Rabi'ul Awwal | പുണ്യ റബീഉൽ അവ്വൽ പിറന്നു; കേരളത്തിൽ നബിദിനം സെപ്റ്റംബർ 16ന് തിങ്കളാഴ്ച
മസ്ജിദുകളിലും മത സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ
കോഴിക്കോട്: (KVARTHA) സഫർ 29 ബുധനാഴ്ച റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനാൽ കേരളത്തിൽ റബീഉൽ അവ്വൽ ഒന്ന് വ്യാഴാഴ്ചയും നബിദിനം സെപ്റ്റംബർ 16 തിങ്കളാഴ്ചയുമായിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ അറിയിച്ചു.
സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ ജീവിതവും പഠിപ്പിക്കലുകളും പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ റബീഉൽ അവ്വലിനെ സ്വാഗതം ചെയ്യുന്നത്. ഹിജ്റ വർഷ പ്രകാരം റബീഉൽ അവ്വൽ മാസം 12നാണ് പ്രവാചകൻ്റെ ജന്മദിനം.
സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്. മസ്ജിദുകളും മത സ്ഥാപനങ്ങളും വീടുകളും മൗലിദ് സദസ് അടക്കമുള്ള പ്രവാചക പ്രകീർത്തനങ്ങളാൽ സജീവമാകും. മസ്ജിദുകളിലും മതപഠനകേന്ദ്രങ്ങളിലും പ്രത്യേക പ്രാർഥനകളും പ്രഭാഷണങ്ങളും നടക്കാറുണ്ട്.