Onam Sadya | ഓണസദ്യയുടെ കാര്യത്തില്‍ നോ കോംപ്രമൈസ്; വിളമ്പുന്നതിനും ചിട്ടവട്ടങ്ങള്‍; അറിയാം വിശദമായി
കൊച്ചി: (KVARTHA) ഓണം അടുത്തുവരികയാണ്. എല്ലാവരും ഇപ്പോള്‍ തന്നെ ഓണം കേമമാക്കാനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. ഓണ സദ്യ കഴിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ എങ്ങനെ വിളമ്പണം, എന്താണ് ഇതിന്റെ പ്രത്യേകത, എന്നിവയെല്ലാം ആരെങ്കിലും അറിയുന്നുണ്ടോ. എന്നാല്‍ അക്കാര്യങ്ങളും അറിഞ്ഞിരിക്കണം. അത് എന്തൊക്കെയാണെന്ന് നോക്കാം.
തിരുവോണനാളില്‍ തൂശനിലയില്‍ പപ്പടവും പായസവും എല്ലാം വിളമ്പി സദ്യ കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. ഇരുപ്പത്തി ആറിലധികം വിഭവങ്ങള്‍ ചേരുന്നതായിരുന്നു പരമ്പരാഗതമായ ഓണസദ്യ. എന്നാല്‍ ഇപ്പോള്‍ ചിലര്‍ വിഭവങ്ങളുടെ എണ്ണം കുറയ്ക്കാറുണ്ട്. ചിലരാകട്ടെ കൂട്ടാന്‍ നോക്കാറുമുണ്ട്. ഓണസദ്യയുടെ ചിട്ടവട്ടങ്ങള്‍ അറിയാം.
തുമ്പ് മുറിക്കാത്ത തൂശനില
ഓണ സദ്യ വിളമ്പുമ്പോള്‍ തുമ്പ് മുറിക്കാത്ത തൂശനിലയില്‍ വേണം വിളമ്പാന്‍. ഇതോടൊപ്പം ഓണസദ്യക്ക് വേണ്ടി ഇലയിടുമ്പോള്‍ ഇടത് വശത്ത് ഇലയുടെ തുമ്പ് വരുന്നത് പോലെയാണ് ഇല വെക്കേണ്ടത്. അതില്‍ വേണം സദ്യ വിളമ്പാന്‍. പരമ്പരാഗത സദ്യ വിളമ്പുമ്പോള്‍ ഇടത് വശത്തേക്ക് ഇലത്തുമ്പ് ഇട്ട് വേണം സദ്യ വിളമ്പാന്‍.
ഉപ്പേരിയില്‍ തുടക്കം
ഓണസദ്യയില്‍ ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പേണ്ടത്. സാധാരണ മൂന്ന് തരത്തിലുള്ള ഉപ്പേരിയാണ് വിളമ്പുന്നത്. കായ വറുത്തത്, ചേമ്പ് വറുത്തത്, ശര്‍ക്കര ഉപ്പേരി എന്നിവയാണ് അവ. എന്നാല്‍ ഒരു ആചാരം എന്ന നിലക്ക് ചിലര്‍ ഇടത് ഭാഗത്ത് അല്‍പം ഉപ്പും വെക്കാറുണ്ട്. അതിനോടൊപ്പം തന്നെ അടുത്തതായി ചെറുപഴവും രണ്ട് പപ്പടവും വിളമ്പുന്നു. പിന്നീട് അതേ ഭാഗത്ത് നിന്ന് തന്നെ നാരങ്ങക്കറി, ഇഞ്ചിക്കറി, മാങ്ങക്കറി എന്നിവയും വിളമ്പുന്നു. ഇത്രയുമായാല്‍ പിന്നെ വലത്തേ അറ്റത്ത് നിന്ന് വിളമ്പി തുടങ്ങാം.
ഇലയുടെ വലത്തേ അറ്റത്ത്
ഇലയുടെ വലത്തേ അറ്റത്ത് നിന്ന് അവിയല്‍ വിളമ്പണം. പിന്നാലെ തോരന്‍, കിച്ചടി, പച്ചടി എന്നിവയും വിളമ്പണം. തുടര്‍ന്ന് അതിനോട് ചേര്‍ന്ന് തന്നെ കാളനും ഓലനും കൂട്ടുകറിയും വിളമ്പണം. എല്ലാ കറികളും വിളമ്പിക്കഴിഞ്ഞ് മാത്രമേ ചോറ് വിളമ്പാന്‍ പാടുള്ളൂ. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊടിച്ച് ചേര്‍ത്ത് വേണം കഴിക്കാന്‍ തുടങ്ങേണ്ടത്. ആദ്യത്തെ ചോറ് കഴിച്ച ശേഷം പിന്നീട് സാമ്പാര്‍ ചേര്‍ത്ത് ചോറ് കഴിക്കണം. സാമ്പാറിന് ശേഷം പുളിശേരി ചേര്‍ത്ത് അല്‍പം ചോറ് കൂടി കഴിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ചോറ് കഴിക്കുന്നത് പൂര്‍ണമാകുകയൂള്ളൂ.
ഒടുവില്‍ പായസം
ഏറ്റവും ഒടുവിലാണ് പായസം വിളമ്പേണ്ടത്. സാധാരണ അടപ്രഥമനാണ് ഓണസദ്യയില്‍ രാജാവ്. അതിന് ശേഷം മാത്രമാണ് പഴം പ്രഥമന്‍, കടലപ്പരിപ്പ് പ്രഥമന്‍, ഗോതമ്പ് പായസം എന്നിവയെല്ലാം വരുന്നത്. ഇവയെല്ലാം വിളമ്പിയ ശേഷം പാല്‍പ്പായവും മേമ്പൊടിക്കായി ചേര്‍ക്കാറുണ്ട്. തിരുവനന്തപുരം ഭാഗത്ത് പാല്‍പ്പായസത്തോടൊപ്പം ബോളിയും ചേര്‍ക്കാറുണ്ട്.
പായസത്തിന്റെ ഭാഗം കഴിഞ്ഞാല്‍ പിന്നീട് മോരും രസവും കൈക്കുമ്പിളില്‍ വാങ്ങി കുടിക്കുകയോ അല്ലെങ്കില്‍ ഒരു ഉരുള ചോറ് ഇവ ചേര്‍ത്ത് കഴിക്കുകയോ ചെയ്യും. ഇതുകൂടി കഴിയുന്നതോടെ സദ്യ പൂര്‍ത്തിയാവും. ഓണസദ്യയുടെ ചിട്ടവട്ടങ്ങളില്‍ പ്രധാനം വിളമ്പുന്നത് തന്നെയാണ്. എന്തൊക്കെയാണ് സദ്യ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് കൂടി നോക്കാം.
ഓണസദ്യ കഴിക്കുമ്പോള്‍ ആരോഗ്യം കൂടി മെച്ചപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. കാളനില്‍ ചേര്‍ക്കുന്ന പല വിഭവങ്ങളും ദഹന പ്രശ്‌നങ്ങള്‍ക്കുള്ള മികച്ച പ്രതിവിധിയാണ്. ഇത് കൂടാതെ കഫക്കെട്ടിനും പരിഹാരം കാണുന്നു. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവിയല്‍. ആന്റി ഓക്‌സിഡന്റുകള്‍ മിനറലുകള്‍ എന്നിവയെല്ലാം പലതരം പച്ചക്കറികള്‍ ചേര്‍ത്ത് വേവിക്കുന്ന അവിയലില്‍ ഉണ്ട്. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുകയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സദ്യ നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് സംശയിക്കേണ്ടതില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും മികച്ച് നില്‍ക്കുന്നതാണ് സദ്യ. അതുകൊണ്ട് ഓണസദ്യ ആവോളം കഴിക്കാം.
ഓലന്‍ കഴിക്കുന്നത് കുടലില്‍ ഉണ്ടാവുന്ന പുണ്ണിനേയും കുടലില്‍ പറ്റിപ്പിടിക്കുന്ന അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുന്നതിനും മികച്ചതാണ്. ഇത് കൂടാതെ കുടലിലെ അസ്വസ്ഥതകളേയും വയറിന്റെ അസ്വസ്ഥതകളേയും നെഞ്ചെരിച്ചിലിനേയും എല്ലാം ഇല്ലാതാക്കുന്നു. ഒപ്പം സാമ്പാറും രസവും മോരും ഉള്‍പ്പടെയുള്ള വിഭവങ്ങളും ഇതേ ഗുണങ്ങള്‍ നല്‍കുന്നു.
അതുകൊണ്ട് തന്നെയാണ് പായസം കുടിച്ച് കഴിഞ്ഞതിന് ശേഷം അല്‍പം രസം കുടിക്കണം എന്ന് പറയുന്നത്. ഇത് ആരോഗ്യത്തിന് മികച്ചതാണ് എന്നത് തന്നെയാണ് കാരണം. മാത്രമല്ല ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.
#Onam, #Sadya, #KeralaCuisine, #TraditionalFood, #HealthBenefits, #OnamCelebration