Discrimination | കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം; കഴകക്കാരന്‍ ജോലി ഉപേക്ഷിച്ചു


● വിവാദങ്ങള്‍ക്ക് പിന്നാലെ അവധിയില്‍ പോകുകയായിരുന്നു.
● അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് രാജി.
● വ്യക്തിപരമായ കാരണത്താലാണ് രാജിയെന്ന് കത്ത്.
● ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയും സര്‍ക്കാരിനെയും അറിയിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍.
തൃശൂര്‍: (KVARTHA) ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനത്തിനിരയായ കഴകക്കാരന്‍ ആര്യനാട് സ്വദേശി ബിഎ ബാലു ജോലിയില്‍നിന്ന് രാജിവെച്ചു. ചൊവ്വാഴ്ച കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ അവധിയില്‍ പോയ ബാലു ബുധനാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.
വ്യക്തിപരമായ കാരണത്താലാണ് രാജിയെന്ന് മാത്രമാണ് കത്തില്‍ സൂചിപ്പിക്കുന്നത്. ആരോഗ്യപരമായ കാരണത്താലും വ്യക്തിപരമായ കാരണത്താലും രാജി വെയ്ക്കുന്നതായി കാണിച്ച് ബാലു ചൊവ്വാഴ്ച കത്ത് നല്‍കിയെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ. സി കെ ഗോപി പറഞ്ഞു. ഇക്കാര്യം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയും സര്‍ക്കാരിനെയും അറിയിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.
ഫെബ്രുവരി 24നാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമത്തെ തുടര്‍ന്ന് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. ഈഴവ സമുദായക്കാരനായ ബാലുവിന്റെ നിയമനത്തെ എതിര്‍ത്ത് തന്ത്രിമാര്‍ രംഗത്ത് വരികയായിരുന്നു. വാര്യര്‍ സമുദായാംഗമാണ് ക്ഷേത്രത്തില്‍ കഴക ജോലി ചെയ്തിരുന്നത്.
പകരം ബാലുവിനെ നിയമിച്ചതില്‍ തന്ത്രിമാര്‍ കടുത്ത പ്രതിഷേധം അറിയിച്ചു. കഴകം ജോലിയില്‍ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദേവസ്വം ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇത് വിവാദമായതോടെ, കൂടല്‍മാണിക്യം ഭരണസമിതി തന്നെ ബാലുവിനെ കഴകക്കാരനായി നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം അവധിയിലായിരുന്ന ബാലു, തിരികെ ജോലിയില്‍ പ്രവേശിക്കാതെ രാജി വെക്കുകയായിരുന്നു.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.
B.A. Balu, a kazhakam employee at Koodalmanikyam Temple, resigned due to caste discrimination. He was initially reassigned to office work following protests from priests, and later resigned instead of rejoining his duties.
#Koodal ManikyamTemple #CasteDiscrimination #Kerala #Resignation #TempleControversy #India