Appeal | റമദാനിൽ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ ഒരുക്കണം; ആഹ്വാനവുമായി കാന്തപുരം

 
Kanthapuram A.P. Aboobacker Musliyar about Ramadan and disabled-friendly facilities.
Kanthapuram A.P. Aboobacker Musliyar about Ramadan and disabled-friendly facilities.

Image Credit: Facebook/ Sheikh Abubakr Ahmad

● പള്ളികളിൽ വീൽചെയർ റാമ്പുകൾ ഒരുക്കണം .
● വുളൂ എടുക്കാൻ പ്രത്യേക സൗകര്യങ്ങൾ ഉണ്ടാകണം 
● കിടപ്പുരോഗികളെ സന്ദർശിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യണം.

കോഴിക്കോട്: (KVARTHA) വിശുദ്ധ റമദാനിന് മുന്നോടിയായി ആരാധനാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ആഹ്വാനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. റമദാൻ മാസത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ട സൗകര്യങ്ങൾ പള്ളികളിൽ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി പള്ളികളിലേക്ക് വീൽചെയർ കയറാൻ റാമ്പുകൾ, വുളൂ എടുക്കാനുള്ള സംവിധാനം, വീൽ കഴുകാനുള്ള സൗകര്യം എന്നിവ ഒരുക്കണം. ഭിന്നശേഷിക്കാർക്ക് പള്ളികളിൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്നും പലരും വീടുകളിൽ ഇരിക്കാൻ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ജുമുഅ, തറാവീഹ് പോലുള്ള പ്രത്യേക ജമാഅത്തുകളിൽ എത്താൻ സാധിക്കാത്ത പ്രയാസം ഒരുപാട് പേരെ അലട്ടുന്നുണ്ട്. അതിനാൽ മഹല്ലുകളുടെയും മസ്ജിദുകളുടെയും സംഘടനാ യൂണിറ്റുകളുടേയുമൊക്കെ റമദാൻ ഒരുക്കങ്ങളിലും പദ്ധതി ആലോചനകളിലും ഭിന്നശേഷിക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണം.
ഭിന്നശേഷി സഹോദരങ്ങൾക്ക് മദ്രസ പഠനം ഉൾപ്പെടെയുള്ള മതപഠനങ്ങൾ ഉറപ്പാക്കണം. ഇതിനായി പഠന ക്ലാസുകൾ സംഘടിപ്പിക്കണം. 

ഓൺലൈൻ പഠന സൗകര്യങ്ങൾ ഉണ്ടെങ്കിലും നേരിട്ടുള്ള പഠനം കൂടുതൽ ഫലപ്രദമാകും. കിടപ്പുരോഗികളെ സന്ദർശിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യണം. നോമ്പ് തുറക്കുന്ന പരിപാടികളിൽ ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തണം. ഭിന്നശേഷിക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന കർമ്മമാണ്. അതിനാൽ എല്ലാവരും ഇതിനായി മുന്നോട്ട് വരണമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. 

കാന്തപുരത്തിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം: 

വിശുദ്ധ റമളാനിലേക്കുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. മനസ്സും ശരീരവും മുതൽ ഇടപെടുന്ന ഇടങ്ങളും വ്യവഹാരങ്ങളുമെല്ലാം നന്നായിരിക്കണമെന്ന് വിശ്വാസി ആഗ്രഹിക്കുന്ന വേളയാണല്ലോ റമളാൻ. അതിനു മുന്നോടിയായി വാസസ്ഥലവും തൊഴിലിടവും ആരാധനാലയങ്ങളുമെല്ലാം വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യുന്ന തിരക്കിലും ഒരുക്കങ്ങളിലും പൂർത്തീകരണങ്ങളിലുമാവുമിപ്പോൾ മിക്കപേരും. റമളാൻ ദിവസങ്ങൾ എങ്ങനെയാവണമെന്ന ആലോചനയും ചർച്ചയും നടത്തുന്നുമുണ്ടാവും.
കുറച്ചുനാളുകൾക്ക് മുമ്പ് മലപ്പുറത്തെ ഏതാനും യുവാക്കൾ എന്നെ സമീപിച്ച കാര്യമാണിപ്പോൾ ഓർമയിൽ വരുന്നത്. ജീവിതയാത്രക്കിടെ അപകടമോ രോഗമോ പോലുള്ള പലവിധ സാഹചര്യങ്ങളാൽ ശരീര ഭാഗങ്ങൾ നിശ്ചലമാവുകയും പിന്നീടുള്ള ചലനങ്ങൾക്ക് വീൽചെയറോ മറ്റോ ഉപയോഗപ്പെടുത്തേണ്ടി വരികയും ചെയ്ത ഏതാനും പേരായിരുന്നു അവർ. പരിചയപ്പെടലിന് ശേഷമുള്ള സംസാരത്തിൽ ആഗമനോദ്ദേശ്യമായി അവർ പറഞ്ഞത് നമ്മുടെ ആരാധനാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കേണ്ടതിന്റെയും അതിനുവേണ്ട ഇടപെടൽ നടത്തേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചായിരുന്നു. അന്നേവരെ കയറിചെന്നിരുന്ന പള്ളികളും ആരാധനാലയങ്ങളും ഒരപകടത്തിന്റെ ഇടവേളക്ക് ശേഷം വിദൂരമായിപ്പോവുന്ന സങ്കടവും അവർ പങ്കുവെച്ചു. സഹതാപ നോട്ടത്താൽ എക്കലാവും തങ്ങളെ വീട്ടിലിരുത്താനാണ് സമൂഹം സ്വാഭാവികമായി ശ്രമിക്കുന്നതെന്നും മറ്റുള്ളവരെ പോലെ പള്ളിയിൽ ജമാഅത്തിനെത്താനും മതപഠന വേദികളുടെ ഭാഗമാകാനും വീൽചെയറിൽ സഞ്ചരിക്കാൻ സാധിക്കുന്ന അനേകം മനുഷ്യർ കൊതിക്കുന്നുണ്ടെന്ന സത്യം അവർ പങ്കുവെച്ചു. അപ്പോഴാണ് അതിന്റെ ഗൗരവം എനിക്ക് നന്നായി മനസ്സിലാക്കാൻ സാധിച്ചത്. 
പള്ളികൾക്കുള്ളിലേക്ക് വീൽചെയർ കയറാൻ സ്ഥിര സംവിധാനമെന്ന നിലയിൽ റാമ്പ് ഒരുക്കുക, വുളൂ എടുക്കാനുള്ള സംവിധാനം, വീൽ കഴുകാനുള്ള സൗകര്യം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും അവരുന്നയിച്ചത്. ചിലരെങ്കിലും സ്വന്തം പരിശ്രമത്തിൽ ഇപ്പോൾ പലയിടത്തും പള്ളികൾ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും 'ഇവനെന്താ ഇവിടെ, വീലിലെ ചളി പള്ളിയിൽ ആവില്ലേ' എന്നൊക്കെ ഉദ്ദേശിച്ചിട്ടുള്ള നോട്ടങ്ങൾ മാനസികമായി വലിയ തോതിൽ അവരെ ബാധിക്കുന്നുണ്ട്. പള്ളിയിലെത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ അയൽപക്കത്തുള്ളവർ തയ്യാറാവുകയും ആവശ്യമായ സജ്ജീകരണങ്ങൾ മഹല്ല് നേതൃത്വം ഒരുക്കുകയും ചെയ്‌താൽ വളരെ ഭംഗിയായി ഇക്കാര്യം നിർവഹിക്കാനാവും. ജുമുഅ, തറാവീഹ് പോലുള്ള പ്രത്യേക ജമാഅത്തുകളിൽ എത്താൻ സാധിക്കാത്ത പ്രയാസം  ഒരുപാട് പേരെ അലട്ടുന്നുണ്ടെന്ന സാഹചര്യം ഉൾകൊണ്ട് ഈ വിഷയത്തിൽ സവിശേഷ ശ്രദ്ധ നൽകേണ്ടതുണ്ട്.  

പലവിധ പഠനക്ലാസുകൾ മഹല്ല് പരിധിയിൽ നടക്കാറുണ്ടെകിലും മദ്‌റസാ പഠനം പോലും ശരിയായ വിധം ലഭിക്കാത്ത ഭിന്നശേഷി സഹോദരങ്ങൾക്ക് അറിവുള്ളവരിൽ നിന്ന് മതപാഠങ്ങളും തജ്‌വീദ് നിയമപ്രകാരം ഖുർആനും പഠിക്കാനുള്ള സൗകര്യം ഒരുക്കി നൽകാൻ എന്തുചെയ്യാനാവുമെന്നതായിരുന്നു മറ്റൊരു കാര്യം. ഓൺലൈൻ സൗകര്യങ്ങൾ അങ്ങിങ്ങായി ഉണ്ടെങ്കിലും നിപുണരായ അധ്യാപകരിൽ നിന്നുള്ള നേരിട്ടുള്ള പഠനം കൂടുതൽ ഫലപ്രദമാകുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്. സാധ്യമായ ശ്രമങ്ങൾ ഉണ്ടാവുമെന്ന ആത്മവിശ്വാസം പകർന്നാണ് ഞാനവരെ യാത്രയാക്കിയത്.

മഹല്ലുകളുടെയും മസ്ജിദുകളുടെയും സംഘടനാ യൂണിറ്റുകളുടേയുമൊക്കെ റമളാൻ ഒരുക്കങ്ങളിലും പദ്ധതി ആലോചനകളിലും മറക്കാതെ ഉൾപ്പെടുത്തേണ്ട വിഷയങ്ങളിലൊന്നാണ് നമ്മുടെ ചുറ്റുവട്ടത്തുമുള്ള ഭിന്നശേഷി സഹോദരങ്ങളുടെ ആത്മീയ-മത ജീവിതം. നാടിന്റെ പരിധിയിലെ ഇത്തരം ആളുകളെയും തളർന്ന് കിടക്കുന്നവരോ രോഗികളോ ആയ മറ്റുള്ളവരെയും കണ്ടെത്തി ആസൂത്രണം ചെയ്ത് നടപ്പിലാക്കാവുന്നതേ ഉള്ളൂ മേൽ പറഞ്ഞ കാര്യങ്ങളെല്ലാം. ഒപ്പം കൃത്യമായ ഇടവേളകളിൽ കിടപ്പുരോഗികളുടെ സമീപമെത്താനും സുഖവിവരം അന്വേഷിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നോമ്പുതുറ പോലുള്ള പരിപാടികൾ നടത്തുമ്പോൾ വീൽചെയറിലും മറ്റുമുള്ള സഹോദരങ്ങളെ ഭാഗമാക്കാനും ശ്രമിക്കണം. സാമൂഹിക കർത്തവ്യമെന്നതിന് പുറമെ വിശ്വാസികളെന്ന നിലയിൽ വലിയ പ്രതിഫലം ലഭിക്കുന്ന കർമം കൂടിയാണ് ഇവയെല്ലാം. 'നിങ്ങളിലെ ദുർബലരുടെ കൂട്ടത്തിൽ എന്നെ അന്വേഷിക്കുക, നിങ്ങൾക്കുള്ള ഉപജീവനവും സഹായവും നൽകുന്നത് അവർ കാരണമാണ്' എന്നാണല്ലോ തിരുനബി(സ്വ)യധ്യാപനം.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.

Kanthapuram A.P. Aboobacker Musliyar calls for making places of worship disabled-friendly during Ramadan. He suggests providing wheelchair ramps, Wudu facilities, and wheelchair washing facilities in mosques. He also emphasizes the need to ensure religious education for the disabled and to include them in Iftar programs.


#Ramadan #DisabledFriendly #Kanthapuram #Islam #Charity #Community

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia