വര്‍ഗീയതയുടെ ആള്‍രൂപമായ അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയത് നാടിനെ അപമാനിക്കുന്ന പ്രചാരണം; ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ട, മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നുവെന്നും പിണറായി

 


പിണറായി: (www.kvartha.com 08.03.2021) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയതെന്നും ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ടെന്നും പിണറായി പറഞ്ഞു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയതയുടെ ആള്‍രൂപമായ അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയത് നാടിനെ അപമാനിക്കുന്ന പ്രചാരണം; ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ട, മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നുവെന്നും പിണറായി
കേരളത്തെ അപമാനിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഒരക്ഷരം പറഞ്ഞില്ല. പദവിക്ക് ചേരുന്ന രീതിയിലല്ല അമിത് ഷാ സംസാരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ധര്‍മടം മണ്ഡലത്തിലെ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്ന് രാജ്യമാകെ അറിയാത്തതല്ല. വര്‍ഗീയത ഏതെല്ലാം തരത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് എന്തും ചെയ്യുന്ന ആളാണ്. മതസൗഹാര്‍ദത്തിന്റെയും മതനിരപേക്ഷതയുടെയും നാട്ടില്‍ വന്നാണ് ഞായറാഴ്ച അദ്ദേഹത്തിന്റെ ഉറഞ്ഞുതുള്ളല്‍ ഉണ്ടായത്, എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ദുരൂഹ മരണത്തെക്കുറിച്ചാണ് അമിത് ഷാ ഇവിടെ വന്ന് പറഞ്ഞത്. എന്താണെന്ന് വ്യക്തമാക്കിയാല്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാണ്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്, ഏതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായി ഞാന്‍ ജയിലില്‍ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, നിയമവിരുദ്ധമായി പിന്തുടരല്‍ തുടങ്ങിയ ഗുരുതരമായ കേസുകള്‍ നേരിട്ടത് ആരായിരുന്നു. അതൊക്കെ നിങ്ങള്‍ നേരിട്ടിട്ടുണ്ട്, എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സൊറാബുദ്ദീന്‍ ഷെയ്ക്ക് അടക്കമുള്ളവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ പേരില്‍ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. ആ കേസ് കേള്‍ക്കാനിരുന്ന ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അമിത് ഷായ്ക്ക് അതേപ്പറ്റി മിണ്ടാന്‍ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കില്‍ നിങ്ങളുടെ ചെയ്തികള്‍ ഞങ്ങള്‍ക്കും പറയേണ്ടിവരും, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം അമിത് ഷാ ചില ചോദ്യങ്ങള്‍ ചോദിച്ചു. അമിത് ഷായോട് ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനികളില്‍ ഒരാള്‍ അറിയപ്പെടുന്ന സംഘപരിവാറുകാരനല്ലേ. സ്വര്‍ണക്കള്ളക്കടത്ത് തടയാനുള്ള പൂര്‍ണ ഉത്തരവാദത്വം കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിനല്ലേ. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കള്ളക്കടത്തിന്റെ കേന്ദ്രമായതെങ്ങനെയാണ്. അമിത് ഷാ ഉത്തരം പറയണം. മുഖ്യമന്ത്രിയല്ല അതിന് ഉത്തരം പറയേണ്ടത്.

സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കാളിത്തം ഉണ്ട് എന്നത് അമിത് ഷായ്ക്ക് അറിയാത്തതാണോ. കള്ളക്കടത്തിന് തടസം വരാതിരിക്കാന്‍ സംഘപരിവാറുകാരെ വിവിധ ചുമതലകളില്‍ നിയമിച്ചത് ബോധപൂര്‍വമല്ലേ.

ആദ്യം അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങിയത്. പിന്നീട് ആ അന്വേഷണം അമിത് ഷായ്ക്കും കൂട്ടര്‍ക്കും നേരെ നീങ്ങുന്നു എന്നു വന്നപ്പോഴല്ലേ അന്വേഷണം വഴിതിരിച്ചുവിട്ടത്. പാര്‍ടി ചാനലിന്റെ മേധാവിക്കുനേരെ അന്വേഷണം നീണ്ടപ്പോഴല്ലേ അന്വേഷണം അട്ടിമറിക്കുന്ന നിലയിലേക്ക് എത്തിയത്. സംഘപരിവാര്‍ ബന്ധമുള്ളവര്‍ ഉണ്ട് എന്നതിനാലല്ലേ അവരിലേക്ക് അന്വേഷണം എത്തേണ്ടതില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Keywords:  Amit Shah is the human form of communalism; Don't come here and teach a sense of justice - Pinarayi with harsh criticism, Chief Minister, Pinarayi  Vijayan, Criticism, Religion, Assembly Election, Congress, Kerala, News, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia