Religious Rituals | കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ അത്യപൂര്‍വ അനുഷ്ഠാന പൂജകള്‍; ആഴിപൂജയും കുംഭപ്പാട്ടും വെള്ളംകുടി നിവേദ്യവും ഭക്തിസാന്ദ്രമായി
● ശബരിമല ഉത്സവ ഗുരുതിക്ക് ശേഷം വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ചടങ്ങ്.
● കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിച്ചു.
● മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.
● തേക്കില നാക്ക് നീട്ടി 101 നിലവിളക്കുകള്‍ തെളിയിച്ചു.
● കാട്ടുവിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്തു.
● 21 കൂട്ടം കാട്ടു വിറകുകള്‍ ഉപയോഗിച്ച് ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ചു.
കോന്നി: (KVARTHA) പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധം വിളിച്ചോതുന്ന വനവാസി സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ക്ക് ജീവന്‍ നല്‍കി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം) അപൂര്‍വ അനുഷ്ഠാന പൂജകളും ദ്രാവിഡ കലാരൂപങ്ങളും അരങ്ങേറി. ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന ആചാരങ്ങളാണ് ഇവിടെ നടന്നത്.
ശബരിമല ഉത്സവ ഗുരുതിക്ക് ശേഷം വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ ചടങ്ങില്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ എന്നിവ പ്രധാനമായിരുന്നു. വീരയോദ്ധാവും മാന്ത്രികനും 999 മലകളുടെ ഊരാളിയുമായിരുന്ന കല്ലേലി ഊരാളി അപ്പൂപ്പനെയും പ്രകൃതിയെയും സ്തുതിക്കുന്ന കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിച്ചു. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി നടത്തുന്ന വെള്ളംകുടി നിവേദ്യം പ്രധാന ചടങ്ങായിരുന്നു.
കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര്‍ കടല്‍ വരെയുള്ള ദേശങ്ങളുടെയും പതിനാലു ലോകത്തിന്റെയും നന്മക്കായി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. വെള്ളി പരമ്പ് നിവര്‍ത്തി 101 കളരികള്‍ക്കും കുലജാതര്‍ക്കും വേണ്ടി തേക്കില നാക്ക് നീട്ടി 101 നിലവിളക്കുകള്‍ തെളിയിച്ചു. കാട്ടുവിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്തു. കരിക്ക്, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്പ് എന്നിവ ചേര്‍ത്താണ് കളരി പൂജ സമര്‍പ്പിച്ചത്.
21 കൂട്ടം കാട്ടു വിറകുകള്‍ ഉപയോഗിച്ച് ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ചു. അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യം കലശമായി തളിച്ചു. 999 മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍, പച്ചിരുമ്പ്, ഉണക്കപ്പാള, ഉണക്കകമ്പ് എന്നിവ ചേര്‍ത്തുള്ള കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അവതരിപ്പിച്ചു.
മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെയുള്ള താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, പ്രകൃതി സംരക്ഷണ പൂജ, വാനര പൂജ, വാനര ഊട്ട്, മീനൂട്ട്, ആനയൂട്ട്, പ്രഭാത വന്ദനം, പ്രഭാത പൂജ, സന്ധ്യാ നമസ്‌കാരം എന്നിവയ്ക്ക് ശേഷമാണ് ആഴിപൂജയും വെള്ളം കുടി നിവേദ്യവും മറ്റ് അപൂര്‍വ അനുഷ്ഠാന പൂജകളും നടന്നത്.
രാവിലെ വരെ നീണ്ടുനിന്ന പൂജകള്‍ക്ക് ഊരാളിമാര്‍ നേതൃത്വം നല്‍കി. കാവ് ട്രസ്റ്റി അഡ്വ. സി.വി. ശാന്തകുമാര്‍, സെക്രട്ടറി സലിം കുമാര്‍ കല്ലേലി, പി.ആര്‍.ഒ. ജയന്‍ കോന്നി, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സാബു കുറുമ്പകര എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഈ അപൂർവ്വമായ ആചാരങ്ങളെ കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Rare rituals were performed at the Kalleli Oorali Appuppan Kavu, a temple in Konni, Kerala. These rituals, including the Aazhi Pooja and Vellamkudi Nivedyam, are deeply rooted in the traditions of the Adi Dravidian Naga tribes.