ്തയിലെ മറ്റൊരു നേതാവായ അബ്ദു സമദ് പൂക്കോട്ടൂരിന്റെ നിലപാടിനെ ഫൈസി വിമർശിച്ചു.
● മുൻപ് നിലവിളക്ക് കൊളുത്താത്ത വിഷയത്തിലും, പൊട്ട് തൊട്ട വിവാദത്തിലും ഉണ്ടായ ചർച്ചകൾ ഹമീദ് ഫൈസി ഓർമ്മിപ്പിച്ചു.
● വിമർശനം മുസ്ലിം ലീഗിനകത്തും സമസ്തയിലും പുതിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

മലപ്പുറം: (KVARTHA) മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ക്രിസ്മസ് ദിനത്തിൽ ബിഷപ്പിനൊപ്പം കേക്ക് മുറിച്ചതിൽ വിമർശനവുമായി സമസ്ത നേതാവ് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും, ഇത് കർമശാസ്ത്ര ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും ഹമീദ് ഫൈസി ചൂണ്ടിക്കാട്ടി. 

ലീഗിന്റെ മുൻഗാമികൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സമസ്തയിലെ മറ്റൊരു നേതാവായ അബ്ദു സമദ് പൂക്കോട്ടൂരിന്റെ നിലപാടിനെ ഫൈസി വിമർശിച്ചു. അന്യമതസ്ഥരുടെ ആചാരങ്ങളിൽ വിശ്വാസമില്ലാതെ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു പൂക്കോട്ടൂരിന്റെ വാദം. എന്നാൽ, വിശ്വാസമുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും, അത്തരം ആചാരങ്ങളിൽ പങ്കെടുക്കുന്നത് കർമശാസ്ത്രപരമായി തെറ്റാണെന്നും ഹമീദ് ഫൈസി വ്യക്തമാക്കി.

മുൻപ് നിലവിളക്ക് കൊളുത്താത്ത വിഷയത്തിലും, പൊട്ട് തൊട്ട വിവാദത്തിലും ഉണ്ടായ ചർച്ചകൾ ഹമീദ് ഫൈസി ഓർമ്മിപ്പിച്ചു. 2015ൽ മുസ്ലിം ലീഗ് മന്ത്രിയായിരുന്ന പി കെ അബ്ദുറബ് നിലവിളക്ക് കൊളുത്താതെ വിട്ടുനിന്നത് വലിയ ചർച്ചയായപ്പോൾ അന്ന് ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിലവിളക്ക് കൊളുത്തുന്നത് പാർടിയുടെ പാരമ്പര്യമല്ലെന്നും, ആ നിലപാട് തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു. 

അതുപോലെ, മുൻ മന്ത്രി ചെർക്കളം അബ്ദുല്ല പൊട്ട് തൊട്ട വിവാദത്തിൽ പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. തുടർന്ന് ചെർക്കളം അബ്ദുല്ല തെറ്റ് തിരുത്തുകയും ചെയ്‌തു. അമുസ്ലിംകളോട് സ്നേഹവും സൗഹാർദവും സഹിഷ്ണുതയും വേണമെന്നും, എന്നാൽ അവരുടെ മതപരമായ ആചാരങ്ങളെ പിന്തുടരാൻ പാടില്ലെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. കേക്ക് മുറിക്കലല്ല പ്രശ്നം, മറിച്ച് മറ്റ് മതസ്ഥർ ചെയ്യുമ്പോൾ ആ ആചാരത്തിനോട് തുല്യത പാലിച്ചു ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാദിഖലി ശിഹാബ് തങ്ങൾ ക്രിസ്മസ് ദിനത്തിൽ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസ് സന്ദർശിക്കുകയും ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്ക് മുറിക്കുകയും ചെയ്‌തിരുന്നു. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്നും തങ്ങൾ ഈ സന്ദർശനത്തിന് ശേഷം പറയുകയുണ്ടായി. തങ്ങൾ ക്രിസ്മസ് ദിനത്തിൽ ആശംസകൾ അറിയിക്കാനായി എത്തിയതിൽ സന്തോഷമുണ്ടെന്ന് ബിഷപ്പ് വർഗീസ് ചക്കാലക്കലും പ്രതികരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീർ എംഎൽഎ, ഉമർ പാണ്ടികശാല, പി ഇസ്മാഈൽ, ടിപിഎം ജിഷാൻ, എൻ സി അബൂബക്കർ എന്നിവരും സാദിഖലി തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. 

ഈ സംഭവത്തെ അബ്ദു സമദ് പൂക്കോട്ടൂർ ന്യായീകരിച്ചതാണ് അബ്ദുൽ ഹമീദ് ഫൈസിയുടെ വിമർശനത്തിന് കാരണമായത്. സമസ്തയിലെ ലീഗ് അനുകൂലികൾക്കൊപ്പമാണ് അബ്ദു സമദ് പൂക്കോട്ടൂർ, എന്നാൽ ലീഗ് വിരുദ്ധചേരിയിലെ പ്രമുഖനാണ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. വിമർശനം മുസ്ലിം ലീഗിനകത്തും സമസ്തയിലും പുതിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

 #HamidFaizi, #SadiqaliThangal, #ReligiousControversy, #MuslimLeague, #KeralaPolitics, #ChristmasCelebrations

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia