Clarification | മദ്രസകൾ മനുഷ്യ സ്നേഹികളെ ഉൽപാദിപ്പിക്കുന്ന സ്നേഹ സ്ഥാപനങ്ങളാണ്
![Madrasas: Nurturing Humanity, Not Extremism](https://www.kvartha.com/static/c1e/client/115656/uploaded/6f715119e4a1cb8cb213bc34c1230541.jpg?width=730&height=420&resizemode=4)
![Madrasas: Nurturing Humanity, Not Extremism](https://www.kvartha.com/static/c1e/client/115656/uploaded/6f715119e4a1cb8cb213bc34c1230541.jpg?width=730&height=420&resizemode=4)
● മദ്രസകൾ മനുഷ്യസ്നേഹം പഠിപ്പിക്കുന്നു.
● മദ്രസകൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
● മദ്രസകൾ സമൂഹത്തിന് നല്ല മൂല്യങ്ങൾ നൽകുന്നു.
കൂക്കാനം റഹ്‌മാൻ
(KVARTHA) മതമൈത്രി കുറഞ്ഞു കുറഞ്ഞുവന്ന് മതസ്പർദ്ദ കൂടി കൂടി വരുന്നു. ഇസ്ലാം മതവിശ്വാസികളെല്ലാം തീവ്രവാദികളാണെന്ന് മുദ്രകുത്താൻ തീവ്രശ്രമം നടത്തുകയാണ് ചില കുത്സിതബുദ്ധികൾ. പള്ളികൾ നിലനിന്ന് പരിപാലിച്ചു പോന്ന സ്ഥലങ്ങളിലെല്ലാം അമ്പലങ്ങൾ ഉണ്ടായിരുന്നെന്ന വാദമുയർത്തുന്നു. അത്തരം സ്ഥലങ്ങളിൽ സർവേ നടത്താൻ നിയമപോരാട്ടങ്ങൾ നടത്തുന്നു. ഇരു മതാനുയായികളും പരസ്പരം വൈരികളായി മാറുന്നു. തീർത്തും അപകടകരമായ നിലയിലേക്കാണ് മതത്തിൻ്റെയും ആരാധനാലയങ്ങളുടെയും പേരിൽ നാടുപോയ്ക്കൊണ്ടിരിക്കുന്നത്.
നൂറ്റാണ്ടുകളായി ഏകോദര സഹോദരന്മാരായി ജീവിച്ചു വന്നിരുന്ന ജനവിഭാഗത്തെ ഭിന്നിപ്പിച്ച് പരസ്പര പോരാട്ടത്തിനുള്ള കോപ്പുകൂട്ടുന്നതിനാണ് മതാന്ധത ബാധിച്ച ചില കശ്മലന്മാർ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നത്. അധികാരക്കസേര ഊട്ടി ഉറപ്പിക്കാൻ ജനാധി പത്യത്തെ കശാപ്പുചെയ്ത് മത രാഷ്ട്രം കെട്ടിപ്പടുക്കാൻ അണിയറയിൽ നിന്ന് തീവ്രമായി ശ്രമിക്കുകയാണ് ചില കുബുദ്ധികൾ. ഇതിൻ്റെ കൂടെയാണ് എരിതീയിൽ എണ്ണയൊഴുക്കാൻ തയ്യാറായി മദ്രസകൾ തീവ്രവാദ പഠന കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിക്കാൻ ചിലർ രംഗത്തുവരുന്നത്.
ഏത് മതം വിശ്വസിക്കാനും അതിനനുസൃതമായ ആചാരാനുഷ്ഠാനങ്ങൾ നടത്താനും ഇന്ത്യയിലെ പൗരന്മാർക്ക് അവകാശം നൽകുന്നുണ്ട് ഇന്ത്യൻ ഭരണഘടന. മതപഠന കേന്ദ്രങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിനും ഇവിടെ നിരോധനമില്ല. ഞാനും എൻ്റെ ബാല്യകാലത്ത് രണ്ട് മൂന്നുവർഷം മദ്രസയിൽ പോയിട്ടുണ്ട്. മദ്രസ എന്ന അറബി പദത്തിന് വിദ്യാലയം എന്നേ അർത്ഥമുള്ളൂ. ഞങ്ങൾ അന്ന് പറഞ്ഞത് ഓത്തു കെട്ടി എന്നാണ്. അവിടെ ഓതാൻ (വായിക്കാൻ) മാത്രമെ പഠിപ്പിക്കാറുള്ളു. ഇന്ന് അതിൻ്റെ രൂപവും ഭാവവും മാറിയിട്ടുണ്ട്. ഖുർആൻ ഓതാൻ പഠിപ്പിക്കുന്നതിന് പുറമേ ജീവിത രീതി കൂടി പഠിപ്പിച്ചിരുന്നു.
ആരോഗ്യം, ശുചിത്വം ഭക്ഷണശീലം, വസ്ത്രധാരണം തുടങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട സർവ കാര്യങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. അക്കാലത്ത് ഞങ്ങളെ പഠിപ്പിച്ച ഉസ്താദുമാർ (അധ്യാപകർ) പറഞ്ഞുതന്ന ഉൽബോധനങ്ങൾ ഇന്നും ജീവിതത്തിൽ പ്രയോഗിച്ചു വരുന്നുണ്ട്. ഭക്ഷണം പാഴാക്കരുത്. മുമ്പിൽ ലഭ്യമായ ഭക്ഷണത്തോട് ആദരവ് കാട്ടണം, ഒരു വറ്റ് പോലും വെറുതെ കളയാതെ ഉരുളയാക്കി വായിലിട്ട് നല്ല പോലെ ചവച്ചരച്ച് കഴിക്കണം, ഭക്ഷണത്തിന് മുമ്പും പിമ്പും കയ്യും വായയും കഴുകണം, ഇക്കാര്യങ്ങളൊക്കെ ആധുനികജീവിതത്തിൽ നമ്മൾ ചെയ്തു വരുന്നുണ്ട്.
പക്ഷേ 70 വർഷം മുമ്പ് കുഞ്ഞു മനസ്സിൽ കോറിയിട്ട ഈ നന്മ പാഠങ്ങൾ ഇന്നും വാടാതിരിക്കുന്നുണ്ട്. ഇതേ പോലെ പ്രായമുള്ളവരെ ബഹുമാനിക്കാൻ, കഷ്ടപ്പെടുന്നവരെ സഹായിക്കാൻ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ നമ്മളിൽ ഉണ്ടാക്കിയെടുക്കണം എന്ന് പഠിപ്പിച്ചു തന്നു. ഇത്തരം ആദരവും സഹായവും മനുഷ്യർക്ക് നൽകണമെന്നാണ് പഠിപ്പിച്ചത്. അല്ലാതെ മുസ്ലീംങ്ങൾക്ക് മാത്രം നൽകണമെന്നല്ല. ഈ വിശാലമനസ്കത ഉണ്ടാവണമെന്നാണ് ഉസ്താദുമാർ ഓതിത്തന്നത്.
അവിടെ വിശ്വാസിയാവേണ്ട കാര്യങ്ങളും ഉറപ്പിച്ച് ബോധ്യപ്പെടുത്തിത്തന്നിട്ടുണ്ട്. മതകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതും പ്രാക്ടിക്കലായിത്തന്നെ ബോധ്യപ്പെടുത്തിത്തന്നിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിൽ കൃത്യമായി പരിപാലിച്ചവർക്കേ സ്വർഗത്തിൽ പ്രവേശനം കിട്ടൂ എന്ന് പഠിപ്പിച്ചപ്പോൾ അന്നേ എൻ്റെ കുഞ്ഞു മനസ്സിൽ സംശയമുദിച്ചിരുന്നു. നല്ല കാര്യങ്ങൾ ചെയ്തു ജീവിക്കുന്ന അന്യ മതസ്ഥർക്കും സ്വർഗ്ഗം കിട്ടില്ലേയെന്ന്? 'ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്', എന്ന് ഖുർആനിൽ പല തവണ ആവർത്തിക്കുന്നുണ്ട്. ആ ചിന്തയും കൊണ്ട് ഞാൻ ഇന്നും ജീവിച്ചു വരുന്നു.
'അയൽപക്കത്താരെങ്കിലും പട്ടിണിയാണെങ്കിൽ വയറ് നിറക്കല്ലേ നിങ്ങളാരും' എന്ന നബിവചനം എന്റെ ചിന്തയെ മഥിച്ചു. അവിടെ അയൽപക്കക്കാരൻ എന്ന വിശാലമായ അർത്ഥമുണ്ട്. അയൽപക്കക്കാരനാരായാലും മതം നോക്കാതെ ചെയ്യണമെന്ന ആഹ്വാനമില്ലേ? അള്ളാഹുവിൻ്റെ ഉൽബോധനങ്ങളിൽ 'യാ മുഅമിനീങ്ങളേ', 'യാ ജനങ്ങളേ' എന്നാണ് അഭിസംബോധന ചെയ്യുന്നത്. എല്ലാ മനുഷ്യജാലങ്ങളോടുമാണ് ആഹ്വാനം ചെയ്യുന്നത്. അല്ലാതെ ഇസ്ലാം മതം സ്വീകരിച്ചവരോട് മാത്രമല്ല. വിഭാഗീയത അവിടെ കാണുന്നില്ല. മതമേതായാലും മനുഷ്യൻ നന്നാവണമെന്ന ശ്രീ നാരായണ ഗുരു പഠിപ്പിച്ചു നടന്ന വസ്തുതയും വേറൊരു തരത്തിൽ ഇസ്ലാം മത വിശ്വാസികളോട് ഉൽബോധിപ്പിക്കുന്നുണ്ട്.
കുഞ്ഞുന്നാളിൽ സ്കൂളിൽ പഠിക്കുന്ന ഹിന്ദു കുട്ടികൾ എന്നോട് ചില വസ്തുതകൾ പങ്ക് വെക്കാറുണ്ട്. മുസ്ലിംകൾ ഹിന്ദുക്കൾക്ക് എല്ലാ കാര്യത്തിലും എതിരായാണ് പ്രവർത്തിക്കുന്നത് എന്ന്. ഞങ്ങൾ വലത്ത് നിന്ന് ഇടത്തോട്ട് എഴുമ്പോൾ അറബി ഇടത്ത് നിന്ന് വലത്തോട്ട് എഴുതുന്നു. ഞങ്ങൾ വലതു ഭാഗം മുണ്ടുടുക്കുമ്പോൾ നിങ്ങൾ ഇടതുഭാഗം മുണ്ടുടുക്കുന്നു. ഞങ്ങൾ കിഴക്കോട് നോക്കി പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ പടിഞ്ഞാറോട്ട് നോക്കി പ്രാർത്ഥിക്കുന്നു. ഞങ്ങൾ മുടി വെക്കുന്നു നിങ്ങൾ മൊട്ടത്തലയാക്കുന്നു. ഇത്തരം ചോദ്യങ്ങൾ വളരെയൊന്നും ചിന്തയും പഠനവും നടക്കാത്ത കാലത്തെ കുഞ്ഞുമനസ്സുകളുടെ ചോദ്യങ്ങളായിരുന്നു.
മതപഠനം നടത്തുന്ന മദ്രസകൾക്ക് സർക്കാർ ഗ്രാൻ്റ് നൽകാൻ പാടില്ലെന്നൊരു ഉത്തരവ് കേന്ദ്ര ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിക്കണ്ടു. വടക്കൻ സംസ്ഥാനങ്ങളിൽ മദ്രസകൾക്ക് ചില വ്യവസ്ഥകൾ വെച്ച് ഗ്രാൻ്റ് നൽകുന്നുണ്ട്. പക്ഷേ നമ്മുടെ സംസ്ഥാനത്ത് അതാതിടത്തെ ജമാഅത്ത് കമ്മറ്റികളാണ് മദ്രസകൾ നടത്തിവരുന്നത്. സർക്കാരിൻ്റെ ഒരു വിധത്തിലുള്ള സാമ്പത്തിക സഹായവും കേരളത്തിലെ മദ്രസകൾക്ക് ലഭിക്കുന്നില്ല.
അധ്യാപകനെന്ന നിലയിൽ മദ്രസാ പഠനത്തിൻ്റെ പോസിറ്റീവ് സൈഡായി ഞാൻ കാണുന്ന വേറൊരു നേട്ടം കൂടിയുണ്ട്. ഖുർആൻ മന:പാഠമാക്കണം (നിർബന്ധമല്ല). ചെറിയ കുട്ടികൾ പോലും സമ്മർദ്ദത്തിന് വഴിപ്പെട്ട് മന:പാഠം പഠിക്കുന്നു. ചില കുട്ടികൾ പ്രയാസം മൂലം കൊഴിഞ്ഞു പോകുന്നുണ്ട്. ഭൂരിപക്ഷവും ബൈഹാർട്ട് പഠിക്കൽ ശീലമാക്കി മാറ്റി. മതത്തിൻ്റെ പേരിൽ ക്ലാസിൽ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണമെന്ന ശീലം വളർന്നുവന്നു.
അതുകൊണ്ടാവാം മതപാoശാലകളിൽ നിന്ന് പഠിച്ചു വന്ന വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചെല്ലുമ്പോൾ ശ്രദ്ധയും പഠനത്തിൽ സൂക്ഷമതയും പുലർത്തി ഉന്നത വിജയം നേടാൻ അവരെ പ്രാപ്തരാക്കുന്നത്. ഇക്കാര്യത്തിൽ ഏറ്റവും മികച്ചു നിൽക്കുന്നത് മുസ്ലിം പെൺകുട്ടികളാണ്.
മദ്രസകൾ തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്ന സ്ഥാപനങ്ങളല്ല, മറിച്ച് സ്നേഹവായ്പ് വച്ചുപുലർത്തുന്ന മനുഷ്യസ്നേഹികളെ ഉൽപാദിപ്പിക്കുന്ന സ്നേഹ സ്ഥാപനങ്ങളാണ്.
#madrasa #islam #education #kerala #humanity #compassion #interfaith