Festival | കോടമഞ്ഞിറങ്ങുന്ന മലമുകളിൽ മുത്തപ്പ ദർശനം; ഭക്തിയും പ്രകൃതിയും ഒന്നിക്കുന്ന കുന്നത്തൂർപാടിയിൽ ഇനി ഉത്സവനാളുകൾ

​​​​​​​

 
 Muthappa Darshan at Kunnathoorpadi
 Muthappa Darshan at Kunnathoorpadi

Photo: Arranged

● ഉത്സവനാളുകളിൽ മാത്രമേ ഇവിടെ പ്രവേശനമുള്ളു. വൻ മരങ്ങൾ കൊണ്ടും കൂറ്റൻ പാറകൾ കൊണ്ടും നിറഞ്ഞു നിൽക്കുന്ന വനഭൂമിയാണിത്.
● ഒരു മാസത്തെ  ഉത്സവത്തിനാണ്  തുടക്കമായത്.
● ഉത്സവം അവസാനിക്കും വരെ കങ്കാണിയറയിൽ ഈ വിളക്ക് കെടാതെ സൂക്ഷിക്കുമെന്ന പ്രത്യേകതയുമുണ്ട്.  

കണ്ണൂർ: (KVARTHA) മലമുകളിലെ വനാന്തരത്തിലെ മുത്തപ്പൻ്റെ ആരൂഡസ്ഥാനങ്ങളിലൊന്നായ കുന്നത്തൂർപാടിയിൽ തിരുവപ്പന മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. കോടമഞ്ഞ് വീഴുന്ന ഇനിയുള്ള ഒരു മാസം കർണാടക വനാതിർത്തിയിലുള്ള പാടിയിലെ മലമുകളിലേക്ക് ചെങ്കുത്തായ മലനിരകൾ കയറി ഭക്തൻമാരെത്തും. പനയോല കൊണ്ടു മറച്ച ഗുഹാമുഖമാണ് മുത്തപ്പൻ്റെ ദേവസ്ഥാനമായി വിശ്വസിക്കുന്നത്. 

ഉത്സവനാളുകളിൽ മാത്രമേ ഇവിടെ പ്രവേശനമുള്ളു. വൻ മരങ്ങൾ കൊണ്ടും കൂറ്റൻ പാറകൾ കൊണ്ടും നിറഞ്ഞു നിൽക്കുന്ന വനഭൂമിയാണിത്. പറശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ പുത്തരി മഹോത്സവം കഴിഞ്ഞതിന് ശേഷമാണ് കുന്നത്തൂർ പാടി തിരുവപ്പന മഹോത്സവം തുടങ്ങുന്നത്. കുന്നത്തൂർ മലമുകളിൽ കാടിന്റെ മനോഹാരിതയും പ്രകൃതിയോട് ഇണങ്ങിയ ആത്മീയതയും ഒത്തുചേർന്നുള്ള ഒരു മാസത്തെ  ഉത്സവത്തിനാണ്  തുടക്കമായത്.

കഴിഞ്ഞ ദിവസം വൈകിട്ട് താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റി വെച്ച ശേഷം പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു. അഞ്ചില്ലം അടിയാന്മാർ കളിക്കപ്പാട്ടോടെ ഇരുവശത്തും ഓടചൂട്ട് പിടിച്ച് തിരുവാഭരണ പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിച്ചു. കരക്കാട്ടിടം വാണവർ എസ് കെ കുഞ്ഞിരാമൻ നായനാരെയും തന്ത്രി പേർക്കുളത്ത്  സുബ്രഹ്മണ്യൻ നമ്പൂതിരിയെയും പാടിയിലേക്ക് ആനയിച്ചു.

കോമരവും ചന്തനും മടപ്പുരയ്ക്കുള്ളിൽ പൈങ്കുറ്റി വെച്ചു. കൊല്ലൻ കങ്കാണിയറയിലെ വിളക്ക് തെളിച്ചതോടെ  ഉത്സവ ചടങ്ങുകൾ തുടങ്ങി. ഉത്സവം അവസാനിക്കും വരെ കങ്കാണിയറയിൽ ഈ വിളക്ക് കെടാതെ സൂക്ഷിക്കുമെന്ന പ്രത്യേകതയുമുണ്ട്.  തിരുമുറ്റത്ത് തന്ത്രിയുടെ നേതൃത്വത്തിൽ കലശപൂജ ഉൾപ്പെടെയുള്ള കർമ്മങ്ങൾ  നടത്തി.  

ആദ്യദിനം മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴീശൻ  ദൈവം തിരുവപ്പന എന്നിവ കെട്ടിയാടി. ജനുവരി 16ന് ഉത്സവം സമാപിക്കും. ഉത്സവ ദിനങ്ങളിൽ  ഊട്ടും വെള്ളാട്ടവും, തിരുവപ്പനയും  ഒന്നിടവിട്ട ദിവസങ്ങളിൽ മൂലം വെച്ച ഭഗവതിയും കെട്ടിയാടും. കുന്നത്തൂർപാടി യിലെത്തുന്ന മുഴുവനാളുകൾക്കും താഴെപൊടിക്കളത്ത് അന്നദാനവും പാടിയിൽ ചുക്ക് കാപ്പിയും നൽകുന്നുണ്ട്. 

ശ്രീകണ്ഠാപുരം - പയ്യാവൂർ - ചന്ദനക്കാംപാറ റൂട്ടിലൂടെ കാനന ഭംഗി ആസ്വദിച്ച് കുന്നത്തൂർ മലമുകളിലെ പാടിയിലെത്തും. ഇവിടെ നിന്നും നോക്കിയാൽ വടക്കെ മലബാറിലെ പ്രധാന മലയോര ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരക്കൊല്ലി കാണാം. അതിന് തൊട്ടപ്പുറം കുടക് ജില്ലയാണ്. പയ്യാവൂർ വയത്തൂർ കാലിയാർ ക്ഷേത്ര ഉത്സവത്തിന് മുന്നോടിയായി കാളപ്പുറത്ത് അരി കൊണ്ടുവരുന്നതുപോലെ കുന്നത്തൂർപാടിയിലും വനത്തിലൂടെ കാൽനടയായി കുടക് ഭക്തൻമാർ എത്താറുണ്ട്.

#Muthappa, #Kunnathoorpadi, #Nature, #Spirituality, #Festival, #Kannur


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia