Jifri Thangal | ഹജ്ജ് വ്യക്തിത്വ മാറ്റത്തിനായി ഉപയോഗപ്പെടണമെന്ന് ജിഫ്രി തങ്ങൾ
രാജ്യത്തിന് വേണ്ടിയും, സമാധാനത്തിന് വേണ്ടിയും, സൗഹാർദത്തിനായും സംഘടനകളുടെ ഐക്യത്തിന് വേണ്ടിയും പ്രാർത്ഥിക്കാൻ തങ്ങൾ ഉണർത്തി
മട്ടന്നൂർ: (KVARTHA) ഹജ്ജ് തീർത്ഥാടനം വിശ്വാസിയെ വ്യക്തിപരമായി മാറ്റിയെടുക്കാനുള്ളതാണെന്നും പുതിയ മനുഷ്യരായി തിരിച്ചു വരുമെന്ന പ്രതിജ്ഞയോടെ ഹാജിമാർ പുറപ്പെടണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ആഹ്വാനം ചെയ്തു. കണ്ണൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് തീർത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു തങ്ങൾ.
ഹജ്ജ് വിനോദ യാത്രയല്ല. അക്രമിയും തെമ്മാടിയും ദുർബോധകരുമില്ലാത്ത വിശുദ്ധ മക്കയിലേക്കാണ് പോകുന്നതെന്ന് മറക്കരുത്. സ്ത്രീകൾ അവരുടെ ബാധ്യതകൾ മുറുകെ പിടിക്കാൻ യാത്രയെ ഉപയോഗപ്പെടുത്തണമെന്ന് ക്യാമ്പിലെ ഏറ്റവും കൂടുതൽ വനിതാ തീർത്ഥാടകർ ഉൾപ്പെട്ട സദസിനോട് തങ്ങൾ ഉണർത്തി.
രാജ്യത്തിന് വേണ്ടിയും, സമാധാനത്തിന് വേണ്ടിയും, സൗഹാർദത്തിനായും സംഘടനകളുടെ ഐക്യത്തിന് വേണ്ടിയും പ്രാർത്ഥിക്കാൻ തങ്ങൾ അല്ലാഹുവിൻ്റെ അതിഥികളെ ഉണർത്തി. ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി. പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. പി.ടി അക്ബർ സ്വാഗതം പറഞ്ഞു.